അഹമ്മദാബാദ്: ഐപിഎല്ലിൽ, ഗുജറാത്ത് ടൈറ്റൻസിന് എതിരെ പഞ്ചാബ് കിങ്‌സിന് മൂന്നുവിക്കറ്റ് വിജയം. പഞ്ചാബ് 7 വിക്കറ്റ് നഷ്ടത്തിൽ 200 റൺസെടുത്തു. ഒരു പന്ത് ബാക്കി നിൽക്കെയാണ് ജയം. 29 പന്തിൽ പുറത്താകാതെ 61 റൺസെടുത്ത ശശാങ്ക് സിങ്ങും, അഷുതോഷ് ശർമയും ( 31), പ്രഭ്‌സിമ്രാൻ സിങ്ങുമാണ് ( 35) വിജയശിൽപികൾ. അർദ്ധ സെഞ്ചുറി നേടിയ ശശാങ്ക് അഷുതോഷിന് ഒപ്പം 43 രൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഗുജറാത്ത് ടൈറ്റൻസിന് വേണ്ടി നൂർ അഹമ്മദ് രണ്ടുവിക്കറ്റ് നേടി. ഇത് പഞ്ചാബിന്റെ രണ്ടാമത്തെ ജയമാണ്.

ശുഭ്മാൻ ഗില്ലിന്റെ തകർപ്പൻ ബാറ്റിംഗാണ് ഗുജറാത്ത് ടൈറ്റൻസിനെ മികച്ച ടോട്ടലിൽ എത്തിച്ചത്. 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 199 റൺസാണ് ഗുജറാത്ത് സ്‌കോർ ബോർഡിൽ നിറച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന ഗുജറാത്തിന് തുടക്കത്തിൽ തന്നെ ഒരു വിക്കറ്റ് നഷ്ടമായെങ്കിലും നായകൻ ഗിൽ ഒരുവശത്ത് ഉറച്ചുനിന്ന് റണ്ണുകൾ ഒഴുക്കി. 4 സിക്‌സറുകളും 6 ഫോറുകളും പായിച്ചുകൊണ്ട് ഗിൽ പുറത്താകാതെ 89 റൺസെടുത്തു.

ഐപിഎൽ 17ാം സീസണിലെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോറാണിത്. വൃദ്ധിമാൻ സാഹ 13 പന്തിൽ 11 റൺസെടുത്ത് പുറത്തായി. കെയ്ൻ വില്യംസൺ പുറത്തായ ശേഷം ക്രീസിലെത്തിയ സായ് സുദർശനുമായി ചേർന്ന് ഗിൽ മൂന്നാം വിക്കറ്റിൽ 32 പന്തിൽ 53 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. സായി സുദർശൻ 33 റൺസെടുത്തു. പിന്നാലെ എത്തിയ വിജയ് ശങ്കർ തിളങ്ങിയില്ലെങ്കിലും (10 പന്തിൽ 8) ഗില്ലുമായി ചേർന്ന് നാലാം വിക്കറ്റിൽ 42 റൺസ് ടൈറ്റൻസിന്റെ സ്‌കോർ ബോർഡിൽ ചേർത്തു. അവസാന ഓവറുകളിൽ ഗില്ലിനൊപ്പം തകർത്തടിച്ച രാഹുൽ തെവാത്തിയ ഒരു സിക്‌സറും 3 ഫോറുകളും സഹിതം 8 പന്തിൽ 23 റൺസ് നേടി.

പഞ്ചാബ് കിങ്‌സിന് വേണ്ടി കാഗിസോ റബാഡ രണ്ടുവിക്കറ്റ് വീഴ്‌ത്തി.