ന്യൂഡൽഹി: ലോകകപ്പിലെ ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യയുടെ ആദ്യ മത്സരത്തിൽ തരക്കേടില്ലാത്ത പ്രകടനമാണ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ നടത്തിയത്. പക്ഷേ ടൂർണമെന്റിലെ മറ്റ് മത്സരങ്ങളിൽ അശ്വിന് ബെഞ്ചിലിരിക്കേണ്ടി വന്നു. ആദ്യ മത്സരത്തിൽ 10 ഓവറിൽ 34 റൺസ് മാത്രം വഴങ്ങിയ അശ്വിൻ ഒരു വിക്കറ്റെടുക്കുയും ചെയ്തിരുന്നു. ഫൈനലിൽ അശ്വിനെ പുറത്തിരുത്തിയത് അടക്കം വിമർശനങ്ങൾക്ക് ഇടയാക്കിയതുമാണ്.

അക്‌സർ പട്ടേലിന് പരിക്കേറ്റതിനെ തുടർന്നാണ് ഇന്ത്യയുടെ 15 അംഗ ടീമിൽ അശ്വിനെ ഉൾപ്പെടുത്തിയത്. എന്നാൽ, ടൂർണമെന്റിനിടെ ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യക്ക് പരിക്കേറ്റതോടെ തന്ത്രങ്ങൾ മാറ്റാൻ ഇന്ത്യ നിർബന്ധിതമായി. ഇതുമൂലം ടൂർണമെന്റിൽ മറ്റൊരു മത്സരത്തിലും കളിക്കാൻ തനിക്ക് കഴിഞ്ഞില്ലെന്നും അശ്വിൻ പറഞ്ഞു.

ഒരു മത്സരം മാത്രം കളിച്ച് തന്റെ ലോകകപ്പിലെ യാത്ര അവസാനിപ്പിക്കേണ്ടി വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. നല്ല രീതിയിലാണ് താൻ പന്തെറിഞ്ഞിരുന്നത്. ധർമ്മശാലയിൽ ന്യൂസിലാൻഡിനെതിരായ മത്സരത്തിൽ തിരിച്ചു വരാൻ കഴിയുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, ഹാർദിക് പാണ്ഡ്യക്ക് പരിക്കേറ്റതോടെ ടീമിൽ ഓൾ റൗണ്ടർമാരുടെ അഭാവമുണ്ടായെന്നും അശ്വിൻ പറഞ്ഞു.

ലോകകപ്പിന് മുമ്പ് തന്നെ ഇന്ത്യൻ ടീമിനായി പരിശീലകൻ രാഹുൽ ദ്രാവിഡിനും ക്യാപ്റ്റൻ രോഹിത് ശർമ്മയും കൃത്യമായ പദ്ധതി തയാറാക്കിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.