- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഹുൽ ദ്രാവിഡ് ഇന്ത്യൻ കോച്ച് സ്ഥാനത്ത് തുടർന്നേക്കില്ല; പകരം ഐപിഎൽ ടീമിനൊപ്പം ചേരാൻ താൽപ്പര്യം; ലഖ്നൗ സൂപ്പർ ജയന്റ്‌സ് മെന്ററായി എത്തിയേക്കും; രാഹുലിനെ ഒപ്പം നിർത്താൻ രാജസ്ഥാനും
മുംബൈ: ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ് തൽസ്ഥാനത്ത് തുടരുമോ എന്ന കാര്യത്തിൽ ഇനിയും വ്യക്തത കൈവന്നിട്ടില്ല. ടീമിനെ ഫൈനലിൽ എത്തിച്ചെങ്കിലും കപ്പുയർത്താൻ അദ്ദേഹത്തിനും കുട്ടികൾക്കും സാധിച്ചിരുന്നില്ല. ഇതോടെ രാഹുൽ പരിശീലക സ്ഥാനം ഒഴിഞ്ഞേക്കുമെന്നാണ് സൂചനകൾ. ഇന്ത്യൻ ടീമിന്റെ കോച്ച് സ്ഥാനത്ത് തുടരാൻ അനുവദിച്ചില്ലെങ്കിൽ അദ്ദേഹം ഐപിഎൽ ടീമിനൊപ്പം ചേർന്നേക്കും.
ദ്രാവിഡ് ഐപിഎൽ ഫ്രഞ്ചൈസി ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് ചർച്ചകൾ നടത്തിയതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഇന്ത്യൻ ടീം പരിശീലക സ്ഥാനത്ത് ദ്രാവിഡ് തുടരുന്നതിൽ ബിസിസിഐ താത്പര്യം പ്രകടിപ്പിച്ചില്ലെങ്കിൽ അടുത്ത ഐപിഎൽ സീസണിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് മെന്ററായി രാഹുൽ എത്തും. രാജസ്ഥാൻ റോയൽസും ദ്രാവിഡിനെ സമീപിച്ചതായും റിപ്പോർട്ടുകളുണ്ട്.
ഏകദിന ലോകകപ്പോടെ ഇന്ത്യൻ പരിശീലക പദവിയിലെ ദ്രാവിഡിന്റെ കരാർ ഔദ്യോഗികമായി അവസാനിച്ചിരുന്നു. എന്നാൽ, കരാർ നീട്ടുന്നത് സംബന്ധിച്ച് ബിസിസിഐ ഇതുവരെ ഒരു അറിയിപ്പും പുറപ്പെടുവിച്ചിട്ടില്ല. രവി ശാസ്ത്രിയുടെ കാലാവധി അവസാനിച്ചതിന് പിന്നാലെ 2021-ലാണ് ദ്രാവിഡ് ഇന്ത്യൻ പരിശീലകനായി എത്തുന്നത്. രണ്ട് വർഷത്തേക്കുള്ള കരാറാണ് ഇപ്പോൾ അവസാനിച്ചിരിക്കുന്നത്.
ലോകകപ്പിന് ശേഷം ഓസ്ട്രേലിയയ്ക്കെതിരെ നടന്നുവരുന്ന ട്വന്റി-20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കുന്നതിന് വി.വി എസ്.ലക്ഷമണിനെയാണ് ബിസിസിഐ നിയോഗിച്ചിരിക്കുന്നത്.
ഇതിനിടെ ദ്രാവിഡുമായി ബിസിസിഐ വൃത്തങ്ങൾ ഉടൻ കൂടിക്കാഴ്ച നടത്തുമെന്നും ഭാവി തീരുമാനങ്ങൾ ചർച്ചചെയ്യുമെന്നും റിപ്പോർട്ടുകളുണ്ട്. കരാർ നീട്ടാൻ സാധ്യതയില്ലെന്നാണ് സൂചന. കുടുംബത്തോടൊപ്പം കൂടുതൽസമയം ചെലവഴിക്കണമെന്ന ആഗ്രഹം ദ്രാവിഡും പ്രകടിപ്പിച്ചതായാണ് വിവരം. ഇതിനിടയിലാണ് ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് ദ്രാവിഡിനെ സമീപിച്ചിരിക്കുന്നത്. നിലവിലെ മെന്റർ ഗൗതം ഗംഭീറിനോട് കഴിഞ്ഞ ദിവസം ലഖ്നൗ വിടപറഞ്ഞിരുന്നു. ഈ സ്ഥാനത്തേക്കാണ് പുതിയൊരാളെ പരിഗണിക്കുന്നത്.
സ്പോർട്സ് ഡെസ്ക്