പൂണെ: ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ രോഹിത് ശർമക്കും സീനിയർ താരം വിരാട് കോലിക്കും ഇന്ത്യൻ ട്വന്റി 20 ടീമിൽ ഇനി സ്ഥാനമുണ്ടാകില്ലെന്ന സൂചന നൽകി പരിശീലകൻ രാഹുൽ ദ്രാവിഡ്. ശ്രീലങ്കക്കെതിരാ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ 16 റൺസിനു തോറ്റ ഇന്ത്യൻ ടീമിനെ ന്യായീകരിച്ചുകൊണ്ടാണ് ദ്രാവിഡ് രോഹിത്തിന്റെയും കോലിയുടെയും രാജ്യാന്തര ട്വന്റി 20 കരിയറിന് വിരാമമായെന്ന സൂചന നൽകിയത്. ഇതോടെ മലയാളി താരം സഞ്ജു സാംസൺ അടക്കം യുവനിരയ്ക്ക് കൂടുതൽ അവസരം ലഭിക്കാൻ സാധ്യതയേറി.

ഓസ്‌ട്രേലിയയിൽ നടന്ന ട്വന്റി20 ലോകകപ്പിൽ ഇന്ത്യ സെമിഫൈനലിൽ പുറത്തായതിനു പിന്നാലെ ടീമിലെ സീനിയർ താരങ്ങളുടെ ഭാവി സംബന്ധിച്ച് ചോദ്യങ്ങൾ ഉയർന്നിരുന്നു. ക്യാപ്റ്റൻ രോഹിത് ശർമയുടെയും മുൻ ക്യാപ്റ്റൻ വിരാട് കോലിയുടെയും പേരുകളായിരുന്നു ഏറ്റവുമധികം ചർച്ചകളിൽ നിറഞ്ഞത്. ഇരുവരും ഇനി ട്വന്റി20യിൽ കളിക്കാനുള്ള സാധ്യത വിരളമാണെന്ന തരത്തിലായിരുന്നു ക്രിക്കറ്റ് ലോകത്തെ ചർച്ചകൾ. ഈ വിലയിരുത്തലുകൾക്ക് ബലം നൽകുന്നതാണ് ദ്രാവിഡിന്റെ വാക്കുകൾ.

2024ലെ ട്വന്റി20 ലോകകപ്പ് ലക്ഷ്യംവച്ച് ഒരു യുവ ടീമിനെ കെട്ടിപ്പടുക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞെന്നാണ് മുഖ്യപരിശീലകൻ രാഹുൽ ദ്രാവിഡ് നൽകുന്ന സൂചന. രോഹിത്തിന്റെയും കോലിയുടെയും പേരുകൾ ദ്രാവിഡ് എടുത്തു പറഞ്ഞില്ലെങ്കിലും ഈ വർഷം സ്വന്തം നാട്ടിൽ ഏകദിന ലോകകപ്പ് നടക്കാനിരിക്കെ സീനിയർ താരങ്ങളുടെ ശ്രദ്ധ ഇപ്പോൾ ഏകദിന ഫോർമാറ്റിലായിരിക്കുമെന്ന് ദ്രാവിഡ് പറയുന്നു.

''ട്വന്റി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ സെമിഫൈനലിൽ കളിച്ച 3-4 താരങ്ങൾ മാത്രമാണ് ശ്രീലങ്കയ്‌ക്കെതിരെ കളിക്കുന്നത്. ട്വന്റി20യിൽ അടുത്ത ഘട്ടത്തിലാണ് ഇന്ത്യൻ ടീം ഇപ്പോൾ. താരതമ്യേന യുവതാരങ്ങൾ മാത്രമുള്ള ടീം ശ്രീലങ്കയുടെ നിലവാരത്തിനനുസരിച്ച കളിക്കുന്നത് ഒരു മികച്ച അനുഭവമാണ്. ഏകദിന ലോകകപ്പിലും ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിലുമാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതിനാൽ ഈ യുവതാരങ്ങളെ ടി20യിൽ പരീക്ഷിക്കാൻ അവസരമൊരുങ്ങുന്നു.'' പുണെയിൽ നടന്ന രണ്ടാം ട്വന്റി20യിൽ ശ്രീലങ്കയോടേറ്റ തോൽവിക്കുശേഷം ദ്രാവിഡ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ശ്രീലങ്കയ്ക്കെതിരെ കളിച്ച ഇന്ത്യൻ ഇലവനിൽ ഹാർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ്, അക്ഷർ പട്ടേൽ, അർഷ്ദീപ് സിങ് എന്നിവർ മാത്രമാണ് ലോകകപ്പ് ടീമിലുണ്ടായിരുന്നത്. ലോകകപ്പിനു ശേഷം ന്യൂസീലൻഡിനും ശ്രീലങ്കയ്ക്കുമെതിരെ കളിച്ച ട്വന്റി20 പരമ്പരകളിൽ ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ നായകൻ. ഹാർദിക്കിനെ ട്വന്റി20യിൽ സ്ഥിരം നായകനാക്കുന്നതിനെക്കുറിച്ച് സെലക്ടർമാർ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും തുടർന്നുള്ള പരമ്പരകളിലും ഹാർദിക് തന്നെ നായകസ്ഥാനത്ത് തുടരാനാണ് സാധ്യത.

ഇന്ത്യയുടെ യുവനിരയുടെ പ്രകടനത്തെക്കുറിച്ച് ചോദിച്ചപ്പോൾ, ടീം മാനേജ്മെന്റും ആരാധകരും മറ്റുള്ളവരും ക്ഷമയോടെ കാത്തിരിക്കേണ്ടിവരുമെന്നായിരുന്നു ദ്രാവിഡിന്റെ പ്രതികരണം. ''വൈഡുകളോ നോബോളുകളോ എറിയാൻ ആരും ആഗ്രഹിക്കുന്നില്ല. ഈ ഫോർമാറ്റിൽ അതു നിങ്ങളെ വല്ലാതെ വേദനിപ്പിക്കും. ഈ കുട്ടികളുടെ കാര്യത്തിൽ നമ്മൾ ക്ഷമയോടെ കാത്തിരിക്കണം. കുട്ടികൾ കളിക്കുന്നത്, പ്രത്യേകിച്ച് ബോളിങ്ങിൽ. ചില സമയങ്ങളിൽ ഇതുപോലെയുള്ള മത്സരങ്ങൾ ഉണ്ടാകും. അത് നമ്മൾ മനസ്സിലാക്കണം. ഞങ്ങൾ അവരെ പിന്തുണയ്ക്കുകയും ശരിയായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നു. അവർ വളരെ കഴിവുള്ളവരാണ്, പഠിക്കട്ടെ. അതിനാൽ ക്ഷമയോടെ കാത്തിരിക്കണം.'' ദ്രാവിഡ് പറഞ്ഞു.