റായ്പൂർ: ന്യൂസീലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ടോസ്. ടോസ് നേടിയ ക്യാപ്റ്റൻ രോഹിത് ശർമ കിവീസിനെ ബാറ്റിങ്ങിനുവിട്ടു.ആദ്യം ബാറ്റ് ചെയ്യുന്ന ന്യൂസിലാന്റിന് 9 റൺസിനിടെ മൂന്ന് വിക്കറ്റുകൾ നഷ്്ടമായി.ഫിൻ അലനെയും ഡാറി മിച്ചലിനെയും മുഹമ്മദ് ഷമിയും ഹെന്ററി നിക്കോളസിനെ മുഹമ്മദ് സിറാജുമാണ് മടക്കിയത്.

ആദ്യ മത്സരം കളിച്ച ടീമിൽ മാറ്റങ്ങളില്ലാതെയാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. ന്യൂസീലൻഡിലും മാറ്റങ്ങളില്ല.ന്യൂസീലൻഡിനെതിരായ രണ്ടാം ഏകദിനം ഇന്നു നടക്കുമ്പോൾ പുതുവർഷത്തിലെ രണ്ടാം ഏകദിന പരമ്പരയാണ് ഇന്ത്യയുടെ ലക്ഷ്യം. കഴിഞ്ഞയാഴ്ച ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരിയിരുന്നു. ലോക റാങ്കിങ്ങിൽ ഒന്നാംസ്ഥാനക്കാരായ കിവീസിനെതിരായ പരമ്പര നേട്ടം ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യൻ ടീമിന്റെ ആത്മവിശ്വാസമുയർത്തും.

വിരാട് കോലിയുടെ ഉജ്വല തിരിച്ചുവരവ്, യുവതാരം ശുഭ്മൻ ഗില്ലിന്റെ തകർപ്പൻ ഫോം, മുഹമ്മദ് സിറാജിന്റെ വിക്കറ്റുവേട്ട... സൂപ്പർതാരങ്ങളുടെ മിന്നും പ്രകടനത്തിനിടയിലും ഇന്ത്യൻ ആരാധകരെ അലട്ടുന്ന ഒരു നിരാശയുണ്ട്; ക്യാപ്റ്റൻ ഹിറ്റ്മാന്റെ സെഞ്ചറി വരൾച്ച. ഏകദിന ക്രിക്കറ്റിൽ രോഹിത്തിന്റെ അവസാന സെഞ്ചറി 3 വർഷം മുൻപായിരുന്നു. കഴിഞ്ഞവർഷം സെപ്റ്റംബറിൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിലാണ് രാജ്യാന്തര ക്രിക്കറ്റിൽ അവസാനമായി രോഹിത് മൂന്നക്കം കടന്നത്.

അതിനുശേഷം സെഞ്ചറിയില്ലാതെ 52 മത്സരങ്ങൾ കളിച്ചു. പരമ്പരയിലെ അവശേഷിക്കുന്ന 2 മത്സരങ്ങളിലൂടെ ഹിറ്റ്മാൻ പഴയ പ്രതാപത്തിലേക്കു തിരിച്ചെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. റായ്പുർ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ആദ്യ രാജ്യാന്തര മത്സരമാണ് ഇന്നത്തേത്. നീളം കൂടിയ ബൗണ്ടറികളാണ് റായ്പുരിന്റെ പ്രത്യേകത. 2020ലെ രഞ്ജി സീസണിനുശേഷം പ്രധാനപ്പെട്ട മത്സരങ്ങളൊന്നും ഇവിടെ നടന്നിട്ടില്ല. സ്റ്റേഡിയത്തിന് 60,000 കാണികളെ ഉൾക്കൊള്ളാനാകും.