ഗുവഹാത്തി: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെ തകർത്ത് രാജസ്ഥാന് രണ്ടാം വിജയം. 57 റൺസിനാണു രാജസ്ഥാൻ റോയൽസിന്റെ വിജയം. 200 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹിക്ക് 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 142 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഡൽഹി ക്യാപ്റ്റൻ ഡേവിഡ് വാർണർ 55 പന്തിൽ 65 റൺസെടുത്തു പുറത്തായി. രണ്ടാം ജയത്തോടെ രാജസ്ഥാൻ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. കളിച്ച മുന്ന് മത്സരങ്ങളിലും തോറ്റ ഡൽഹി ഒൻപതാം സ്ഥാനത്താണ്.

ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ മികവ് പുലർത്തി 57 റൺസിന്റെ വിജയമാണ് രാജസ്ഥാൻ കുറിച്ചത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 199 റൺസാണ് എടുത്തത്. റോയൽസിന് വേണ്ടി ജോസ് ബട്‌ലറും (79) യശ്വസി ജയ്‌സ്‌വാളും (60) അർധ സെഞ്ചുറി നേടി.അവസാന ഓവറുകളിൽ തകർത്തടിച്ച ഷിമ്രോൺ ഹെറ്റ്‌മെയറിന്റെ (39*) പ്രകടനവും നിർണായകമായി. ഡൽഹി ക്യാപിറ്റൽസിന് വേണ്ടി മുകേഷ് കുമാർ രണ്ട് വിക്കറ്റുകൾ വീഴ്‌ത്തി. മറുപടി ബാറ്റിംഗിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 142 റൺസെടുക്കാനേ ഡൽഹിക്ക് കഴിഞ്ഞുള്ളൂ.

അർധ സെഞ്ചുറി നേടിയ ഡേവിഡ് വാർണർക്ക് (65) മാത്രമാണ് ക്യാപിറ്റൽസ് നിരയിൽ മികവ് പുറത്തെടുക്കാനായുള്ളൂ. 38 റൺസെടുത്ത ലളിത് യാദവും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. രാജസ്ഥാന് വേണ്ടി ട്രെൻഡ് ബോൾട്ടും ചഹലും മൂന്ന് വിക്കറ്റുകൾ വീതം വീഴ്‌ത്തി.വലിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശാനിറങ്ങിയ ഡൽഹി ക്യാപിറ്റൽസിന് ഒട്ടും ആഗ്രഹിക്കാത്ത തുടക്കമാണ് ലഭിച്ചത്. ഇംപാക്ട് പ്ലെയറായി വന്ന പൃഥ്വി ഷാ രാജസ്ഥാൻ നായകൻ സഞ്ജുവിന്റെ കിടിലൻ ക്യാച്ചിൽ പുറത്തായി. ട്രെൻഡ് ബോൾട്ട് എറിഞ്ഞ ആദ്യ ഓവറിലെ മൂന്നാം പന്തിൽ തന്നെ സഞ്ജുവിന് ക്യാച്ച് നൽകി പൃഥ്വി ഷാ മടങ്ങുകയായിരുന്നു. തൊട്ടടുത്ത പന്തിൽ മനീഷ് പാണ്ഡെയെയും പുറത്താക്കി ബോൾട്ട് ആഞ്ഞടിച്ചതോടെ ഡൽഹി പരുങ്ങി. 12 പന്തിൽ 14 റൺസെടുത്ത റിലി റൂസൗവിനെ അശ്വിനും മടക്കിയതോടെ രാജസ്ഥാൻ ആവേശത്തിലായി.

ഒരറ്റത്ത് വിക്കറ്റ് കാത്തുസൂക്ഷിച്ച നായകൻ ഡേവിഡ് വാർണർക്കൊപ്പം ലളിത് യാദവ് ചേർന്നതോടെയാണ് ഡൽഹി താളം കണ്ടെത്തിയത്. ഇരുവരും ചേർന്ന് ഡൽഹിയെ കരകയറ്റിയതോടെ സഞ്ജു തന്റെ തുറുപ്പ് ചീട്ടിനെ വീണ്ടും കളത്തിലിറക്കി. തന്റെ അവസാന ഓവറിലെ അവസാന പന്തിൽ ലളിത് യാദവിന്റെ സ്റ്റംമ്പുകൾ തെറിപ്പിച്ചാണ് ബോൾട്ട് ക്യാപ്റ്റന്റെ വിശ്വാസം കാത്തത്. 24 പന്തിൽ 38 റൺസാണ് ലളിത് യാദവ് നേടിയത്.

തുടർന്ന് വന്ന അക്‌സർ പട്ടേലിനും റോവ്മാൻ പവലിനും അധികം നേരം ക്രീസിൽ ചെലവഴിക്കാനുള്ള അവസരം റോയൽസ് നൽകിയില്ല. ഇതിനിടെ വാർണറെ മുരുകൻ അശ്വിൻ കുടുക്കിയെങ്കിലും സർക്കിളിലെ ഫീൽഡർമാരുടെ എണ്ണത്തിലെ പ്രശ്‌നം കാരണം അമ്പയർ നോ ബോൾ വിളിച്ചു. എന്നാൽ, വാർണർക്കും രക്ഷിക്കാനാവാത്ത വിധം ഡൽഹിയിൽ നിന്ന് മത്സരം കൈവിട്ട് പോയിരുന്നു. ഒടുവിൽ ചഹൽ വാർണറെയും പുറത്താക്കിയതോടെ മിന്നുന്ന വിജയം തന്നെ രാജസ്ഥാൻ പേരിലെഴുതി.

ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാൻ റോയൽസിന് ഡൽഹി ക്യാപിറ്റൽസിനെതിരെ മിന്നുന്ന തുടക്കമാണ് ലഭിച്ചത്. റോയൽസ് പവർപ്ലേയിൽ തകർപ്പൻ അടിയുമായി കുതിച്ചു. പവർ പ്ലേയിലെ ആറ് ഓവർ അവസാനിച്ചപ്പോൾ വിക്കറ്റ് നഷ്ടം കൂടാതെ 68 റൺസ് എന്ന നിലയിലായിരുന്നു രാജസ്ഥാൻ. പരിക്ക് മൂലം കളിക്കാൻ സാധ്യതയില്ലെന്ന് വിലയിരുത്തപ്പെട്ടിരുന്ന ബട്‌ലർ ടീമിലുണ്ടെന്ന് അറിഞ്ഞപ്പോൾ തന്നെ രാജസ്ഥാൻ ആരാധകർ ആവേശത്തിലായിരുന്നു. അതിന് ചേർന്ന തുടക്കമാണ് ടീമിന് ലഭിച്ചതും. ഖലീൽ അഹമ്മദ്, ആന്റിച്ച് നോർജെ എന്നിവരെ തലങ്ങും വിലങ്ങും പായിച്ച് കൊണ്ടായിരുന്നു രാജസ്ഥാന്റെ തുടക്കം.

ജയ്‌സ്‌വാളായിരുന്നു കൂടുതൽ അപകടകാരി. നാലാമത്തെ ഓവറിൽ തന്നെ ടീം സ്‌കോർ 50ൽ എത്തി. എന്നാൽ, എട്ടാം ഓവറിൽ ജയ്‌സ്‌വാളിനെ മുകേഷ് കുമാർ പുറത്താക്കി. 31 പന്തിൽ 60 റൺസാണ് താരം അടിച്ചുകൂട്ടിയത്. പിന്നാലെ എത്തിയ സഞ്ജവിനും (0) റിയാൻ പരാഗിനും (7) കാര്യമായി ഒന്നും ചെയ്യാനായില്ല. കുൽദീപ് യാദവിനെ സിക്‌സ് അടിക്കാനുള്ള സഞ്ജുവിന്റെ ശ്രമമാണ് പുറത്താകലിൽ കലാശിച്ചത്. ആന്റിച്ച് നോർജെയാണ് ലോംഗ് ഓണിൽ ക്യാച്ച് എടുത്തത്.

റോവ്മാൻ പവൽ പരാഗിന്റെ വിക്കറ്റ് തെറിപ്പിക്കുകയായിരുന്നു. എന്നാൽ, ഒരറ്റത്ത് പിടിച്ച നിന്ന് ജോസ് ബട്‌ലറിലായിരുന്നു രാജസ്ഥാന്റെ പ്രതീക്ഷകൾ. തുടരെ മൂന്ന് വിക്കറ്റുകൾ പോയതോടെ ഡൽഹി അധികം റൺസ് വിട്ടുകൊടുക്കാതെ മത്സരത്തിലേക്ക് തിരികെ വന്നു. അവസാന ഓവറുകളായതോടെ ബട്‌ലറും ഷിമ്രോൺ ഹെറ്റ്‌മെയറും തകർത്തടിച്ചതോടെയാണ് രാജസ്ഥാൻ വീണ്ടും ട്രാക്കിലായത്. 18-ാം ഓവറിൽ മുകേഷ് കുമാറിന്റെ കിടലിൻ ത്രോയിൽ അപ്രതീക്ഷിതമായി ബട്‌ലർ റൺ ഔട്ടാവുകയായിരുന്നു. പിന്നാലെയെത്തിയ ധ്രുവ് ജുറൽ ആദ്യ പന്തിൽ തന്നെ സിക്‌സ് അടിച്ചാണ് തുടങ്ങിയത്. അവസാന ഓവറിൽ ഹെറ്റ്‌മെയറിന്റെ സിക്‌സുകളും വന്നതോടെ രാജസ്ഥാൻ അനായാസം 200 കടക്കുമെന്ന് തോന്നിച്ചെങ്കിലും നോർജെ 199ൽ പിടിച്ച് നിർത്തി.