ചെന്നൈ: ഐപിഎൽ 2021 സീസണിൽ ടീമിന്റെ നിരാശാജനകമായ പ്രകടനത്തിന് ശേഷം ക്യാപ്റ്റൻ സാഞ്ജു സാംസണോട് ഏതെങ്കിലും വലിയ ടീമിൽ ചേരാൻ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ താരത്തിന്റെ മറുപടി ഞെട്ടിച്ചുവെന്നും രാജസ്ഥാൻ റോയൽസ് ട്രെയിനർ എ ടി രാജാമണി. എന്നാൽ രാജസ്ഥാൻ റോയൽസിനെ വലിയ ടീമാക്കി മാറ്റാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അശ്വിനെയും ചാഹലിനെയും പ്രസിദ്ധ കൃഷ്ണയെയും പോലുള്ള വലിയ താരങ്ങളെ ലേലത്തിൽ ടീമിലെത്തിക്കണമെന്നും സഞ്ജു പറഞ്ഞതായി രാജസ്ഥാന്റെ സ്‌ട്രെങ്ത് ആൻഡ് കണ്ടീഷണിങ് കോച്ച് ആയ രാജാമണി സ്പോർട്സ് വികടന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ടീമിനെക്കുറിച്ച് സഞ്ജുവിന് ഒരു കാഴ്ചപ്പാടുണ്ടെന്നും രാജാമണി പറഞ്ഞു.

''ക്യാപ്റ്റനെന്ന നിലയിൽ സഞ്ജുവും ട്രെയിനറായി ഞാനും പ്രവർത്തിച്ച ആദ്യ സീസൺ രാജസ്ഥാൻ റോയൽസ് മോശം നിലയിലായിരുന്നു. ദുബായിൽ വലിയ തോൽവി വഴങ്ങിയ ദിവസം സഞ്ജു വളരെ നിരാശനായി. പുലർച്ചെ രണ്ടു മണിയോടെ സഞ്ജുവുമായി ഞാൻ സംസാരിച്ചിരുന്നു. ക്യാപ്റ്റനെന്ന നിലയിൽ ആദ്യ വർഷമാണ്. ഇന്ത്യയിലെ മറ്റേതെങ്കിലും ക്ലബിലേക്കു പോകാമെന്നു ഞാൻ സഞ്ജുവിനോടു പറഞ്ഞു. എത്ര വലിയ ടീമിലേക്കും നമുക്കു പോകാം, എന്നാൽ സഞ്ജു പറഞ്ഞത്, അണ്ണാ, ഈ ടീമിനെ നമുക്ക് വലിയ ടീമാക്കി മാറ്റാമെന്നാണ്. ഈ ടീമിനെ വലിയ ടീമാക്കാൻ എല്ലാ കുതിരകളെയും കൊണ്ടുവരണമെന്നാണ് പറഞ്ഞത്'' രാജാമണി വ്യക്തമാക്കി.

അപ്പോഴാണ് പറഞ്ഞത് അശ്വിനെ കൊണ്ടുവരാം, ചാഹലിനെ കൊണ്ടുവരാം, പ്രസിദ്ധ് കൃഷ്ണയെ കൊണ്ടുവരാമെന്നൊക്കെ. സഞ്ജു സാംസൺ എന്നെ സംബന്ധിച്ചിടത്തോളം രണ്ടാം എം എസ് ധോണിയാണ്. അവൻ മാത്രം സുഖമായി ഇരിക്കണമെന്നല്ല എപ്പോഴും കരുതുന്നത്. കൂടെയുള്ളവരും നന്നായി ഇരിക്കണമെന്ന് അവന് നിർബന്ധമാണ്. അവന് കിട്ടുന്ന ഐപിഎൽ പ്രതിഫലമായ 15 കോടിയിൽ നിന്ന് രണ്ട് കോടി രൂപ അവൻ ടീമിന് തന്നെ തിരിച്ചു നൽകി യുവതാരങ്ങളുടെയും ആഭ്യന്തര ക്രിക്കറ്റിലെ കളിക്കാരുടെയും പരിശീലനത്തിനായി നീക്കിവെച്ചിട്ടുണ്ട്.

'' സഞ്ജു പരിശീലന സമയങ്ങളിൽ വലിയ ഒരു ഹോട്ടൽ ഫ്‌ളോറാണ് എടുക്കുന്നത്. ഭാര്യ, മാനേജർമാർ തുടങ്ങി എല്ലാവരും അവിടെയുണ്ടാകും. ഞാൻ വെസ്റ്റിൻഡീസിൽനിന്നു വന്നപ്പോൾ പരിശീലിക്കാനായി സഞ്ജു എന്നെ വിളിച്ചിരുന്നു. ഹോട്ടലിലേക്ക് എന്റെ ഭാര്യയ്ക്കും മകനും സ്യൂട്ട് റൂം ബുക്ക് ചെയ്തു നൽകിയതു സഞ്ജുവാണ്. അതിന്റെ വാടക മാത്രം 45,000 രൂപ വരും.'' രാജാമണി വ്യക്തമാക്കി.

'എനിക്ക് ഒരു അസിസ്റ്റന്റിനെ തരും. രാജസ്ഥാൻ റോയൽസ് വാഹനം തന്നിട്ടുണ്ടെങ്കിലും, വേറെ വാഹനം സഞ്ജു മുൻകൈയെടുത്ത് നൽകിയിട്ടുണ്ട്. സഞ്ജു മാത്രം നന്നാകണമെന്ന് ഒരിക്കലും അവൻ ആഗ്രഹിക്കില്ല. സ്വന്തം കാര്യം മാത്രം നോക്കില്ല. കൂടെയുള്ള എല്ലാവരും നന്നാകണമെന്നാണ് സഞ്ജുവിന്റെ താൽപര്യം. കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരം സഞ്ജുവാണ്. സഞ്ജു വാങ്ങുന്ന 15 കോടിയിൽ രണ്ടു കോടി യുവ താരങ്ങളുടെ പരിശീലനത്തിനായി ഞങ്ങളുടെ കമ്പനിക്കു തന്നെ തിരിച്ചുതരുന്നുണ്ട്.''

''ഒരു ഹോട്ടലിൽ പോയാൽ രാജസ്ഥാന്റെ താരങ്ങൾ ഭക്ഷണം കഴിക്കുന്നുണ്ടെങ്കിൽ അവരുടെയെല്ലാം ബിൽ കൊടുത്തിട്ട് സഞ്ജു മിണ്ടാതെ പോകും. അതാണ് അദ്ദേഹത്തിന്റെ ക്വാളിറ്റി. അതുകൊണ്ടു തന്നെ ദൈവം സഞ്ജുവിന് നല്ലതു മാത്രം നൽകും. സഞ്ജുവിന് ഇന്ത്യൻ ടീം, ഐപിഎൽ അങ്ങനെ ഇല്ല. വളരെ കഠിനാധ്വാനിയായ ക്രിക്കറ്ററാണ് സഞ്ജു. രാവിലെ പരിശീലനം കഴിഞ്ഞ് ഞങ്ങൾ നടന്നാണു പോകുന്നത്. അല്ലെങ്കിൽ സൈക്കിളിലോ, ഓട്ടോയിലോ പോകും. രാവിലത്തെ പരിശീലനത്തിനു ശേഷം ചെറിയ ഇടവേള കഴിഞ്ഞു വീണ്ടും പരിശീലനം തുടങ്ങും.''

''രാവിലെ പത്തു മുതൽ 12 മണിവരെ വിശ്രമമില്ലാതെ പരിശീലിക്കും. പിന്നീട് 1.30 ന് തുടങ്ങിയാൽ നാലു മണിവരെ വീണ്ടും ബാറ്റിങ്. അതിന് ശേഷം അപ്പർ ബോഡി സെഷൻ തുടങ്ങും. രാത്രി എട്ടു മണിയാകും സഞ്ജു വീട്ടിലേക്കു മടങ്ങുമ്പോൾ. അത്രയും കഠിനാധ്വാനം ചെയ്യുന്നുണ്ട്. അതൊന്നും പാഴാകില്ല. ഉടൻ തന്നെ ഇന്ത്യൻ ടീമിൽ പ്രധാന സ്ഥാനത്ത് സഞ്ജുവുണ്ടാകും.'' രാജാമണി വ്യക്തമാക്കി.

അവൻ സമ്പാദിക്കുന്നത് അവന് മാത്രമല്ല, അവന്റെ ചുറ്റുമുള്ളവർക്ക് കൂടി പങ്കിടുന്ന താരമാണെന്നും രാജാമണി പറഞ്ഞു. ഇന്ത്യൻ ടീമിൽ സഞ്ജുവിന് നല്ല ഭാവിയുണ്ട്. സഞ്ജു കഠിനാധ്വാനിയായ ക്രിക്കറ്ററാണ്. ഇന്ത്യൻ ടീമായാലും ഐപിഎല്ലായാലും അവന് ക്രിക്കറ്റ് കളിക്കണമെന്നതാണ് അഗ്രഹം. സഞ്ജുവിന്റെ അറിയാത്ത ഒരുപാട് കഴിവുകൾ ഇനിയും പുറത്തുവരാനിരിക്കുന്നതേയുള്ളു. ഈ സീസണിൽ ഞങ്ങൾക്ക് ആദ്യ പകുതി നല്ലതായിരുന്നു. പക്ഷെ ലഖ്‌നൗവിനെതിരായ മത്സരം തോറ്റതോടെയാണ് ഞങ്ങളുടെ വിജയത്തുടർച്ച നഷ്ടമായത്. എല്ലാ മത്സരങ്ങൾക്കും ഒരു മോശം കളിയുണ്ടാകും. ഞങ്ങൾക്ക് ഇത്തവണ രണ്ട് മത്സരങ്ങൾ അത്തരത്തിൽ മോശം കളിയായിരുന്നുവെന്നും രാജാമണി പറഞ്ഞു.