- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജസ്ഥാന് കൊൽക്കത്തയ്ക്ക് എതിരെ രണ്ടുവിക്കറ്റ് ജയം
കൊൽക്കത്ത: കൊൽക്കത്തയ്ക്കും ജയത്തിനും ഇടയിൽ കളിച്ചത് തകർപ്പൻ സെഞ്ചുറി നേടിയ ജോസ് ബട്‌ലർ. ഈഡൻ ഗാർഡൻസിൽ നടന്ന ത്രില്ലറിൽ രാജസ്ഥാൻ റോയൽസിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് എതിരെ രണ്ടുവിക്കറ്റ് ജയം. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ റൺ ചേസാണിത്. ജയത്തോടെ രാജസ്ഥാൻ പോയിന്റ് പട്ടികയിൽ ലീഡ് ചെയ്യുന്നു. ഏഴ് കളിയിൽ ആറ് ജയം. അതേസമയം, കൊൽക്കത്ത സീസണിലെ രണ്ടാം തോൽവിയെയാണ് നേരിടുന്നത്. എന്നിരുന്നാലും പോയിന്റ് പട്ടികയിൽ രണ്ടാമതാണ്.
എങ്ങോട്ട് വേണമെങ്കിലും തിരിയാവുന്ന കളിയിൽ, അവസാന പന്തിൽ രാജസ്ഥാന്റെ വിജയറൺ ബട്ട്ലർ നേടുമ്പോൾ ടീം ആഘോഷങ്ങളിലേക്ക് കടന്നു. 224 റൺസ് വിജയലക്ഷ്യം എട്ടു വിക്കറ്റ് നഷ്ടത്തിൽ രാജസ്ഥാൻ മറികടന്നു. സീസണിലെ രണ്ടാം സെഞ്ചുറിയാണ് ബട്ട്ലർ നേടിയത്. 60 പന്തിൽ നിന്ന് ഒമ്പത് ഫോറും ആറ് സിക്സും പറത്തി 107 റൺസോടെ പുറത്താകാതെ നിന്നു. 18 പന്തിൽ ജയിക്കാൻ മൂന്ന് വിക്കറ്റ് ശേഷിക്കേ 46 റൺസ് വേണമെന്ന ഘട്ടത്തിലാണ് ബട്‌ലർ വിശ്വരൂപം പുറത്തെടുത്തത്. അവസാന പന്ത് ബൗണ്ടറി കടത്തിയാണ് ബട്‌ലർ ആവേശജയം സമ്മാനിച്ചത്.
നേരത്തെ സുനിൽ നരെയ്‌ന്റെ കന്നി സെഞ്ചുറിയുടെ ചിറകിലേറിയാണ് കൊൽക്കത്ത ആറ് വിക്കറ്റ് നഷ്ടത്തിൽ 223 റൺസ് എന്ന കൂറ്റൻ സ്‌കോറിലെത്തിയത്. നരെയ്ൻ 109 (56) റൺസും, അംഗരീഷ് രഘുവംശി 30 റൺസും അവസാന ഓവറുകളിൽ റിങ്കു സിങ് 20(9) നേടി.
മോശം തുടക്കത്തിൽ നിന്നാണ് കൊൽക്കത്ത കര കയറിയത്. ഫിൽ സാൾട്ടിനെ (10) ആവേഷ് റിട്ടേൺ ക്യാച്ചിൽ മടക്കിയെങ്കിലും. മൂന്നാം വിക്കറ്റിൽ അംഗ്രിഷ് രഘുവംശി (30) നരെയ്ൻ സഖ്യം 85 റൺസ് കൂട്ടിചേർത്തു. 11-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. രഘുവംശിയെ കുൽദീപ് സെൻ മടക്കി. ശ്രേയസ് അയ്യർ (11), ആന്ദ്രേ റസ്സൽ (13), വെങ്കിടേഷ് അയ്യർ (8) പെട്ടന്ന് മടങ്ങിയെങ്കിലും നരെയ്ൻ ഒരറ്റത്ത് ഉറച്ച് നിന്നു. 18-ാം ഓവറിലാണ് നരെയ്ൻ മടങ്ങുന്നത്. ആറ് സിക്സും 13 ഫോറും താരത്തിന്റെ ഇന്നിങ്സിൽ ഉണ്ടായിരുന്നു. റിങ്കുവിനൊപ്പം രമൺദീപ് സിങ് (1) പുറത്താവാതെ നിന്നു.രാജസ്ഥാൻ റോയൽസിന് വേണ്ടി ആവേശ് ഖാനും, കുൽദീപ് സെന്നും രണ്ടുവിക്കറ്റ് വീതം വീഴ്‌ത്തി.