ലക്‌നൗ: സഞ്ജു സാംസൺ-ധ്രുവ് ജുറേൽ റെക്കോഡ് കൂട്ടുകെട്ടിന്റെ കരുത്തിൽ, ലക്‌നൗ സൂപ്പർ ജയന്റ്‌സിന് എതിരെ രാജസ്ഥാൻ റോയൽസിന് 7 വിക്കറ്റ് ജയം. ഇത് രാജസ്ഥാന്റെ തുടർച്ചയായ നാലാം ജയമാണ്.

സഞ്ജുവും ജുറേലും ചേർന്ന 121 റൺസ് കൂട്ടുകെട്ട് നാലാം വിക്കറ്റിൽ ഐപിഎല്ലിലെ രാജസ്ഥാന്റെ ഏറ്റവും ഉയർന്ന സ്‌കോറാണ്. 197 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാൻ ഒരു ഓവർ ബാക്കി നിൽക്കെ ജയിച്ചുകയറി. നാല് സിക്സും ഏഴ് ഫോറും ചേർന്ന സഞ്ജുവിന്റെ അർധ സെഞ്ചുറിയും (33 പന്തിൽ 71) രണ്ട് സിക്സും അഞ്ച് ഫോറും ചേർന്നധ്രുവ് ജുറേലിന്റെ അർധ സെഞ്ചുറിയും (34 പന്തിൽ 52) ചേർന്നപ്പോൾ രാജസ്ഥാൻ ജയത്തിലേക്ക് കുതിച്ചു.

ജോഷ് ബട്ലറും യശസ്വി ജയ്സ്വാളും ചേർന്ന് മികച്ച തുടക്കമാണ് റോയൽസിന് നൽകിയത്. ആദ്യ അഞ്ചോവറുകൾ അടിച്ചു തകർത്ത ഈ കൂട്ടുകെട്ട് യഷ് താക്കൂറെറിഞ്ഞ ആറാം ഓവറിൽ തകർന്നു. 18 പന്തിൽ 34 റൺസാണ് ബട്ലർ നേടിയത്.മാർകസ് സ്റ്റോയിനിസ് എറിഞ്ഞ അടുത്ത ഓവറിൽ യശസ്വി ജയ്സ്വാളും (18 പന്തിൽ 24) മടങ്ങി.

ലഖ്നൗവിനുവേണ്ടി യഷ് താക്കൂർ, മാർക്കസ് സ്റ്റോയ്നിസ്, അമിത് മിശ്ര എന്നിവർ ഓരോ വിക്കറ്റ് വീഴ്‌ത്തി. നാലോവറിൽ 52 റൺസ് വിട്ടുകൊടുത്ത മൊഹ്സിൻ ഖാനാണ് കൂടുതൽ റൺസ് വഴങ്ങിയത്.

സ്‌കോർ: ലക്‌നൗ: 196/5(20.0), രാജസ്ഥാൻ: 199/3(19.0)

നേരത്തെ നായകൻ കെ എൽ രാഹുൽ(76) ദീപക് ഹൂഡ(50) എന്നിവരുടെ മികവിലാണ് ലക്‌നൗ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 196 റൺസെടുത്തത്. പേസർമാരായ ട്രെൻഡ് ബോൾട്ടും സന്ദീപ് ശർമയും ക്വിന്റൺ ഡി കോക്കിനെയും(8), മാർകസ് സ്‌റ്റോയിനസിനെയും(0) മടക്കി അയച്ച ശേഷമാണ് രാഹുലും ഹൂഡയും നിലയുറപ്പിച്ചത്. മൂ്ന്നാം വിക്കറ്റിൽ 115 റൺസിന്റെ കൂട്ടുകെട്ടാണ് ലക്‌നൗവിനെ മികച്ച സ്‌കോറിലെത്തിച്ചത്.

ടോസ് നേടിയ രാജസ്ഥാൻ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇരുടീമിലും നായകന്മാരാണ് ഇന്ന് മികച്ച പ്രകടനം കാഴ്ച വച്ചതെന്ന സവിശേഷതയും ഉണ്ട്.