തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ ഛത്തീസ്‌ഗഢിനെ കറക്കിവീഴ്‌ത്തി കേരളം. തുമ്പ, സെന്റ് സേവ്യേഴ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഛത്തീസ്‌ഗഢിനെ 49.5 ഓവറിൽ 149 റൺസിന് പുറത്താക്കി. അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ ഓൾ റൗണ്ടർ ജലജ് സക്സേനയാണ് തകർത്തത്. 18.5 ഓവറുകൾ പന്തെറിഞ്ഞ സക്‌സേന 48 റൺസ് മാത്രമാണു വഴങ്ങിയത്.

വൈശാഖ് ചന്ദ്രൻ, സച്ചിൻ ബേബി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. ബേസിൽ എൻ.പി. ഒരു വിക്കറ്റ് വീഴ്‌ത്തി. 40 റൺസ് നേടിയ നായകൻ ഹർപ്രീത് സിങ് ഭാട്ടിയയാണ് ഛത്തീസ്‌ഗഢിന്റെ ടോപ് സ്‌കോറർ. 79 റൺസെടുക്കുന്നതിനിടെ ഏഴു വിക്കറ്റുകൾ നഷ്ടമായ ഛത്തീസ്‌ഗഡിനെ വാലറ്റത്തിന്റെ ചെറുത്തുനിൽപാണ് 149 എന്ന സ്‌കോറിലെത്തിച്ചത്.

മറുപടി ബാറ്റിങ്ങിൽ കേരളം ആദ്യ ദിനം കളി നിർത്തുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 100 റൺസെന്ന നിലയിലാണ്. ഓപ്പണർമാരായ പി. രാഹുൽ (58 പന്തിൽ 24), രോഹൻ എസ്. കുന്നുമ്മൽ (50 പന്തിൽ 31) എന്നിവരാണു പുറത്തായത്. രോഹൻ പ്രേമും (71 പന്തിൽ 29), സച്ചിൻ ബേബിയും (49 പന്തിൽ 11) ക്രീസിലുണ്ട്.

രാജസ്ഥാനെതിരെ കളിച്ച ടീമിൽ നിന്ന് മൂന്ന് മാറ്റവുമായിട്ടാണ് കേരളം ഇറങ്ങിയത്. രോഹൻ കുന്നുമ്മൽ തിരിച്ചെത്തി. യുവതാരം ഷോൺ ജോർജാണ് വഴിമാറി കൊടുത്തത്. ബേസിൽ തമ്പിക്ക് പകരം എൻ പി ബേസിലും എം ഡി നിതീഷ് പകരം വൈശാഖ് ചന്ദ്രനും ടീമിലെത്തി.

തുടക്കം മുതൽ ഛത്തീസ്‌ഗഢിനെ പ്രതിരോധത്തിലാക്കാൻ കേരളത്തിനായിരുന്നു. സ്‌കോർബോർഡിൽ 20 റൺസ് മാത്രമുള്ളപ്പോൾ ഓപ്പണർമാരായ സാനിദ്ധ്യ ഹർകത് (11), റിഷഭ് തിവാരി (8) എന്നിവർ പവലിയനിൽ തിരിച്ചെത്തി. 55 റൺസായപ്പോൾ അജയ് മണ്ഡൽ (12), അമൻദീപ് ഖരെ (0) എന്നിവരും മടങ്ങി. ശശാങ്ക് സിങ് (2), എംഎസ്എസ് ഹുസൈൻ (2) തുടങ്ങിയവും നിരാശപ്പെടുത്തിയതോടെ ഛത്തീസ്‌ഗഢിന് പിടിച്ചുനിൽക്കാനായില്ല. വാലറ്റത്ത് മായങ്ക് യാദവ് (പുറത്താവാതെ 29), സൗരഭ് മജൂംദാർ (19) എന്നിവരുടെ ഇന്നിങ്സണ് ഛത്തീസ്‌ഗഢിന്റെ സ്‌കോർ 100 കടത്തിയത്.

കേരളത്തിന് ഒരു ജയവും ഒരു സമനിലയുമാണുള്ളത്. ആദ്യ മത്സരത്തിൽ ഝാർഖണ്ഡിനെതിരെ കേരളം ജയിച്ചിരുന്നു. എന്നാൽ രാജസ്ഥാനെതിരായ രണ്ടാം മത്സരത്തിൽ സമനില വഴങ്ങി. മാത്രമല്ല, ആദ്യ ഇന്നിങ്സിൽ ലീഡ് വഴങ്ങിയതും കേരളത്തിന് തിരിച്ചടിയായിരുന്നു.