തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ കർണാടകയ്ക്ക് എതിരെ ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങി പ്രതിരോധത്തിലായ കേരളത്തിന് ഒടുവിൽ സമനില. എലൈറ്റ് ഗ്രൂപ്പ് സിയിൽ കരുത്തരായ കർണാടകയ്ക്ക് എതിരെ 143 റൺസിന്റെ ഒന്നാം ഇന്നിങ്‌സ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സിൽ ബാറ്റിങ് തകർച്ച നേരിട്ട കേരളത്തെ സച്ചിൻ ബേബിയും സൽമാൻ നിസാറും പ്രതിരോധം തീർത്താണ് സമനിലയിൽ എത്തിച്ചത്.

കേരളം രണ്ടാം ഇന്നിങ്സിൽ നാല് വിക്കറ്റിന് 96 റൺസെന്ന നിലയിൽ നിൽക്കേ മത്സരം സമനിലയിൽ അവസാനിക്കുകയായിരുന്നു. കേരളത്തിന്റെ ആദ്യ ഇന്നിങ്സ് സ്‌കോറായ 342 റൺസിന് മറുപടിയായി കർണാടക ഒന്നാം ഇന്നിങ്സിൽ 9 വിക്കറ്റിന് 485 റൺസെടുത്ത് ഡിക്ലയർ ചെയ്തു. സ്‌കോർ: കർണാടക-485/9 ഡിക്ലയർ, കേരളം- 342 & 96/4.

143 റൺസിന്റെ ലീഡ് വഴങ്ങിയ കേരളത്തിന്റെ രണ്ടാം ഇന്നിങ്സ് വിക്കറ്റ് വീഴ്ചയോടെയാണ് തുടങ്ങിയത്. ഇതോടെ മത്സരം സമനിലയിൽ അവസാനിപ്പിക്കുക മാത്രമായി ലക്ഷ്യം. കേരളത്തിന് സ്‌കോർ ബോർഡ് തുറക്കും മുമ്പേ ഓപ്പണർ രോഹൻ കുന്നുമ്മലിന്റെ(0) വിക്കറ്റ് നഷ്ടമായി. വിജയകുമാർ വൈശാഖാണ് രോഹനെ പുറത്താക്കിയത്.

സഹ ഓപ്പണർ പി രാഹുലിന്റെ പോരാട്ടം 42 പന്തിൽ 15 റൺസിൽ അവസാനിച്ചു. പിന്നാലെ രോഹൻ പ്രേം 42 പന്തിൽ 14 റൺസുമായി മടങ്ങി. കൃഷ്ണപ്പ ഗൗതമിനായിരുന്നു ഇരു വിക്കറ്റുകളും. കൃഷ്ണപ്പ ഗൗതം തന്നെ വത്സാൽ ഗോവിന്ദിനേയും(76 പന്തിൽ 26) പുറത്താക്കിയെങ്കിലും സച്ചിൻ ബേബിയും സൽമാൻ നിസാറും ചേർന്ന് കൂടുതൽ വിക്കറ്റ് നഷ്ടമില്ലാതെ കേരളത്തിന് സമനില സമ്മാനിച്ചു. സച്ചിൻ 109 പന്തിൽ 37* ഉം സൽമാൻ 29 പന്തിൽ 4* ഉം റൺസുമായാണ് പുറത്താകാതെ നിന്നത്.

സെഞ്ചുറി നേടിയ സച്ചിൻ ബേബിയുടെ കരുത്തിൽ നേരത്തെ കേരളം ഒന്നാം ഇന്നിങ്സിൽ 10 വിക്കറ്റിന് 342 റൺസാണ് എഴുതിച്ചേർത്തത്. സച്ചിൻ 307 പന്തിൽ 141 റൺസെടുത്തപ്പോൾ ജലജ് സക്സേന 57 ഉം വത്സാൽ ഗോവിന്ദ് 46 ഉം റൺസ് നേടി. മറുപടി ബാറ്റിംഗിൽ നായകൻ മായങ്ക് അഗർവാളിന്റെ ഇരട്ട സെഞ്ചുറിയാണ് കർണാടകയ്ക്ക് ലീഡ് സമ്മാനിച്ചത്. 360 പന്തിൽ 208 റൺസ് നേടിയ മായങ്കാണ് കളിയിലെ താരം. നികിൻ ജോസും(54), ശരത് ബിആറും(53), ശുഭാംഗ് ഹെഡ്ഡെയും(50*) അർധസെഞ്ചുറി നേടി.