- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫോളോഓൺ വഴങ്ങിയെങ്കിലും രണ്ടാം ഇന്നിങ്സിൽ ചെറുത്തുനിൽപ്പ്; കേരളത്തിന്റെ ജയപ്രതീക്ഷ തടഞ്ഞ് അസം; രഞ്ജി ട്രോഫിയിൽ വീണ്ടും സമനില; കർണാടകയെ എറിഞ്ഞിട്ട് മിന്നും ജയം സ്വന്തമാക്കി ഗുജറാത്ത്
ഗുവാഹത്തി: രഞ്ജി ട്രോഫിയിൽ കേരളത്തിന്റെ ജയപ്രതീക്ഷകൾ തടഞ്ഞ് അസം രണ്ടാം ഇന്നിങ്‌സിൽ ചെറുത്തുനിന്നതോടെ മത്സരം സമനിലയിൽ കലാശിച്ചു. ആദ്യ ഇന്നിങ്സിൽ അസം ഫോളോഓൺ വഴങ്ങിയിരുന്നെങ്കിലും രണ്ടാം ഇന്നിങ്സിൽ മത്സരത്തിന്റെ അവസാനദിനം മൂന്നിന് 212 എന്ന ശക്തമായ നിലയിൽ നിൽക്കെ മത്സരം സമനിലയിൽ അവസാനിപ്പിക്കുകയായിരുന്നു. രാഹുൽ ഹസാരിയ നേടിയ മിന്നും സെഞ്ചുറി (107) യാണ് അസമിന് തുണയായത്. ഒന്നാം ലീഡിഡിന്റെ അടിസ്ഥാനത്തിൽ കേരളത്തിന് മൂന്ന് പോയിന്റ് ലഭിച്ചു. അസമിന് ഒരു പോയിന്റും.
അതേ സമയം കർണാടകയ്ക്കെതിരെ ഗുജറാത്ത് അവിശ്വസനീയ ജയം സ്വന്തമാക്കി. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ തോൽവി മുന്നിൽക്കണ്ട മത്സരം ഗുജറാത്ത് തിരിച്ചുപിടിക്കുകയായിരുന്നു. 110 റൺസ് മാത്രമായിരുന്നു കർണാടകയുടെ വിജയലക്ഷ്യം. എന്നാൽ ശക്തരായ കർണാടക കേവലം 103 റൺസിന് എറിഞ്ഞിട്ടാണ് ഗുജറാത്ത് ജയം നേടിയത്. ഏഴ് വിക്കറ്റ് നേടിയ സിദ്ധാർത്ഥ് ദേശായിയാണ് കർണാകയെ തകർത്തത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഗുജറാത്ത് ഒന്നാം ഇന്നിങ്സിൽ 264ന് എല്ലാവരും പുറത്തായിരുന്നു. മറുപടി ബാറ്റിംഗിൽ കർണാടക 374 റൺസ് നേടി. 110 റൺസിന്റെ കടവുമായി രണ്ടാം ഇന്നിങ്സിനെത്തിയ ഗുജറാത്ത് രണ്ടാം ഇന്നിങ്സിൽ 219ന് എല്ലാവരും പുറത്തായി. വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കർണാടക അവിശ്വസനീയമായി 103 റൺസിന് പോരാട്ടം അവസാനിപ്പിക്കുകയായിരുന്നു.
അതേ സമയം ജയിക്കാമായിരുന്ന മത്സരം കേരളം കൈവിട്ടുകളയുകയായിരുന്നു. കേരളത്തിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 419നെതിരെ അസമിന് ഫോളോഓൺ ഒഴിവാക്കാനായില്ല. അസം ഒന്നാം ഇന്നിംഗിൽ 248 റൺസാണ് നേടിയത്. 171 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡാണ് കേരളം നേടിയത്. അഞ്ച് വിക്കറ്റ് നേടിയ ബേസിൽ തമ്പിയാണ് അസമിനെ തകർത്തത്. ജലജ് സക്‌സേനയ്ക്ക് നാല് വിക്കറ്റുണ്ട്.
ഫോണോ ഓൺ ചെയ്ത് ബാറ്റിംഗിനെത്തിയ അസം മനോഹരമായി ബാറ്റ് ചെയ്തു. ഓപ്പണിങ് വിക്കറ്റിൽ ഹസാരിയ - റിഷവ് ദാസ് സഖ്യം 103 റൺസ് കൂട്ടിചേർത്തു. റിഷവിന് പിന്നാലെ ക്രീസിലെത്തിയ ഗോകുൽ ശർമ (23) പെട്ട് മടങ്ങി. അധികം വൈകാതെ ഹസാരിയയും. മൂന്ന് സിക്സും 11 ഫോറും ഉൾപ്പെടുന്നതായിരുന്നു ഇന്നിങ്സ്. മത്സരം അവസാനിപ്പിക്കുമ്പോൾ റിയാൻ പരാഗ് (12), ഗദിഗവോങ്കർ (23) എന്നിവരായിരുന്നു ക്രീസിൽ.
ഏഴിന് 231 എന്ന നിലയിൽ നാലാം ദിനം ബാറ്റിംഗിനിറങ്ങിയ അസമിന് 17 റൺസെടുക്കുന്നതിനിടെ ശേഷിക്കുന്ന വിക്കറ്റുകളും നഷ്ടമായി. ഇന്ന് ആകാശ് സെൻഗുപ്ത (19), മുഖ്താർ ഹുസൈൻ (24), സുനിൽ ലചിത് (0) എന്നിവരുടെ വിക്കറ്റുകളാണ് അസമിന് നഷ്ടമായത്. രാഹുൽ സിങ് (0) പുറത്താവാതെ നിന്നു. നേരത്തെ, സെഞ്ചുറി നേടിയ ക്യാപ്റ്റൻ റിയാൻ പരാഗാണ് (125 പന്തിൽ 116) അസമിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. രണ്ടിന് 14 എന്ന നിലയിലാണ് അസം മൂന്നാംദിനം ബാറ്റിങ് ആരംഭിച്ചിരുന്നത്. തുടക്കത്തിൽ തന്നെ ഗദിവോങ്കറുടെ (4) വിക്കറ്റ് കൂടി അസമിന് നഷ്ടമായി. അതോടെ മൂന്നിന് 25 എന്ന നിലയിലായി അസം.
പിന്നീടായിരുന്നു പരാഗിന്റെ രക്ഷാപ്രവർത്തനം. 31 റൺസെടുത്ത ഓപ്പണർ റിഷവ് ദാസിനൊപ്പം 91 റൺസാണ് പരാഗ് കൂട്ടിചേർത്തത്. ദാസിനെ, ബേസിൽ ബൗൾഡാക്കി. പിന്നീടെത്തിയ ഗോകുൾ ശർമ (12), സാഹിൽ ജെയ്ൻ (17) എന്നിവർ പെട്ടന്ന് മടങ്ങി. എന്നാൽ ആകാശ് സെൻഗുപ്തയെ കൂട്ടുപിടിച്ച് പരാഗ് സെഞ്ചുറി പൂർത്തിയാക്കി. 125 പന്തുകൾ നേരിട്ട താരം മൂന്ന് സിക്സും 16 ഫോറും നേടിയിരുന്നു. വിശ്വേഷർ സുരേഷാണ് പരാഗിനെ മടക്കുന്നത്. ആദ്യ മത്സരത്തിൽ ഛത്തീസ്‌ഗഢിനെതിരെയും പരാഗ് സെഞ്ചുറി നേടിയിരുന്നു.
നേരത്തെ രണ്ടാം ദിനം ഒരു വിക്കറ്റ് നഷ്ടത്തിൽ 141 റൺസെന്ന നിലയിൽ ബാറ്റിങ് തുടങ്ങിയ കേരളത്തിനായി ആദ്യ ദിനം അർധസെഞ്ചുറി നേടിയ ക്യാപ്റ്റൻ രോഹൻ കുന്നുമ്മലിന് (83) പുറമെ കൃഷ്ണപ്രസാദ് (80), രോഹൻ പ്രേം (50) എന്നിവരുടെ അർധസെഞ്ചുറികളുടെയും സച്ചിൻ ബേബിയുടെ വെടിക്കെട്ട് സെഞ്ചുറിയുടെയും(148 പന്തിൽ 131) കരുത്തിലാണ് മികച്ച സ്‌കോറിലെത്തിയത്.
ടീം സ്‌കോർ 200 കടന്നതിന് പിന്നാലെ രോഹൻ പ്രേമും പിന്നാലെ കൃഷ്ണപ്രസാദും പുറത്താവുകയും പിന്നീടെത്തിയ വിഷ്ണു വിനോദ്(19) പെട്ടെന്ന് മടങ്ങുകയും ചെയ്തതോടെ കേരളം പ്രതിരോധത്തിലായിരുന്നു. റൺസൊന്നുമെടുക്കാതെ അക്ഷയ് ചന്ദ്രനും കൂടി പുറത്തായതോടെ കേരളം ബാറ്റിങ് തകർച്ചയിലായി. ശ്രേയസ് ഗോപാൽ(18) പിടിച്ചു നിൽക്കാൻ ശ്രമിച്ചെങ്കിലും വലിയ സ്‌കോർ നേടിയില്ല, പിന്നാലെ ജലജ് സക്സേന (1) കൂടി വീണതോടെ നല്ല തുടക്കം കേരളം കളഞ്ഞു കുളിച്ചെന്ന് കരുതി.
എന്നാൽ ഒരറ്റത്ത് വിക്കറ്റുകൾ പൊഴിയുമ്പോഴും പൊരുതിയ സച്ചിൻ ബേബി വാലറ്റക്കാരായ ബേസിൽ തമ്പിയെയും (16), എം ഡി നിഥീഷിനെയും (12) കൂട്ടുപിടിച്ച് സെഞ്ചുറിയിലെത്തി കേരളത്തെ 400 കടത്തി. 138 പന്തിൽ 14 ഫോറും നാലു സിക്സും പറത്തിയ സച്ചിൻ 116 റൺസെടുത്തു. അസമിനായി രാഹുൽ സിങ് മൂന്നും സിദ്ധാർത്ഥ് ശർമ രണ്ടും വിക്കറ്റെടുത്തു.
സ്പോർട്സ് ഡെസ്ക്