- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഛത്തീസ്ഗഡിനോടും സമനില രഞ്ജിയിൽ നോക്കൗട്ട് പ്രതീക്ഷ കൈവിട്ട് കേരളം
റായ്പുർ: ഛത്തീസ്ഗഡിനെതിരായ രഞ്ജി ട്രോഫി മത്സരത്തിലും സമനില വഴങ്ങിയതോടെ കേരളം നോക്കൗട്ടിന്റെ പടി പോലും കാണാതെ പുറത്തേക്ക്. കേരളമുയർത്തിയ 290 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഛത്തീസ്ഗഡ് ഒരു വിക്കറ്റിന് 79 റൺസ് എന്ന നിലയിൽ നിൽക്കേ മത്സരം അവസാനിപ്പിക്കുകയായിരുന്നു. ഒന്നാം ഇന്നിങ്സിൽ ലീഡ് നേടിയ കേരളത്തിന് കൂടുതൽ പോയിന്റ് ലഭിച്ചു. കളിച്ച അഞ്ച് മത്സരങ്ങളിൽ നാലിലും സമനില വഴങ്ങുകയും ഒരു മത്സരം പരാജയപ്പെടുകയും ചെയ്തതോടെ കേരളത്തിന്റെ നോക്കൗട്ട് പ്രതീക്ഷകൾ മങ്ങി.
ഇനി രണ്ട് മത്സരങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. അഞ്ച് മത്സരങ്ങൾ പൂർത്തിയാക്കിയ കേരളത്തിന് ഏഴ് പോയിന്റ് മാത്രമാണുള്ളത്. ആറാം സ്ഥാനത്താണ് കേരളം. കേരളത്തിന് പിന്നിൽ ബിഹാറും അസമും മാത്രം. ഒന്നാമതുള്ള മുംബൈക്ക് 27 പോയിന്റാണുള്ളത്. രണ്ടാമതുള്ള ആന്ധ്രാ പ്രദേശിന് 21 പോയിന്റാണുള്ളത്. ഇനി ആന്ധ്രാ, ബംഗാൾ എന്നിവർക്കെതിരെയാണ് കേരളത്തിന്റെ മത്സരം. ശക്തരായ ഇരു ടീമുകളേയും മറികടക്കുക അനായാസമായിരിക്കില്ല.
കേരളം ഉയർത്തിയ 290 റൺസ് വിജയലക്ഷ്യത്തിന് മറുപടി ഇന്നിങ്സിൽ 14 റൺസെടുത്ത ശശാങ്ക് ചന്ദ്രശേഖറിന്റെ വിക്കറ്റാണ് ഛത്തീസ്ഗഡിന് നഷ്ടമായത്. ബേസിൽ തമ്പിയുടെ പന്തിൽ ക്ലീൻ ബോൾഡ് ആവുകയായിരുന്നു. എന്നാൽ റിഷഭ് തിവാരി (39), അഷുതോഷ് സിങ് (25) എന്നിവർ ക്രീസിൽ ഉറച്ചുനിന്നു. ഇതോടെ സമനിലയിൽ പിരിയാൻ തീരുമാനിച്ചു. നേരത്തേ, രണ്ടാം ഇന്നിങ്സിൽ കേരളം 5ന് 251 എന്ന നിലയിൽ നിൽക്കേ ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. 94 റൺസ് നേടിയ സച്ചിൻ ബേബിയാണ് കേരളത്തിന്റെ ടോപ് സ്കോറർ. ആദ്യ ഇന്നിങ്സിൽ സച്ചിൻ 91 റൺസെടുത്തിരുന്നു. മുഹമ്മദ് അസറുദ്ദീൻ 50 റൺസുമായി പുറത്താവാതെ നിന്നു.
നാലാംദിനം 2ന് 69 എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച കേരളത്തിന് വിഷ്ണു വിനോദ് (24), ക്യാപ്റ്റൻ സഞ്ജു സാംസൺ (24) എന്നിവരുടെ വിക്കറ്റുകളാണ് ആദ്യം നഷ്ടമായത്. 22 പന്തിൽ 24 റൺസെടുത്ത വിഷ്ണു വിനോദിനെ അജയ് മൻഡൽ ബോൾഡാക്കി. അഞ്ചാമനായി ക്രീസിലെത്തിയ സഞ്ജു രണ്ട് ഫോറും ഒരു സിക്സും സഹിതമാണ് 24 റൺസ് നേടിയത്. അജയ് മൻഡലിന്റെ പന്തിൽ ശശാങ്ക് ചന്ദ്രാകറിന് ക്യാച്ച് നൽകിയാണ് താരം പുറത്തായത്.
ഇന്നലെ 51 റൺസ് ചേർത്തതിന് ശേഷമാണ് രണ്ടാം ഇന്നിങ്സിൽ കേരളത്തിന്റെ ഓപ്പണിങ് കൂട്ടുകെട്ട് പിരിഞ്ഞത്. രോഹൻ കുന്നുമ്മലിനെ (36) ആഷിഷ് ചൗധരി പുറത്താക്കുകയായിരുന്നു. പത്ത് റൺസ് ചേർക്കുന്നതിനിടെ രോഹൻ പ്രേമും (17) പവലിയനിൽ തിരിച്ചെത്തി. ഒന്നാം ഇന്നിങ്സിൽ കേരളത്തിന്റെ 350നെതിരെ ഛത്തീസ്ഗഡ് 312ന് പുറത്താവുകയായിരുന്നു. 38 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡാണ് കേരളം നേടിയത്.