- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒന്നാം ഇന്നിങ്സിൽ മിന്നുന്ന സെഞ്ചുറി; രണ്ടാം ഇന്നിങ്സിൽ തകർപ്പൻ അർദ്ധ സെഞ്ചുറിയും; രോഹൻ പ്രേമിന്റെ വീരോചിത പോരാട്ടം വിഫലം; രഞ്ജി ട്രോഫിയിൽ സഞ്ജുവിന്റെ അഭാവത്തിൽ ഗോവയോട് തോറ്റ് കേരളം; സീസണിലെ ആദ്യ തോൽവി ഏഴ് വിക്കറ്റിന്

തിരുവനന്തപുരം: ഒന്നാം ഇന്നിങ്‌സിൽ തകർപ്പൻ സെഞ്ചുറിയും രണ്ടാം ഇ്ന്നിങ്‌സിൽ അർദ്ധ സെഞ്ചുറിയും നേടി രോഹൻ പ്രേം വീരോചിത പോരാട്ടം കാഴ്ചവച്ചിട്ടും രഞ്ജി ട്രോഫിയിൽ ഗോവയോട് ഏഴ് വിക്കറ്റിന് പരാജയപ്പെട്ട് കേരളം. രണ്ടാം ഇന്നിങ്സിൽ ജയിക്കാനാവശ്യമായ 155 റൺസ് ഗോവ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു. സീസണിൽ കേരളത്തിന്റെ ആദ്യ തോൽവിയും ഗോവയുടെ ആദ്യ ജയവുമാണിത്. സ്‌കോർ: കേരളം - 265/10, 200/10, ഗോവ - 311/10, 157/3.
ഒന്നാം ഇന്നിങ്സിൽ 265 റൺസെടുത്ത കേരളത്തെ രണ്ടാം ഇന്നിങ്സിൽ ഗോവ 200 റൺസിൽ എറിഞ്ഞൊതുക്കി. 46 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് നേടിയിരുന്ന ഗോവ വിജയലക്ഷ്യമായ 155 റൺസ് 48.3 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ മറികടന്നു.
136 പന്തിൽ നിന്ന് 67 റൺസെടുത്ത ഇഷാൻ ഗദേക്കറാണ് രണ്ടാം ഇന്നിങ്സിലും ഗോവയ്ക്കായി തിളങ്ങിയത്. സിദ്ധേഷ് ലാഡ് 33 റൺസുമായി പുറത്താകാതെ നിന്നു. അമോഗ് സുനിൽ ദേശായ് (23), സുയാഷ് പ്രഭുദേശായ് (14), സ്നേഹൽ കൗതാങ്കർ (13) എന്നിവരാണ് പുറത്തായ താരങ്ങൾ. കേരളത്തിനായി ജലജ് സക്സേന, ക്യാപ്റ്റൻ സിജോമോൻ, വൈശാഖ് ചന്ദ്രൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.
ആദ്യ ഇന്നിങ്‌സിൽ 239 പന്തിൽ 14 ബൗണ്ടറിയും ഒരു സിക്‌സും അടക്കം 112 റൺസ് എടുത്ത രോഹൻ പ്രേം തന്നെയായിരുന്നു രണ്ടാം ഇ്ന്നിങ്‌സിലും കേരളത്തിന്റെ ബാറ്റിംഗിൽ നട്ടെല്ലായത്. 138 പന്തിൽ നിന്ന് 70 റൺസെടുത്ത രോഹൻ പ്രേമിനെ കൂടാതെ രോഹൻ കുന്നുമ്മൽ (34), ജലജ് സക്സേന (34) എന്നിവർക്ക് മാത്രമാണ് രണ്ടാം ഇന്നിങ്സിൽ കേരളത്തിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായത്. ഷോൺ റോജർ (11), പി. രാഹുൽ (16), സച്ചിൻ ബേബി (4), അക്ഷയ് ചന്ദ്രൻ (4) എന്നിവരെല്ലാം നിരാശപ്പെടുത്തി. ആറ് വിക്കറ്റ് വീഴ്‌ത്തിയ മോഹിത് റെഡ്കറാണ് കേരളത്തെ തകർത്തത്. ശുഭം ദേശായ് രണ്ട് വിക്കറ്റെടുത്തു.
നാലാം ദിനം ആറ് വിക്കറ്റ് നഷ്ടത്തിൽ 172 റൺസെന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച കേരളം 200 റൺസിന് പുറത്തായി. 34 റൺസെടുത്ത് രോഹൻ പ്രേമിനൊപ്പം മികച്ച കൂട്ടുകെട്ടുയർത്തിയ ജലജ് സക്‌സേനയെ ആണ് നാലാം ദിനം തുടക്കത്തിലെ കേരളത്തിന് നഷ്ടമായത്. മോഹിത് രേദ്കറിനായിരുന്നു വിക്കറ്റ്. പിന്നാലെ 70 റൺസെടുത്ത് പ്രതീക്ഷ നൽകിയ രോഹൻ പ്രേമിനെയും രേദ്കർ മടക്കി. രേദ്കർ ഏൽപ്പിച്ച ഇരട്ടപ്രഹരത്തിൽ കേരളം തകർന്നടിഞ്ഞു.
വൈശാഖ് ചന്ദ്രനെ(3 ദർശൻ മിസാലും ബേസിൽ തമ്പിയെ(0) റെഡ്ക്കറും വീഴ്‌ത്തിയതോടെ കേരളത്തിന്റെ പേരാട്ടം തീർന്നു. എൻ പി ബേസിൽ(16*) നടത്തിയ വെടിക്കെട്ടാണ് കേരളത്തെ 200ൽ എത്തിച്ചത്. ഗോവക്കായി റെഡ്ക്കർ 73 റൺസിന് ആറ് വിക്കറ്റെടുത്തപ്പോൾ ശുഭം ദേശായി രണ്ട് വിക്കറ്റെടുത്തു. അർജ്ജുൻ ടെൻഡുൽക്കർക്ക് വിക്കറ്റൊന്നും വീഴ്‌ത്താനായില്ല.
തോറ്റെങ്കിലും ഗ്രൂപ്പ് സിയിൽ നാല് കളികളിൽ നിന്ന് 13 പോയന്റുമായി കേരളം തന്നെയാണ് ഒന്നാം സ്ഥാനത്ത്. മൂന്ന് കളികളിൽ നിന്നായി 13 പോയന്റ് വീതമുള്ള ഛത്തീസ്‌ഗഢും കർണാടകയും തൊട്ടുപിന്നാലെയുണ്ട്.


