റാഞ്ചി: സമനില പ്രതീക്ഷിച്ച രഞ്ജി ട്രോഫി മത്സരത്തെ ധീരമായ ഡിക്ലറേഷൻ കൊണ്ട് കേരളത്തിന്റെ മിന്നും ജയമാക്കി മാറ്റി നായകൻ സഞ്ജു സാംസൺ. രഞ്ജി ട്രോഫി സീസണിലെ ആദ്യ മത്സരത്തിൽ ഝാർഖണ്ഡിനെതിരെ 85 റൺസിന്റെ നാടകീയ ജയമാണ് കേരളം നേടിയത്. അഞ്ച് വിക്കറ്റെടുത്ത വൈശാഖ് ചന്ദ്രനും നാല് വിക്കറ്റെടുത്ത ജലജ് സക്‌സേനയുമാണ് കേരളത്തിന് തകർപ്പൻ ജയം സമ്മാനിച്ചത്.

അവസാന ദിവസം ലഞ്ചിന് ശേഷം ഝാർഖണ്ഡിന് 323 റൺസിന്റെ വിജയലക്ഷ്യം മുന്നോട്ടുവെച്ച കേരളം ഝാർഖണ്ഡിനെ 237 റൺസിന് പുറത്താക്കിയാണ് സീസണിലെ ആദ്യ ജയം സ്വന്തമാക്കിയത്. സെഞ്ചുറിയിലേക്ക് കുതിച്ച കുമാർ കുഷ്ഗരയെ ജലജ് സക്‌സേന ബൗൾഡാക്കിയതാണ് മത്സരത്തിന് വഴിത്തിരിവായത്. സ്‌കോർ കേരളം 475, 187-7, ജാർഖണ്ഡ് 340, 237.

323 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഝാർഖണ്ഡിനായി ഇന്നിങ്‌സ് ഓപ്പൺ ചെയ്ത ഇഷാൻ കിഷനെ(22) തുടക്കതിലെ മടക്കി കേരളം മേൽക്കൈ നേടിയിരുന്നു. പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായ ഝാർഖണ്ഡിന് ഏഴാം വിക്കറ്റ് നഷ്ടമാവുമ്പോൾ 112-റൺസെ സ്‌കോർ ബോർഡിലുണ്ടായിരുന്നുള്ളു.

കേരളം അനായാസ ജം നേടുമെന്ന് കരുതിയെങ്കിലും എട്ടാം വിക്കറ്റിൽ വിക്കറ്റ് കീപ്പർ ബാറ്റർ കുമാർ കുഷ്ഗരയും മനീഷിയും ചേർന്ന് സെഞ്ചുറി കൂട്ടുകെട്ട് ഉയർത്തി കേരളത്തെ വെല്ലുവിളിച്ചു. 112 റൺസിൽ ഒത്തു ചേർന്ന ഇരുവരും 231 റൺസിലാണ് വേർപിരിഞ്ഞത്.

ഒരു ഘട്ടത്തിൽ വിജയപ്രതീക്ഷ പോലും ഉയർത്തിയ ഝാർഖണ്ഡിന്റെ കുഷ്ഗരയെ(116 പന്തിൽ 92) ബൗൾഡാക്കിയ ജലജ് സക്‌സേനയാണ് കേരളത്തിന് വിജയം സമ്മാനിച്ചത്. കുഷ്ഗര പുറത്തായശേഷം പൊരുതി നിന്ന മനീഷിയെ(23) ബേസിൽ തമ്പിയും ആശിശ് കുമാറിനെ(0) ജലജ് സക്‌സേനയും വീഴ്‌ത്തി കേരളത്തിന് വിജയം സമ്മാനിച്ചു. ക്യാപ്റ്റൻ വിരാട് സിങ്(32) സൗരഭ് തിവാരി(37) എന്നിവരും ഝാർഖണ്ഡിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.

നേരത്തെ ഒരു വിക്കറ്റ് നഷ്ടത്തിൽ 60 റൺസെന്ന നിലയിൽ അവസാന ദിവസം ക്രീസിലിറങ്ങിയ കേരളം അതിവേഗം സ്‌കോർ ഉയർത്താൻ ശ്രമിച്ചതോടെ തുടരെ വിക്കറ്റുകൾ നഷ്ടമായി. ഏകദിന ശൈലിയിൽ ബാറ്റുവീശിയ ഓപ്പണർ രോഹൻ പ്രേം 86 പന്തിൽ 74 റൺസുമായി തിളങ്ങിയപ്പോൾ ക്യാപ്റ്റൻ സഞ്ജു സാംസൺ 9 പന്തിൽ 15 റൺസെടുത്ത് പുറത്തായി.

സച്ചിൻ ബേബി(13), അക്ഷയ് ചന്ദ്രൻ(15), ജലജ് സക്‌സേന(23), ഷോൺ റോജർ(28) എന്നിവരുടെ വിക്കറ്റുകളാണ് നാലാം ദിനം കേരളത്തിന് നഷ്ടമായത്. രോഹൻ കുന്നുമേലിന്റെ(6) വിക്കറ്റ് കേരളത്തിന് ഇന്നലെ നഷ്ടമായിരുന്നു. സിജോമോൻ ജോസഫ്(9) പുറത്താകാതെ നിന്നു.