- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിശ്വാസ്യത എന്നത് നിർമ്മിതിയാണ്; ഒരു പാട് ചെറിയ പ്രവർത്തികളിലൂടെ കാലങ്ങളോളം കാത്തു സൂക്ഷിക്കേണ്ടതും; ഫെയ്സ് ബുക്കിൽ കുറിച്ചത് 37-ാം വയസ്സിൽ ബാറ്റ് വീശി തെളിയിച്ച് കേരളാ ക്രിക്കറ്റിലെ വന്മതിൽ; സച്ചിന്റെ മടയിലിരുന്ന് ഗവാസ്കറുടെ ഉപദേശം കേട്ട പയ്യൻ വീണ്ടും വിസ്മയമായി; രഞ്ജിയിലെ തിരിച്ചു വരവിൽ ഓപ്പണറായി മിന്നിച്ച് റോഹൻ പ്രേം; സഞ്ജുവിന് ചേട്ടനെ കിട്ടുമ്പോൾ

തിരുവനന്തപുരം: വിശ്വാസ്യത എന്നത് നിർമ്മിതിയാണ്. ഒരു പാട് ചെറിയ പ്രവർത്തികളിലൂടെ കാലങ്ങളോളം കാത്തു സൂക്ഷിക്കേണ്ടതും-റോഹൻ പ്രേം ദിവസങ്ങൾക്ക് മുമ്പ് കുറിച്ച വാക്കുകളാണ് ഇത്. കേരളാ ക്രിക്കറ്റിലെ വൻ മതിൽ. ഏറ്റവും വിശ്വസ്തനായ താരം. പക്ഷം 2019ഉം 2020ഉം അത്ര നല്ല സീസണായിരുന്നില്ല റോഹന്. ഇതോടെ ടീമിൽ നിന്ന് രണ്ടു സീസണിൽ പുറത്തായിരുന്നില്ല. ഇങ്ങനെ രണ്ട് സീസൺ മാറ്റുമ്പോൾ പുറത്താകുന്ന താരങ്ങൾ പതിയെ വിരമിക്കൽ പ്രഖ്യാപിക്കും. റോഹന് പക്ഷേ അതിന് മനസ്സു വന്നില്ല. ആഭ്യന്തര ക്രിക്കറ്റിൽ വിയർപ്പൊഴുക്കി കളിച്ചു. ഒടുവിൽ പ്രകടനങ്ങൾക്ക് ഫലമുണ്ടായി. 36-ാം വയസ്സിൽ കേരളാ ക്രിക്കറ്റ് റോഹനെ തിരിച്ചു വിളിച്ചു. അതിന് ശേഷമാണ് വിശ്വാസ്യതയിൽ റോഹൻ ഫെയ്സ് ബുക്കിൽ കുറിപ്പിട്ടത്. ഏതായാലും തിരിച്ചുവരവിൽ കൂറ്റൻ അർദ്ധ സെഞ്ച്വറി നേടുകയായിരുന്നു റോഹൻ. അതും ഓപ്പണറുടെ റോളിൽ. റോഹനൊപ്പം കളി തുടങ്ങിയവരെല്ലാം ഇന്ന് പരിശീലകന്റെ റോളിലാണ്. പക്ഷേ ക്രീസിൽ നിലയുറപ്പിക്കാനായിരുന്നു റോഹന്റെ തീരുമാനം. അതു തന്നെയാണ് ഈ സീസണിൽ റോഹനെ ടീമിലെത്തിച്ച ആഭ്യന്തര പ്രകടന മികവുകൾക്ക് അടിസ്ഥാനവും.
2022 സീസണിൽ ജാർഖണ്ഡുമായാണ് കേരളത്തിന്റെ ആദ്യ മത്സരം. ടോസ് നേടിയ ക്യാപ്ടൻ സഞ്ജു ബാറ്റിംഗിന് തീരുമാനിച്ചു. പിന്നാലെ റോഹൻ ചേട്ടനെന്ന് സഞ്ജു വിളിക്കുന്ന റോഹനെ ഓപ്പണറാക്കി പരീക്ഷണം. റോഹൻ എസ് കുന്നുമൽ എന്ന വർത്തമാന കാല ബാറ്റിങ് വിസ്മയത്തോടൊപ്പം റോഹൻ ക്രീസിലേക്ക് എത്തി. രണ്ട് എൻഡിലും റോഹന്മാർ. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്നെടുത്തത് 90 റൺസ്. 50 റൺസെടുത്ത് കുന്നുമ്മൽ മടങ്ങി. പിന്നേയും കോട്ട പോലെ റോഹൻ ബാറ്റിങ് തുടർന്നു. 79 റൺസിൽ മടക്കവും. പക്ഷേ അതൊരു മികച്ച തിരിച്ചു വരവായിരുന്നു. റോഹന്റെ രഞ്ജിയിലേക്കുള്ള മടങ്ങി വരവ്. ഇനിയുള്ള മത്സരങ്ങളിലും റോഹൻ മികവ് തുടർന്നാൽ കേരളത്തിന്റെ മുന്നേറ്റത്തെ എറിഞ്ഞു വീഴ്‌ത്താൻ എതിരാളികൾക്ക് കഴിയാതെ വരും. അതാണ് റോഹൻ പ്രേം എന്ന ഇടതു കൈയൻ ബാറ്ററുടെ പ്രത്യേകത. റോഹൻ ഇന്ന് അർദ്ധ സെഞ്ച്വറിയുമായി ബാറ്റുയർത്തുമ്പോൾ കേരളാ ടീമിലെ ചീഫ് സെലക്ടർ സഹകളിക്കാരനായ പി പ്രശാന്താണ്. കുട്ടിക്കാലം മുതൽ ഒരുമിച്ച് കളിച്ചു വളർന്ന പ്രശാന്താണ് റോഹന് തിരിച്ചു വരവിന് അവസരമൊരുക്കിയത് എന്നതാണ് അതിവിചിത്രം. ചീഫ് സെലക്ടറുടെ പ്രതീക്ഷ റോഹൻ നിലനിർത്തുകയാണ്.

കപിലിന്റെ ചെകുത്താന്മാരുടെ 1983ലെ ലോകകപ്പ് അശ്വമേധം ഇന്ത്യയുടെ കായിക സംസ്‌കാരത്തെ മാറ്റി മറിച്ചു. പിന്നീട് ക്രിക്കറ്റായി എവിടേയും താരം. ദൈവമായി സച്ചിൻ തെണ്ടുൽക്കറും അവതരിച്ചു. രാജ്യാന്തര ക്രിക്കറ്റിൽ വലിയ പേരൊന്നും നേടാനായില്ലെങ്കിലും കേരളവും ഈ വികാരത്തെ ഏറ്റെടുത്തിരുന്നു. ഫുട്‌ബോളിനൊപ്പം ക്രിക്കറ്റും ഇവിടെ സജീവമായി. ഒഴിഞ്ഞ പറമ്പിലെല്ലാം ക്രിക്കറ്റ് കളി സജീവം. ടെന്നീസ് പന്തിലും റബ്ബർ ബോളിലും മലയാളികളും സിക്‌സറുകൾ പായിച്ച് മലയാളിയും ആവേശത്തിനൊപ്പം കൂടി. ഇത്തരമൊരു കളിക്കൂട്ടായ്മയുടെ കണ്ടെത്തലായിരുന്നു റോഹൻ പ്രേം എന്ന പ്രതിഭ. തിരുവനന്തപുരത്ത് വഞ്ചിയൂരെന്ന സ്ഥലത്തെ കളിക്കൂട്ടായ്മ തന്നെയാണ് റോഹനെ ക്രിക്കറ്റിനോട് അടുപ്പിച്ചത്.
ചേട്ടന്മാരുടെ ക്രിക്കറ്റ് കളിയും കണ്ട് മൂന്നര വയസ്സുകാരൻ വീട്ടിന് പുറത്ത് നിന്നു. ഒരിക്കൽ ഈ തീരെ കൊച്ചു പയ്യനെ വെറുതെ ഒരു രസത്തിന് ഫീൽഡ് ചെയ്യാനിറങ്ങാൻ ചേട്ടന്മാർ അനുവദിച്ചു. പതുക്കെ ബാറ്റ് നൽകി. ഏതു ചേട്ടൻ എറിഞ്ഞാലും ഈ മൂന്നരവയസ്സുകാരൻ കയ്യിലുള്ള വലിയ ബാറ്റുകൊണ്ട് അടിച്ചു പറത്തും. അങ്ങനെ ആ മൂന്നരവയസ്സുകാരനും ഈ ക്രിക്കറ്റ് സംഘത്തിലെ പ്രധാന താരമായി. അങ്ങനെ ടെന്നീസ് ബോളിൽ കളി തുടങ്ങിയ മൂന്നരവയസ്സുകാരനെ അപ്രതീക്ഷിതമായി കേരളം തിരിച്ചറിഞ്ഞു.
തീർത്തും അവചാരിതമായി. വീടിന് മുന്നിലെ ചെറിയൊരു ഗ്രൗണ്ടിലായിരുന്നു റോഹൻ േ്രപമെന്ന മൂന്നര വയസ്സുകാരൻ ചേട്ടന്മാരെ അടിച്ചു പറത്തി ഹീറോയായത്. ഇതിനടുത്തു കൂടിയുള്ള ഇടുങ്ങിയ റോഡ്. ഒരു ദിവസം അതുവഴി മാതൃഭൂമിയിലെ കെജി മുരളീധരനും രാജൻപൊതുവാളും ബൈക്കിൽ പോയി. ഒരു ലോറി വന്നപ്പോൾ സൈഡ് കൊടുക്കാനായി വണ്ടി ഒതുക്കി. കുറച്ചു നേരം ആ ഇടവഴിയിൽ അവർക്ക് നിൽക്കേണ്ടിയും വന്നു. അവരുടെ ശ്രദ്ധ കൊച്ചു മൈതാനത്തിലെ ക്രിക്കറ്റ് കളിയിലെത്തി. ബാറ്റ് കൊണ്ട് അത്ഭുതം കാട്ടുന്ന മൂന്നരവയസ്സുകാരന്റെ പ്രതിഭാ സ്പർശം ക്രിക്കറ്റിലാണെന്ന് കെ ജി മുരളീധരനും രാജൻ പൊതുവാളിനും മനസ്സിലാവുകയും ചെയ്തു.

അന്ന് കെ ജി മുരളീധരനും രാജൻപൊതുവാളും ആരോടും ഒന്നും പറഞ്ഞില്ല. പക്ഷേ അടുത്ത ദിവസം വഞ്ചിയൂരിലെ അമ്പലത്തുമുക്കിൽ താമസിക്കുന്ന പ്രേമിനെ തേടി മാതൃഭൂമിക്കാരെത്തി. 1990 ജനുവരി 5, വെള്ളിയാഴ്ച മകൻ റോഹനെ പറ്റി മാതൃഭൂമി വിശദമായി വാർത്ത നൽകി. ഇതോടെ ഈ അത്ഭുത പ്രതിഭയെ കേരളം ആദ്യമായി അറിഞ്ഞു. അഭിനന്ദനങ്ങളെത്തി. റോഹന്റ് സ്‌ട്രൈറ്റ് ഷോട്ടുകൾ കാണാൻ പലരും പിന്നീട് ആ കൊച്ചു ഗ്രൗണ്ടിലെത്തി. കണ്ടവരെല്ലാം റോഹനെന്ന കുട്ടി പ്രതിഭ അത്ഭുതപ്പെടുത്തി. ആരും ഒന്നും പറഞ്ഞു കൊടുക്കാതെ ടെക്സ്റ്റ് ബുക്ക് ശൈലിയിൽ ഈ മിടുക്കൻ ബാറ്റ് വീശി. ഇതോടെ കൂടുതൽ പ്രശസ്തിയും പേരും തേടിയെത്തുകയും ചെയ്തു.
നിയോഗമെന്ന പോലെ അപ്രതീക്ഷിതമായി സുനിൽ ഗവാസ്‌കറെ നേരിട്ട് കാണാനും അവസരമൊരുങ്ങി. കൊച്ചിയിലെ ജിസിഡിഎ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ചുള്ള സൗഹൃദ മത്സരം. അവിടെ എത്തിയാൽ ലിറ്റിൽ മാസ്റ്ററെ നേരിട്ട് കാണാമെന്ന് പ്രേം തിരിച്ചറിഞ്ഞു. ചില സുഹൃത്തുക്കളുടെ സഹായത്തോടെ മകനുമായി പ്രേം കൊച്ചിയിലെത്തി. സുനിൽ ഗവാസ്‌കറും സച്ചിൻ തെണ്ടുൽക്കറുമെല്ലാം ജിസിഡിഎ ഗ്രൗണ്ടിന്റെ ഉദ്ഘാടനത്തിന് അന്ന് കൊച്ചിയിലെത്തിയിരുന്നു. കേരളാ ക്രിക്കറ്റിലെ ഉന്നതരുടെ സഹായത്തോടെ ഇന്ത്യൻ താരങ്ങളുടെ ഡ്രെസിങ് റൂമിലേക്ക് റോഹനുമായി അച്ഛനെത്തി. മകന്റെ പ്രതിഭ വിശദീകരിച്ചു. 1991ലായിരുന്നു അത്.
ചേട്ടന്മാരുടെ പന്തുകളെ എങ്ങോട്ടും അടിച്ചു പായിക്കുന്ന നാലര വയസുകാരനെ ആവേശത്തോടെ ഗവാസ്‌കറും സച്ചിനുമെല്ലാം സ്വീകരിച്ചു. സുനിൽ ഗാവസ്‌കർ വാൽസല്യത്തോടെ റോഹനെ പ്രോത്സാഹിപ്പിച്ചു. സച്ചിന്റെ മടിയിലും അന്ന് ഈ കൊച്ചു മിടുക്കനിരുന്നു. കളിയിൽ ശ്രദ്ധിച്ച് മുന്നോട്ട് പോകണമെന്ന ഇന്ത്യൻ ക്രിക്കറ്റിലെ ലിറ്റിൽ മാസ്റ്ററുടെ വാക്കുകൾ റോഹന്റെ അച്ഛന് ആവേശമായി. അന്ന് മുതൽ ഈ അച്ഛനും മകനും ക്രിക്കറ്റിന് പിന്നാലെ മാത്രമായി യാത്ര. ഈ കഠിനാദ്ധാനത്തിനും പ്രതിഭയുടെ മികവിനും അനുസരിച്ചുള്ള അംഗീകാരങ്ങൾ റോഹനെ തേടിയെത്തിയിട്ടില്ലെന്നതാണ് യാഥാർത്ഥ്യം.

രഞ്ജി ട്രോഫിയിൽ പത്ത് സെഞ്ച്വറികൾ. ഒരു കേരളാ താരത്തിന്റെ രഞ്ജിയിലെ സെഞ്ച്വറികളുടെ റിക്കോർഡ് റോഹന് അവകാശപ്പെട്ടതാണ്. രഞ്ജി ക്രിക്കറ്റിൽ കേരളത്തിന്റെ വന്മതിലായിരുന്നു റോഹൻ. എതിരാളിക്ക് വിള്ളലുണ്ടാക്കാൻ അവസരം നൽകാതെ വിക്കറ്റിന് മുന്നിൽ ഉറച്ച് നിന്ന് പല ഉജ്ജ്വല വിജയങ്ങളും റോഹൻ നൽകി കഴിഞ്ഞു. രഞ്ജിയിൽ കോട്ട കാക്കുമ്പോൾ ഏകദിനത്തിൽ സാഹചര്യത്തിന് അനുസരിച്ച് ശൈലിമാറ്റി കളിക്കാനുമാകുമെന്നും റോഹൻ തെളിയിച്ചു. കേരളാ ക്രിക്കറ്റിന് നിരവധി സുവർണ്ണ വിക്കറ്റുകൾ നൽകിയ ഗോൾഡൺ ആമിനും ഉടമയാണ് റോഹൻ. അണ്ടർ 19 വിഭാഗത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. ഗോഡ് ഫാദറില്ലാതെയാണ് കേരളാ ക്രിക്കറ്റിന്റെ രക്ഷകനായി പലവട്ടം റോഹൻ മാറി.
1992ൽ ജിസിഡിഎ ഗ്രൗണ്ടിൽ ഗവാസ്‌കറേയും സച്ചിനേയും കണ്ടതിന് മുമ്പ് തന്നെ പാഡും ബാറ്റും റോഹൻ സ്വന്തമാക്കിയിരുന്നു. കേരളാ സ്പോർട്സ് കൗൺസിൽ കോച്ചായിരുന്ന ശ്രീകുമാറിന് അടുത്ത് മൂന്നര വയസ്സുകാരനുമായി പ്രേം എത്തി. ശ്രീകുമാർ നിരുത്സാഹപ്പെടുത്തിയില്ല. അന്നുമുതൽ സെൻട്രൽ സ്റ്റേഡിയത്തിലെ പരിശീലനത്തിനെത്തുന്ന ചേട്ടന്മാരുടെ വിസ്മയിപ്പിക്കുന്ന കുഞ്ഞനുജനായി റോഹൻ മാറി. എട്ടാമത്തെ വയസ്സിൽ അണ്ടർ 13 ടീമിനായുള്ള സെലക്ഷൻ ട്രയിൽസിന് റോഹനെത്തി. സൗത്ത് സോൺ ടീമിൽ എട്ടുവയസ്സുകാരനെ എങ്ങനെ ഉൾപ്പെടുത്തുമെന്ന ചിന്ത സെല്ക്ടർമാർക്കുണ്ടായിരുന്നു. സെലക്ടറായിരുന്ന മുൻ രഞ്ജി ട്രോഫി താരം മോഹൻ ചില സംശയങ്ങൾ പ്രകടിപ്പിച്ചു. അതി വേഗതയിൽ വരുന്ന പന്തുകൊണ്ട് കൊച്ചു പയ്യന് പരിക്ക് പറ്റുമോ എന്നതായിരുന്നു സംശയം.
എന്നാൽ മകന് ഏത് പന്തും നേരിടാനാകുമെന്ന അച്ഛൻ പ്രേമിന്റെ വാക്കുകളിൽ വിശ്വാസം അർപ്പിച്ച് റോഹന് ചാൻസ് കൊടുത്തു. പിന്നീട് ആരുടെ മുന്നിലും മകനായി ചാൻസ് ചോദിച്ച് ഈ അച്ഛൻ നിന്നിട്ടില്ല. എല്ലാം പ്രകടന മികവിൽ റോഹൻ നേടിയെടുക്കുകയായിരുന്നു. അണ്ടർ പതിമൂന്ന് വയസ്സുള്ളവരുടെ സൗത്ത് സോൺ ടീമിൽ എട്ടാം വയസ്സിലെത്തിയ റോഹൻ ആ വർഷം തന്നെ കേരളാ ടീമിന്റെ ഭാഗവുമായി. എന്നാൽ ആദ്യ രണ്ട് കൊല്ലവും കൊച്ചു പയ്യന് കളിക്കാൻ അവസരം കിട്ടിയില്ല. പത്താം വയസ്സാകുമ്പോൾ അണ്ടർ 13 എന്നത് അണ്ടർ 14 ആയി. അപ്പോഴേക്ക് റോഹനെ കണ്ടില്ലെന്ന് നടക്കാൻ കേരളാ ക്രിക്കറ്റിന് കഴിയുമായിരുന്നില്ല, അങ്ങനെ പത്താം വയസ്സിൽ കേരളത്തിന്റെ കുപ്പായത്തിൽ കളിക്കാനിറങ്ങി. ആദ്യ മത്സരത്തിൽ സെഞ്ച്വറി. പിന്നെ നാല് കൊല്ലം ഈ ടീമിന്റെ പ്രധാനമുഖം. അണ്ടർ 16 ടീമിൽ പതിനാലാം വയസ്സിലും കളിച്ചു. ജൂനിയർ ക്രിക്കറ്റിൽ ആ ഇടംകൈയൻ ബാറ്റ്‌സ്മാൻ അന്ന് ഇന്ത്യയിലെ പ്രധാന താരമായിരുന്നു.

അങ്ങനെ അണ്ടർ 19 ഇന്ത്യൻ ടീമിലും റോഹനെത്തി. പ്രതിഭയ്ക്കുള്ള ആദ്യ പ്രധാന അംഗീകാരം. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ഒരു മത്സരത്തിൽ മാത്രമാണ് റോഹൻ കളിച്ചത്. ഇരുപത് റൺസാണ് അന്ന് നേടിയത്. ഇതോടെ കേരളത്തിലെ സെലക്ടർമാരും റോഹനിൽ ഭാവി വാഗദാനത്തെ കണ്ടു. സീനിയർ ടീമിന്റെ ഭാഗവുമായി. പിന്നെ നേട്ടങ്ങൾ ക്രീസിൽ നിന്ന് റോഹൻ അടിച്ചു കൂട്ടി. നിരവധി ഘട്ടങ്ങളിലൂടെ റോഹനെന്ന താരം കടന്നു പോയിട്ടുണ്ട്. തുടക്കത്തിൽ പ്രതിരോധത്തിലെ മികവിലും ഷോട്ടുകളുടെ ക്ലാസിലുമായിരുന്നു റോഹന്റെ ശ്രദ്ധ.
മൂന്നര വയസ്സിൽ ശ്രീകുമാർ സാറായിരുന്നു റോഹന്റെ കോച്ച്. ക്രിക്കറ്റിലെ പ്രാഥമിക പാഠങ്ങൾ പഠിച്ചത് ഇവിടെ നിന്നാണ്. എട്ട് വയസുള്ളപ്പോൾ ട്രിവാൻഡ്രം ക്രിക്കറ്റ് അക്കാഡമിയുടെ ഭാഗമായി. പി രംഗനാഥനെന്ന രഞ്ജി താരമായിരുന്നു അവിടെ പരിശീലകൻ. ബാറ്റിംഗിൽ പുത്തൻ പാഠങ്ങൾ ഉൾക്കൊണ്ട് കിഡ്‌സ് ക്രിക്കറ്റ് ക്ലബ്ബിലേക്കും. ക്ലബ് ക്രിക്കറ്റിലും മറ്റും റോഹൻ കളിക്കാൻ തുടങ്ങുന്നത് അവിടെ നിന്നാണ്. ധാരാളം മത്സരം പരിചയം റോഹനെന്ന പ്രതിഭയ്ക്ക് കിഡ്‌സ് ക്രിക്കറ്റ് ക്ലബ്ബിന്റെ സാരഥിയായ ഡോക്ടർ അനിൽ കുമാർ ഒരുക്കി നൽകി. പിന്നെ ബിജു ജോർജ്ജെന്ന പരിശീലകന്റെ അടുത്തേക്ക്. റോഹനെ ആത്മവിശ്വാസമുള്ള ബാറ്റിങ് പ്രതിഭയാക്കിയത് സായി പരിശീലകൻ കൂടിയായ ബിജു ജോർജ്ജാണ്.
ജൂനിയർ ഇന്ത്യൻ ടീമിലെത്തുന്ന താരമാക്കി ഈ പ്രതിഭയെ മാറ്റിയത് ബിജു ജോർജ്ജാണ്. കേരളാ ക്രിക്കറ്റിലെ വന്മതിലെന്ന വിശേഷണത്തിൽ നിന്നും ഫ്‌ളെക്‌സിബിളായ ടോട്ടൽ ബാറ്റ്‌സ്മാനിലേക്ക് റോഹനെ മാറ്റിയത് ഫിലിപ്പെന്ന കോച്ചും. കേരളാ ക്രിക്കറ്റിലെ വന്മതിലെന്നതിനപ്പുറം ഫൽക്‌സിബിലിറ്റി ക്രിക്കറ്ററായി തന്നെ വിലയിരുത്താനാണ് റോഹന് താൽപ്പര്യം. ഡിഫൻസിലും ആക്രമണത്തിലും മികവ് കാട്ടാൻ കഴിയുന്നുമുണ്ട്. മോശം പന്തുകളെ തെരഞ്ഞെടുത്ത് ആക്രമിക്കുന്നതാണ് ശൈലി. ഫാസ്റ്റ് ബൗളർമാരേയും സ്പിന്നർമാരേയും ഒരു പോലെ നേരിടാനും കഴിയുന്നു. 37-ാം വയസ്സിലേക്ക് കടക്കുമ്പോഴും ആ റൺ നേടാനുള്ള മനസ്സ് മാറിയിട്ടില്ല. ഝാർഖണ്ഡിനെതിരെ നേടിയ 79 റൺസ് റേഹനും കേരളാ ക്രിക്കറ്റിനും ഏറെ വിലപ്പെട്ടതാണ്.


