നാഗ്പൂർ: ബോർഡർ-ഗാവസ്‌കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിന്റെ ഒന്നാം ദിനം ഓസ്‌ട്രേലിയൻ മധ്യനിരയെ കറക്കിവീഴ്‌ത്തി അഞ്ച് വിക്കറ്റ് സ്വന്തമാക്കിയ രവീന്ദ്ര ജഡേജക്കെതിരെ ആരോപണവുമായി മുൻതാരങ്ങൾ അടക്കം രംഗത്ത്. മത്സരത്തിനിടെ ജഡേജ വിരലിൽ കൃത്രിമം നടത്തിയതായാണ് ട്വിറ്ററിൽ പലരും വീഡിയോ പങ്കുവെച്ചുകൊണ്ട് ആരോപിക്കുന്നത്.

സഹതാരം മുഹമ്മദ് സിറാജ് എന്തോ കൈമാറുന്നതും ജഡേജ അതുപയോഗിച്ച് വിരലിൽ ഉരയ്ക്കുന്നതും കാണാം എന്നാണ് ഒരുപറ്റം ആരാധകരുടെ വാദം. എന്നാൽ വിരലിലല്ല, പന്തിലാണ് ജഡേജ എന്തോ ചെയ്യുന്നത് എന്ന് വാദിക്കുന്ന ആരാധകരുമുണ്ട്. എന്നാൽ ഇക്കാര്യത്തിലൊന്നും വ്യക്തത വന്നിട്ടില്ല. ആരോപണത്തിൽ ഇന്ത്യൻ ടീം ഇതുവരെ പ്രതികരിച്ചിട്ടില്ല. വിവാദ വീഡിയോ വൈറലായതോടെ പ്രതികരണവുമായി ഓസീസ് ടെസ്റ്റ് ടീം മുൻ നായകൻ ടിം പെയ്ൻ രംഗത്തെത്തിയിട്ടുണ്ട്. 'Interesting' എന്ന ഒറ്റ വാക്കോടെയാണ് ടിം പെയ്ന്റെ കമന്റ്.

മത്സരത്തിനിടെ ജഡേജ വിരലിൽ എന്തോ പുരട്ടുകയോ ഉരയ്ക്കുകയോ എന്ന് സംശയം തോന്നിപ്പിക്കുന്ന വീഡിയോയുമായി ഓസ്‌ട്രേലിയൻ മാധ്യമങ്ങളും ഒരുകൂട്ടം ആരാധകരുമാണ് രംഗത്തെത്തിയത്. ഇതിന് പിന്നാലെ ജഡ്ഡുവിനെതിരെ ചോദ്യമുയർത്തി ഇംഗ്ലണ്ട് മുൻ ക്യാപ്റ്റൻ മൈക്കൽ വോണും രംഗത്തെത്തി.

ഫോക്സ് ക്രിക്കറ്റിന്റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ടാണ് രവീന്ദ്ര ജഡേജയ്ക്കെതിരെ മൈക്കൽ വോണിന്റെ ഒളിയമ്പ്. ഇന്ത്യ-ഓസീസ് ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിനിടയിൽ കണ്ട സംശയാസ്പദമായ ഒരു സംഭവം ചർച്ചയാവുന്നു എന്നായിരുന്നു ഫോക്സ് ക്രിക്കറ്റിന്റെ ട്വീറ്റ്. ഇതിനെ കുറിച്ചുള്ള മൈക്കൽ വോണിന്റെ പ്രതികരണമാണ് വിവാദം ചൂടുപിടിപ്പിക്കുന്നത്. 'തന്റെ സ്പിന്നിങ് വിരലിൽ ജഡേജ എന്താണ് പുരട്ടുന്നത്? മുമ്പൊരിക്കലും ഇത് കണ്ടിട്ടില്ല' എന്നായിരുന്നു ഫോക്സ് ക്രിക്കറ്റിന്റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ടുള്ള വോണിന്റെ റീ-ട്വീറ്റിലെ വാക്കുകൾ.

നാഗ്പൂരിൽ ഓസീസിന്റെ ഒന്നാം ഇന്നിങ്സിൽ 63.5 ഓവറിൽ 22 ഓവറും എറിഞ്ഞ ജഡേജ 47 മാത്രം റൺസ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് കരസ്ഥമാക്കിയിരുന്നു. വമ്പന്മാരായ മാർനസ് ലബുഷെയ്നെയും സ്റ്റീവ് സ്മിത്തിനേയും കൂടാതെ മാറ്റ് റെൻഷോ, പീറ്റൻ ഹാൻഡ്സ്‌കോമ്പ്, ടോഡ് മർഫി എന്നിവരെയും ജഡ്ഡു പുറത്താക്കി. കാൽമുട്ടിലെ ശസ്ത്രക്രിയക്ക് ശേഷമുള്ള മടങ്ങിവരവിലാണ് ജഡേജയുടെ അഞ്ച് വിക്കറ്റ് പ്രകടനം. അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ജഡ്ഡു ഇന്ത്യൻ കുപ്പായമണിയുന്നത്. ഓസീസിന് എതിരെ ഇറങ്ങും മുമ്പ് രഞ്ജി ട്രോഫിയിൽ ഒരിന്നിങ്സിലെ ഏഴ് അടക്കം മത്സരത്തിൽ എട്ട് വിക്കറ്റുമായി ജഡേജ തിളങ്ങിയിരുന്നു. ആ മികവ് താരം തുടരുകയായിരുന്നു നാഗ്പൂരിൽ ഓസീസിനെതിരെ.

രവീന്ദ്ര ജഡേജ അഞ്ചും രവിചന്ദ്രൻ അശ്വിൻ മൂന്നും മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും ഓരോ വിക്കറ്റും നേടിയപ്പോൾ നാഗ്പൂരിൽ ഓസീസ് ആദ്യ ഇന്നിങ്സിൽ 63.5 ഓവറിൽ 177 റൺസിൽ ഓൾഔട്ടായി. 123 പന്തിൽ 49 റൺസ് നേടിയ മാർനസ് ലബുഷെയ്നാണ് സന്ദർശകരുടെ ടോപ് സ്‌കോറർ. സ്റ്റീവ് സ്മിത്ത് 107 പന്തിൽ 37 ഉം പീറ്റൻ ഹാൻഡ്സ്‌കോമ്പ് 84 പന്തിൽ 31 ഉം അലക്സ് ക്യാരി 33 പന്തിൽ 36 ഉം റൺസെടുത്തപ്പോൾ മറ്റാരെയും രണ്ടക്കം കാണാൻ ഇന്ത്യൻ ബൗളർമാർ അനുവദിച്ചില്ല. വാർണർക്ക് പുറമെ സഹഓപ്പണർ ഉസ്മാൻ ഖവാജയും ഒരു റൺസിൽ പുറത്തായി.