ചെന്നൈ: ഐപിഎൽ 16ാം സീസണിൽ ചെന്നൈ സൂപ്പർ കിങ്‌സ് ഫൈനൽ ബർത്ത് ഉറപ്പിച്ചെങ്കിലും നായകൻ എം എസ് ധോണിയും മുൻ നായകൻ രവീന്ദ്ര ജഡേജയും തമ്മിലുള്ള അസ്വാരസ്യം ടീം മാനേജ്‌മെന്റിന് തലവേദനയാകുന്നു. താരങ്ങളെ കൈകാര്യം ചെയ്യുന്നിലും അവരിൽ നിന്ന് ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്നതിലും പേരുകേട്ട ചെന്നൈ ടീം മാനേജ്‌മെന്റിന് ഏറ്റവും സീനിയറായ എംഎസ് ധോണിയും രവീന്ദ്ര ജഡേജയും തമ്മിലുള്ള തർക്കം പരിഹരിക്കാൻ കഴിയാത്തതാണ് ആശങ്ക സൃഷ്ടിക്കുന്നത്. അതിനിടെ ചെന്നൈ ആരാധകരെ വിമർശിച്ച് ജഡേജ രംഗത്ത് വന്നതും ടീം മാനേജ്‌മെന്റിനെ ഞെട്ടിച്ചിട്ടുണ്ട്.

ആദ്യ ക്വാളിഫയറിൽ ചെന്നൈ സൂപ്പർ കിങ്‌സിനെ വിജയത്തിലെത്തിയ തകർപ്പൻ പ്രകടനത്തിനു പിന്നാലെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഒരു വിഭാഗം ആരാധകരെ പരിഹസിച്ച് ജഡേജ രംഗത്ത് വന്നത്. തന്റെ മികവിൽ സംശയമുള്ള ആരാധകരെ ഉന്നമിട്ടാണ് മത്സരശേഷം ജഡേജ ട്വിറ്ററിലൂടെ രംഗത്തെത്തിയത്. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ ആദ്യം 16 പന്തിൽ രണ്ടു ഫോറുകൾ സഹിതം 22 റൺസെടുത്തും, പിന്നീട് നാല് ഓവറിൽ 18 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്‌ത്തിയുമാണ് ജഡേജ ചെന്നൈയുടെ വിജയശിൽപിയായത്.

കളിയിലെ കേമനായി തിരഞ്ഞെടുക്കപ്പെട്ടത് ഓപ്പണർ ഋതുരാജ് ഗെയ്ക്വാദാണെങ്കിലും, 'മോസ്റ്റ് വാല്യുബിൾ അസറ്റ് ഓഫ് ദി മാച്ച്' പുരസ്‌കാരം നേടിയത് ജഡേജയായിരുന്നു. 'അപ്‌സ്റ്റോക്‌സ്' സ്‌പോൺസർ ചെയ്യുന്ന ഈ പുരസ്‌കാരം ഏറ്റുവാങ്ങുന്ന ചിത്രം സഹിതമാണ് ജഡേജ വിമർശകർക്കെതിരെ ആഞ്ഞടിച്ചത്. ''അപ്‌സ്റ്റോക്‌സിനു വരെ മനസ്സിലായി. എന്നിട്ടും ചില ആരാധകർക്ക് ഇതുവരെ മനസ്സിലായിട്ടില്ല' ഇതായിരുന്നു ജഡേജ ട്വിറ്ററിൽ കുറിച്ച വാക്കുകൾ. ഗുജറാത്തിനെതിരായ മത്സരത്തിൽ താൻ ചെലുത്തിയ സ്വാധീനം പുരസ്‌കാരം സമ്മാനിച്ച 'അപ്‌സ്റ്റോക്‌സ്' തിരിച്ചറിഞ്ഞെങ്കിലും, ഒരു വിഭാഗം ആരാധകർ ഇപ്പോഴും വിമർശനം തുടരുന്നു എന്നായിരുന്നു ട്വീറ്റിന്റെ അർഥം.

ജഡേജ പരസ്യമായി ആരാധകരെയാണ് ലക്ഷ്യമിടുന്നതെങ്കിലും ടീമിന്റെ നായകന് കൂടിയുള്ള മറുപടിയായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ലീഗ് റൗണ്ടിലെ അവസാന പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിനെ തകർത്താണ് ചെന്നൈ സൂപ്പർ കിങ്‌സ് രണ്ടാം സ്ഥാനക്കാരായി ക്വാളിഫയർ ഉറപ്പിച്ചത്. എന്നാൽ മത്സരശേഷം ധോണിയും ജഡേജയും തമ്മിൽ രൂക്ഷമായ വാർക്കുതർക്കത്തിൽ ഏർപ്പെടുന്നതിന്റെ ദൃശ്യങ്ങളും ജഡേജയോട് ധോണി അനിഷ്ടം പ്രകടിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. മത്സരത്തിലെ ജഡേജയുടെ പ്രകടനത്തിലുള്ള അസംതൃപ്തിയാണ് ധോണി പ്രകടിപ്പിച്ചത് എന്നായിരുന്നു വാർത്തകൾ.



ഡൽഹിക്കെതിരെ നാലോവർ എറിഞ്ഞ ജഡേജ 50 റൺസ് വഴങ്ങിയാണ് ഒരു വിക്കറ്റെടുത്തത്. ഇതിന് പിന്നാലെ ജഡേജയുടെ ഒരു പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായി. കർമം നിങ്ങളെ പിന്തുടരും, ഇപ്പോഴല്ലെങ്കിൽ എപ്പോഴായാലും അത് സംഭവിക്കുമെന്നും ജഡേജ കുറിച്ചു. ഈ പോസ്റ്റിലെ ദുരൂഹത ആരാധകർ ചർച്ചയ്ക്കിടയാക്കി. ധോണിയെക്കുറിച്ച് പരോക്ഷമായി സൂചിപ്പിച്ചാണ് ജഡേജയുടെ പോസ്റ്റെന്ന് ചില ആരാധകർ ചൂണ്ടിക്കാട്ടുന്നു. ഇതിന് പിന്നാലെ ജഡേജയുടെ ഭാര്യ റിവാബ ക്രിക്കറ്റ് താരത്തിന്റെ പോസ്റ്റ് റീട്വീറ്റ് ചെയ്യുകയും നിങ്ങളുടെ സ്വന്തം വഴിയിലൂടെ നടക്കുകയെന്ന് ഉപദേശിക്കുകയും ചെയ്തത് കൂടുതൽ അഭ്യൂഹങ്ങൾക്കിടയാക്കി.

കഴിഞ്ഞ സീസണിന്റെ തുടക്കത്തിൽ ജഡേജയെ ക്യാപ്റ്റനാക്കിയ ചെന്നൈ തുടർ തോൽവികളെ തുടർന്ന് പാതിവഴിക്ക് ക്യാപ്റ്റൻസിയിൽ നിന്ന് മാറ്റി ധോണിയെ വീണ്ടും ക്യാപ്റ്റനായിക്കിയിരുന്നു. ടീം മാനേജ്മെന്റിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് ജഡേജ സിഎസ്‌കെ വിടാൻ ഒരുങ്ങുകയും ചെയ്തു. പിന്നീട് താരം ടീമിൽ തുടരുകയായിരുന്നു. അന്ന് ധോണി ജഡേജയ്ക്കെതിരെ പറഞ്ഞ വാക്കുകളിൽ താരം അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

എന്നാൽ ഈ സീസണ് മുമ്പ് ധോണി ഇടപെട്ട് ജഡേജയും ടീം മാനേജ്‌മെന്റുമായുള്ള പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചുവെന്നായിരുന്നു റിപ്പോർട്ടുകൾ. അതിനിടെയാണ് ധോണി തന്നെ ജഡേജയോട് പരസ്യമായി ദേഷ്യപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത്. രണ്ട് മുതിർന്ന സിഎസ്‌കെ ക്രിക്കറ്റ് താരങ്ങൾക്കിടയിൽ എല്ലാം ശരിയല്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.



ഈ ഐപിഎൽ സീസണിൽ ജഡേജ ആരാധകർക്കെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തുന്നത് ഇതാദ്യമല്ല. ഈ മാസം ആദ്യം ചെന്നൈ സൂപ്പർ കിങ്‌സിന്റെ ഹോം ഗ്രൗണ്ടായ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ നടന്ന മത്സരത്തിനു ശേഷവും ജഡേജ ആരാധകർക്കെതിരെ രംഗത്തെത്തിയിരുന്നു.

ചെന്നൈ സൂപ്പർ കിങ്‌സിനായി നേരത്തേ ബാറ്റിങ്ങിന് ഇറങ്ങുന്നതിൽ തനിക്കു താൽപര്യമില്ലെന്നായിരുന്നു ജഡേജയുടെ പ്രഖ്യാപനം. നേരത്തേ ബാറ്റിങ്ങിന് ഇറങ്ങിയാൽ താൻ വേഗം പുറത്താകാൻ സ്വന്തം ആരാധകർ തന്നെ ആഗ്രഹിക്കുമെന്ന് ജഡേജ ചൂണ്ടിക്കാട്ടിയിരുന്നു. തനിക്കു ശേഷം ഇറങ്ങുന്ന ധോണിയുടെ ബാറ്റിങ് കാണാനാണ് ചെന്നൈ ഫാൻസിനു താൽപര്യമെന്നും അന്ന് അദ്ദേഹം പറഞ്ഞു.