നാഗ്പൂർ: ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിൽ ബോളിങ്ങിനിടെ ഫീൽഡ് അമ്പയറെ അറിയിക്കാതെ വിരലിൽ ക്രീം പുരട്ടിയ രവീന്ദ്ര ജഡേജയ്‌ക്കെതിരെ നടപടിയെടുത്ത് ഇന്റർനാഷനൽ ക്രിക്കറ്റ് കൗൺസിൽ. ഓൺഫീൽഡ് അംപയർമാരുടെ അനുമതിയില്ലാതെ ക്രീം ഉപയോഗിച്ചതിനാണു നടപടി. ഐസിസി പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമായതിനാൽ താരത്തിന് മാച്ച് ഫീയുടെ 25 ശതമാനം പിഴ വിധിക്കുകയും ഒരു ഡീമെറിറ്റ് പോയന്റ് ചുമത്തുകയും ചെയ്തു.

ഇന്ത്യ ഓസ്‌ട്രേലിയ ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിവസമാണ് ജഡേജ ക്രീം ഉപയോഗിച്ചത്. മുഹമ്മദ് സിറാജിന്റെ കയ്യിൽനിന്ന് ക്രീം എടുത്ത് ജഡേജ വിരലിൽ പുരട്ടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

മുഹമ്മദ് സിറാജിന്റെ കൈയിൽ ഉണ്ടായിരുന്ന ഒരു ക്രീം ജഡേജ തന്റെ ഇടത് ചൂണ്ടുവിരലിൽ പുരട്ടുന്നതിന്റെ ദൃശ്യങ്ങളാണ് ക്യാമറ ഒപ്പിയെടുത്തത്. ഇത് നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു. ജഡേജ പന്തിൽ കൃത്രിമം കാണിച്ചു എന്നുവരെ ആരോപണങ്ങൾ ഉയർന്നു. എന്നാൽ ഇതിനുപിന്നാലെ ബിസിസിഐ തന്നെ വിശദീകരണവുമായി രംഗത്തെത്തി. വിരലിലെ വേദന കുറയ്ക്കുന്നതിനുള്ള ക്രീമാണ് ജഡേജ പുരട്ടിയതെന്ന് ടീം മാനേജ്മെന്റ് ഐസിസി മാച്ച് റഫറി ആൻഡി പിക്രോഫ്റ്റിനെ അറിയിച്ചു.

എങ്കിലും ഇക്കാര്യം ഫീൽഡ് അമ്പയർമാരെ അറിയിക്കാതിരുന്നത് ഐസിസി പെരുമാറ്റച്ചട്ടത്തിലെ 2.20 വകുപ്പിന്റെ ലംഘനത്തിന്റെ പരിധിയിൽ വരുന്നതിനാൽ ഒടുവിൽ നടപടിയെടുക്കുകയായിരുന്നു. മത്സരത്തിനിടെ കൈയിൽ എന്ത് വസ്തു ഉപയോഗിക്കുന്നതിന് മുമ്പ് ഫീൽഡ് അമ്പയറിൽ നിന്ന് അനുമതി വാങ്ങണം.

മാച്ച് ഫീസിന്റെ 25 ശതമാനം രവീന്ദ്ര ജഡേജ പിഴയായി അടയ്‌ക്കേണ്ടിവരും. അതേസമയം ആരോഗ്യപരമായ കാരണങ്ങൾ കൊണ്ടാണ് ജഡേജ ക്രീം ഉപയോഗിച്ചതെന്നു വ്യക്തമായതായും ഐസിസി പ്രസ്താവനയിൽ അറിയിച്ചു. പന്തിൽ കൃത്രിമം കാണിക്കാനല്ല ജഡേജ ക്രീം ഉപയോഗിച്ചതെന്നും ഐസിസി നിലപാടെടുത്തു.

പരുക്കുമാറി തിരിച്ചെത്തിയ ജഡേജ വേദനയ്ക്കുള്ള മരുന്നാണു ഉപയോഗിച്ചതെന്ന് ബിസിസിഐ നേരത്തേ വിശദീകരണം നൽകിയിരുന്നു. സംഭവത്തിൽ ക്രിക്കറ്റ് ഓസ്‌ട്രേലിയ ഔദ്യോഗികമായി പരാതി ഉന്നയിച്ചിരുന്നില്ല. ഒന്നാം ടെസ്റ്റിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യ ഇന്നിങ്‌സിനും 132 റൺസിനും വിജയിച്ചപ്പോൾ കളിയിലെ താരമായത് ജഡേജയാണ്.

ഓസ്‌ട്രേലിയയുടെ ആദ്യ ഇന്നിങ്‌സിൽ 47 റൺസ് മാത്രം വഴങ്ങി താരം അഞ്ചു വിക്കറ്റുകൾ വീഴ്‌ത്തി. പിന്നീട് ബാറ്റിങ്ങിലും ജഡേജ തിളങ്ങി. 185 പന്തുകൾ നേരിട്ട താരം ആദ്യ ഇന്നിങ്‌സിൽ 70 റൺസെടുത്തു. രണ്ടാം ഇന്നിങ്‌സിൽ 34 റൺസ് വിട്ടുകൊടുത്ത് ഓസ്‌ട്രേലിയയുടെ രണ്ടു വിക്കറ്റുകളും ജഡേജ സ്വന്തമാക്കി.