ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗ് പുരോഗമിക്കുമ്പോൾ ട്വന്റി 20 ലോകകപ്പ് തിരഞ്ഞെടുപ്പും ചർച്ചയാണ്. വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് അടക്കം ശക്തമായ മത്സരമാണ് നടക്കുന്നത്. ഇപ്പോൾ ഐപിഎല്ലിൽ കളിക്കുന്ന ചില താരങ്ങളെ ലോകകപ്പ് ടീമിൽ എടുക്കണമെന്ന ആവശ്യവും ശക്തമാണ്. ഇതിനിടെ നന്നായി കളിക്കുന്നുണ്ടെങ്കിലും റിയാൻ പരാഗ്, മായങ്ക് യാദവ്, അഭിഷേക് ശർമ്മ, ഹർഷിത് റാണ തുടങ്ങിയ താരങ്ങൾ ഇന്ത്യൻ ടീമിലേക്ക് എത്തില്ലെന്നാണ് ബിസിസിഐ നൽകുന്ന സൂചന.

ട്വന്റി 20 ലോകകപ്പ് ഒരു വലിയ ടൂർണമെന്റാണ്. റിയാൻ പരാഗ്, മായങ്ക് യാദവ്, അഭിഷേക് ശർമ്മ, ഹർഷിത് റാണ തുടങ്ങിയ താരങ്ങൾ ഇന്ത്യൻ ടീമിൽ ക്രിക്കറ്റ് കളിച്ചിട്ടുപോലുമില്ല. എന്നാൽ ഐപിഎല്ലിൽ ഇവരെല്ലാം നന്നായി കളിക്കുന്നുണ്ട്. എങ്കിലും ഇന്ത്യയ്ക്കായി പരമ്പരകൾ കളിക്കാത്ത താരങ്ങളെ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കാൻ കഴിയില്ലെന്നാണ് ബിസിസിഐ നിലപാട്.

ഈ താരങ്ങളെയെല്ലാം ബിസിസിഐ നിരീക്ഷിക്കുന്നുണ്ട്. വരാനിരിക്കുന്ന ക്രിക്കറ്റ് പരമ്പരകളിൽ ഇവർക്കെല്ലാം അവസരം ലഭിക്കും. മായങ്ക് യാദവിനെയും ഹർഷിത് റാണയെയും ആകാശ് മദ്വാളിനെയും നെറ്റ് ബൗളർമാരായി പരിഗണിക്കുന്നുവെന്നും ബിസിസിഐ വൃത്തങ്ങൾ സൂചന നൽകി.