മൊഹാലി: അർധ സെഞ്ചുറിയും ഓപ്പണിങ് വിക്കറ്റിൽ ഫാഫ് ഡൂപ്ലെസിക്ക് ഒപ്പം സെഞ്ചുറി കൂട്ടുകെട്ടുമായി നായക സ്ഥാനത്തേക്കുള്ള 'മടങ്ങിവരവ്' ആഘോഷമാക്കി വിരാട് കോലി. അർധസെഞ്ചുറികളുമായി ഡൂപ്ലെസിയും കോലിയും കളം നിറഞ്ഞതോടെ പഞ്ചാബ് കിങ്‌സ് ബൗളർമാർക്ക് വഴിമുട്ടി.

ഐപിഎല്ലിൽ പഞ്ചാബിനെതിരായ പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി ടോസിനെത്തിയ വിരാട് കോലിയെ കണ്ട് ആരാധകർ ആദ്യം ഞെട്ടിയിരുന്നു. എന്നാൽ നായകൻ ഫാഫ് ഡൂപ്ലെസിക്ക് പരിക്കായതിനാൽ ഇന്ന് കോലിയാണ് ബാംഗ്ലൂരിനെ നയിക്കുകയെന്ന മുരളി കാർത്തിക്കിന്റെ പ്രഖ്യാപനം കേട്ടതോടെ ഗ്യാലറിയിൽ നിന്ന് ആരവമുയർന്നു.

ചെന്നൈ സൂപ്പർ കിങ്‌സിനെതിരായ മത്സരത്തിലാണ് ആർസിബി നായകൻ ഫാഫ് ഡൂപ്ലെസിക്ക് പരിക്കേറ്റത്. ആർസിബിക്കായി വിരാട് കോലിക്ക് ഒപ്പം ഇംപാക്ട് പ്ലേയറായി ഡൂപ്ലെസി ബാറ്റിംഗിനിറങ്ങുമെന്നും എന്നാൽ ഫീൽഡ് ചെയ്യില്ലെന്നും ടോസ് സമയത്ത് വിരാട് കോലി വ്യക്തമാക്കിയിരുന്നു. 2021നുശേഷം ആദ്യമായാണ് വിരാട് കോലി ആർസിബിയെ നയിക്കുന്നത്.

2021ലെ എലിമിനേറ്റർ പോരാട്ടത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ആയിരുന്നു കോലി അവസാനം ആർസിബിയെ നയിച്ചത്. ആ മത്സരം ആർസിബി തോറ്റിരുന്നു. 2022ലെ മെഗാ താരലേലത്തിൽ ഫാഫ് ഡൂപ്ലെസിയെ ടീമിലെത്തിച്ച ആർസിബി നായകസ്ഥാനവും അദ്ദേഹത്തിന് നൽകി. ഡൂപ്ലെസിയുടെ നേതൃത്വത്തിലിറങ്ങിയ ആർസിബി കഴിഞ്ഞ സീസണിൽ പ്ലേ ഓഫിലെത്തിയിരുന്നു.

വിരാട് കോലി വീണ്ടും ക്യാപ്റ്റനായി എത്തിയതോടെ സമൂഹമാധ്യമങ്ങളിലും ആരാധകർക്ക് ആവേശം അടക്കാനായില്ല. കോലി ടോസിനായി എത്തുന്നത് പഴയ ഓർമകൾ തിരികെ കൊണ്ടുവരുന്നുവെന്ന് ആരാധകർ പറയുമ്പോൾ കോലിയെ ക്യാപ്റ്റനായി കാണുന്നത് വ്യത്യസ്തമായ അനുഭവമാണെന്ന് എതിരാളികളായ പഞ്ചാബ് കിങ്‌സ് പോലും സമ്മതിക്കുന്നു.

ഡൂപ്ലെസിയുടെ അഭാവത്തിൽ ഗ്ലെൻ മാക്‌സ്വെല്ലിനെയോ ദിനേശ് കാർത്തിക്കിനെയോ ആർസിബി നായകനാക്കിയേക്കുമെന്നാണ് കരുതിയതെങ്കിലും കോലിയെ തന്നെ നായകനാക്കാനുള്ള തീരുമാനം ആരാധകർക്ക് പോലും അപ്രതീക്ഷിതമായിരുന്നു. സ്ഥിരം നായകനില്ലാതെ ആർസിബി ഇറങ്ങുമ്പോൾ പഞ്ചാബിനെ നയിക്കാൻ ഇന്ന് ശിഖർ ധവാനുമില്ല. ധവാന് പകരം സാം കറനാണ് ഇന്ന് പഞ്ചാബിനെ നയിക്കുന്നത്. കഴിഞ്ഞ മത്സരത്തിലും കറനാണ് പഞ്ചാബിനെ നയിച്ചത്