ഹൈദരാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനാറാം സീസണിൽ ജയത്തോടെ തുടക്കമിട്ടിട്ടും തുടർച്ചയായി മത്സരങ്ങൾ പരാജയപ്പെട്ട് പോയിന്റ് പട്ടികയിൽ ഏറ്റവും പിന്നിലേക്ക് കൂപ്പുകുത്തിയ ടീമായി സൺറൈസേഴ്സ് ഹൈദരാബാദ് മാറിയിരിക്കുകയാണ്. ഏറ്റവും പിന്നിൽ നിന്ന ഡൽഹി പോലും കഴിഞ്ഞ മത്സരത്തിൽ പഞ്ചാബിനെതിരെ ജയം നേടി മുന്നേറിയപ്പോൾ അവസാന മത്സരത്തിൽ ആർസിബിയോട് തോറ്റ ഹൈദരാബാദ് അവസാന സ്ഥാനക്കാരായി മാറുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കഴിഞ്ഞു. മുംബൈ ഇന്ത്യൻസിനെതിരെയാണ് ഹൈദരാബാദിന്റെ അവസാന മത്സരം. അതിൽ ജയിച്ച് മുംബൈയുടെ പ്ലേ ഓഫ് പ്രതീക്ഷകൾ തല്ലിത്തകർക്കാൻ ഹൈദരാബാദിനാവുമോയെന്നതാണ് ഇനി ആരാധകർ ഉറ്റുനോക്കുന്നത്.

ആർസിബിക്കെതിരേ സ്വന്തം തട്ടകത്തിൽ 186 റൺസടിച്ചിട്ടും ആർസിബി നാല് പന്തും എട്ട് വിക്കറ്റും ബാക്കിനിർത്തിയാണ് ജയം സ്വന്തമാക്കിയത്. ഹൈദരാബാദിന് ഒരു ഘട്ടത്തിലും ആർസിബിക്ക് വെല്ലുവിളി ഉയർത്താനായില്ലെന്ന് പറയാം. ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ തകർത്ത് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ പ്ലേ ഓഫ് സാധ്യത നിലനിർത്തിയപ്പോൾ ആറാം ഐപിഎൽ സെഞ്ചുറി നേട്ടവുമായി തിളങ്ങിയത് വിരാട് കോലിയാണ്.

സ്‌ട്രൈക്ക് റേറ്റിനെക്കുറിച്ചുയർന്ന വിമർശനങ്ങളെയെല്ലാം ബൗണ്ടറി കടത്തിയായിരുന്നു കോലി 63 പന്തിൽ 100 റൺസെടുത്തത്. 12 ബൗണ്ടറിയും നാല് സിക്‌സും പറത്തിയ ഇന്നിങ്‌സിൽ കോലി ഒരിക്കൽ പോലും തന്റെ ക്ലാസിക് ശൈലി മാറ്റിവെച്ച് പോലും അസാധാരണ ഷോട്ടുകൾക്ക് ശ്രമിച്ചിരുന്നില്ല.

കോലി സെഞ്ചുറി നേടിയപ്പോൾ ക്യാമറക്കണ്ണുകൾ ഹൈദരാബാദ് ടീം ഉടമ കാവ്യ മാരനിലേക്കും നീണ്ടു. മിക്ക മത്സരങ്ങളിലും ടീമിനെ പിന്തുണച്ച് കാവ്യ എത്താറുണ്ട്. എന്നാൽ, ഇത്തവണ ടീമിന്റെ തകർച്ചയിൽ കാവ്യ കടുത്ത നിരാശയിലാണ്. കോലി സെഞ്ചുറിയടിച്ചപ്പോഴും കാവ്യയും മുഖത്ത് നിരാശ പടർന്നു. ഇപ്പോൾ കാവ്യയുടെ വീഡിയോ ആണ് വൈറൽ ആയിരിക്കുന്നത്.

പലപ്പോഴും സന്തോഷത്തോടെ തുടങ്ങുന്ന കാവ്യ അവസാനം നിരാശപ്പെട്ട് സങ്കട മുഖഭാവത്തോടെയാണ് മടങ്ങുന്നത്. ആർസിബിക്കെതിരേയും കാവ്യമാരൻ സന്തോഷത്തോടെയാണ് തുടങ്ങിയത്. ഹെൻ റിച്ച് ക്ലാസൻ സെഞ്ച്വറി നേടിയപ്പോൾ കാവ്യ മാരൻ സന്തോഷത്തോടെ എഴുന്നേറ്റ് നിന്ന് കൈയിടിച്ചിരുന്നു. എന്നാൽ അതിന് ശേഷം വിരാട് കോലി സെഞ്ച്വറി നേടിയപ്പോൾ കാവ്യയുടെ മുഖ ഭാവം മാറി.

കോലി സെഞ്ച്വറി നേടിയപ്പോൾ നിരാശയോടെ സങ്കടപ്പെട്ടിരിക്കുന്ന കാവ്യയുടെ മുഖഭാവം വൈറലായിട്ടുണ്ട്. ഹൈദരാബാദിനെ പഴയ നിലയിലേക്ക് കാണാൻ സാധിക്കുമെന്ന് തോന്നുന്നില്ലെന്നും തിരിച്ചുവരാൻ കാവ്യയെ ലേലത്തിൽ പങ്കെടുപ്പിക്കാതിരിക്കണമെന്നുമാണ് ആരാധകർ പറയുന്നത്. കാവ്യ ലേലത്തിൽ പങ്കെടുത്താൽ പല മണ്ടൻ തീരുമാനങ്ങളുമെടുക്കും. അതെല്ലാം ടീമിനെ തകർക്കുന്നതായിരിക്കുമെന്നും ആരാധകർ പറയുന്നു.

കാവ്യയുടെ നിരാശപ്പെട്ടിരിക്കുന്ന മുഖഭാവം കാണാനാവില്ലെന്നും കാവ്യയുടെ സന്തോഷത്തിനായെങ്കിലും ഹൈദരാബാദ് അവസാന മത്സരം ജയിക്കണമെന്നുമാണ് ആരാധകർ പറയുന്നത്. മുംബൈക്കെതിരേ ഹൈദരാബാദിന്റെ മത്സരം കാണാൻ കാവ്യയുണ്ടാവുമോയെന്നത് കാത്തിരുന്ന് കാണാം. മുംബൈയെ തോൽപ്പിച്ചാലും ഹൈദരാബാദിന് ഈ സീസണിലെ നാണക്കേട് മായ്ക്കുക സാധിക്കില്ല.

ഹൈദരാബാദിന്റെ തോൽവിയിൽ ടീമിന്റെ ഉടമ കാവ്യാ മാരനെതിരേ വിമർശനവുമായി രംഗത്തെത്തുകയാണ് ആരാധകർ. കാവ്യയാണ് ഹൈദരാബാദിന്റെ തോൽവികൾക്ക് കാരണമെന്നാണ് ആരാധകർ പറയുന്നത്. ലേലത്തിൽ കാവ്യ കാട്ടിയ മണ്ടത്തരങ്ങളും ടീം ഉടമയെന്ന നിലയിലെടുത്ത തെറ്റായ തീരുമാനങ്ങളുമാണ് ഹൈദരാബാദിനെ ഈ അവസ്ഥയിലേക്കെത്തിച്ചതെന്നാണ് ആരാധകർ കുറ്റപ്പെടുത്തുന്നത്.

ഡേവിഡ് വാർണർ, കെയ്ൻ വില്യംസൺ, റാഷിദ് ഖാൻ എന്നിവരെയെല്ലാം ഹൈദരാബാദ് ഒഴിവാക്കിയത് കാവ്യയാണെന്നും മികച്ച താരങ്ങളെയെല്ലാം വിട്ടുകളഞ്ഞ് ഹാരി ബ്രൂക്കിനെ ടെസ്റ്റ് പ്രകടനം വിലയിരുത്തി ടീമിലേക്ക് പരിഗണിച്ചത് കാവ്യയാണെന്നും ആരാധകർ വിമർശിക്കുന്നു.

എയ്ഡൻ മാർക്രത്തെ ക്യാപ്റ്റനാക്കിയതിന് പിന്നിലും കാവ്യയുടെ ബുദ്ധിയാണോയെന്നാണ് ആരാധകർ ചോദിക്കുന്നത്. ഉംറാൻ മാലിക്കിനെപ്പോലൊരു സൂപ്പർ പേസറെ വേണ്ടവിധം ഉപയോഗിക്കാൻ പോലും ഇത്തവണ ഹൈദരാബാദിന് സാധിച്ചിട്ടില്ല. ഇത്രയും മോശം ടീം മാനേജ്മെന്റിനെ സൃഷ്ടിച്ചതിന് പിന്നിൽ കാവ്യയാണെന്നും സൗന്ദര്യം ഉള്ളവർക്ക് ബുദ്ധി കുറവായിരിക്കുമെന്നുമെന്നതിന് ഉദാഹരണമാണ് കാവ്യയെന്നാണ് ആരാധകർ പറയുന്നത്.

2016ലെ ചാമ്പ്യന്മാരായ നിരയാണ് ഹൈദരാബാദ്. അന്ന് മികച്ച താരങ്ങൾ ഹൈദരാബാദിനൊപ്പമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഏറ്റവും ദുർബല നിരയായി ഹൈദരബാദ് മാറിയിരിക്കുന്നു. ഈ ടീമിന് തിരിച്ചുവരാൻ അടിമുടി മാറ്റം ആവശ്യമാണെന്നും അന്താരാഷ്ട്ര ക്രിക്കറ്റിൽ മികവ് കാട്ടുന്ന ഫോമിലുള്ള താരങ്ങളെ ഹൈദരാബാദിനാവശ്യമാണെന്നും അടുത്ത സീസണിൽ ശക്തമായ തിരിച്ചുവരവിന് സാധിക്കട്ടേയെന്നുമാണ് ആരാധകർ പ്രതികരിക്കുന്നത്.

ഹെൻ റിച്ച് ക്ലാസൻ ഹൈദരാബാദിന് മുതൽക്കൂട്ടാണ്. അഭിഷേക് ശർമയും വളർന്നുവരാൻ സാധ്യതയുണ്ട്. എയ്ഡൻ മാർക്രം, രാഹുൽ ത്രിപാഠി, മായങ്ക് അഗർവാൾ എന്നിവരെയൊന്നും വിശ്വസ്തരെന്ന് പറയാനാവില്ല. ബൗളിങ് നിരയിൽ മാർക്കോ യാൻസനെ നിലനിർത്തി ബാക്കിയുള്ളവരെയെല്ലാം ഒഴിവാക്കണമെന്നും റാഷിദിന്റെ അഭാവം നികത്താൻ ശേഷിയുള്ള മുൻനിര സ്പിന്നറെ ഹൈദരാബാദ് സ്വന്തമാക്കണമെന്നുമാണ് ആരാധകർ പറയുന്നത്.