- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വനിത പ്രീമിയർ ലീഗ് കിരീടം റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്
ന്യൂഡൽഹി: വിരാട് കോലിയുടെ നേതൃത്വത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ഇത്രയും കാലം ഐപിഎൽ കിരീടത്തിനായി കളത്തിൽ ഇറങ്ങിയിട്ടും ഇനിയും വിജയതീരം അണിഞ്ഞിട്ടില്ല. കോലിയുടെ ആൺപടയ്ക്ക് സാധിക്കാത്തത് നേടിയിരിക്കയാണ് സ്മൃതി മന്ദാനയുടെ പെൺപട. വനിതാ പ്രീമിയർ ലീഗ് കിരീടം ആർസിബി നേടി. ഫൈനലിൽ ആതിഥേയരായ ഡൽഹി ക്യാപിറ്റൽസിനെ എട്ട് വിക്കറ്റിന് തോൽപിച്ചാണ് ആദ്യ കിരീട നേട്ടം.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഡൽഹി ക്യാപിറ്റൽസ് മുന്നോട്ടുവെച്ച 114 റൺസ് വിജയലക്ഷ്യം മൂന്ന് പന്ത് ബാക്കിനിൽക്കെ ബാംഗ്ലൂർ മറികടക്കുകയായിരുന്നു. മികച്ച തുടക്കം ലഭിച്ചിട്ടും തകർന്നടിഞ്ഞ ഡൽഹിയുടെ ബാറ്റിങ് നിരയാണ് തോൽവിയുടെ പ്രധാന കാരണക്കാർ. 37 പന്തിൽ 35 റൺസെടുത്ത് പുറത്താകാതെ നിന്ന എല്ലിസ് പെറിയും 27 പന്തിൽ 32 റൺസെടുത്ത സോഫി ഡിവൈനും 39 പന്തിൽ 31 റൺസെടുത്ത ക്യാപ്റ്റൻ സ്മൃതി മന്ഥാനയുമാണ് ബാംഗ്ലൂരിനെ ജയത്തിലേക്ക് നയിച്ചത്.
റിച്ച ഘോഷ് 14 പന്തിൽ 17 റൺസെടുത്ത് പുറത്താകാതെനിന്നു. ഡൽഹിക്കായി ശിഖ പാണ്ഡെ, മലയാളി താരം മിന്നു മണി എന്നിവർ ഓരോ വിക്കറ്റ് നേടി. രണ്ടോവറിൽ 12 റൺസ് വഴങ്ങിയായിരുന്നു മിന്നുവിന്റെ വിക്കറ്റ് നേട്ടം. നേരത്തെ തകർപ്പൻ തുടക്കത്തിന് ശേഷം ഡൽഹി നാടകീയമായി തകർന്നടിയുകയായിരുന്നു. ഓപണർമാരായ മേഗ് ലാന്നിങ്ങും ഷെഫാലി വർമയും ചേർന്ന് ആദ്യ വിക്കറ്റിൽ 7.1 ഓവറിൽ 64 റൺസ് അടിച്ചെടുത്ത ശേഷമായിരുന്നു ആതിഥേയരുടെ തകർച്ച.
സോഫി മൊളീനക്സിന്റെ ഉജ്ജ്വല ബൗളിംഗാണ് ആർസിബിയെ തിരികെ കളിയിൽ എത്തിച്ചത്. എട്ടാം ഓവർ എറിയാൻ മൊളീനക്സ് മൂന്ന് വിക്കറ്റാണ് ആ ഓവറിൽ നേടിയത്. ഈ തകർച്ചയിൽ കാലിടറിയ ഡൽഹി ക്യാപ്പിറ്റൽസ് പിന്നീട് ഇഴഞ്ഞിഴഞ്ഞ് നീങ്ങുകയായിരുന്നു. ആറ് ഓവറിൽ 61 റൺസുണ്ടായിരുന്ന ഡൽഹി ക്യാപിറ്റൽസ് അങ്ങനെ തട്ടിമുട്ടി 113 വരെ എത്തി. 18.3 ഓവറിനിടെത്തന്നെ എല്ലാവരും മടങ്ങി.
നാല് വിക്കറ്റ് വീഴ്‌ത്തിയ ശ്രേയങ്ക പാട്ടീലും രണ്ട് വിക്കറ്റ് നേടിയ മലയാളി താരം ആശ ശോഭനയും ചേർന്നാണ് ഡൽഹി ബാറ്റിങ് നിരയെ എറിഞ്ഞൊതുക്കിയത്. മലയാളി താരം ആശയ്ക്ക് കന്നി കിരീടം നേടാൻ സാധിച്ചപ്പോൾ ഡൽഹി ക്യാപ്പിറ്റൽസിലെ മലയാളി താരം മിന്നു മണിക്ക് കണ്ണീരായി.
27 പന്തിൽ മൂന്ന് സിക്‌സും രണ്ട് ഫോറുമടക്കം 44 റൺസടിച്ച ഷെഫാലി വർമയുടെ വിക്കറ്റാണ് ആദ്യം വീണത്. മോലിന്യൂക്‌സിന്റെ പന്തിൽ ജോർജിയ വരേഹം പിടികൂടുകയായിരുന്നു. ഇതോടെ കൂട്ടത്തകർച്ചയും തുടങ്ങി. തുടർന്നെത്തിയ ജമീമ റോഡ്രിഗസ്, ആലിസ് കാപ്‌സി എന്നിവരുടെ സ്റ്റമ്പുകൾ മോലിന്യൂക്‌സ് തെറിപ്പിച്ചു.
അടുത്തതായി വന്ന ജെമീമ റോഡ്രിഗസ് നേരിട്ട രണ്ടാം പന്തിൽത്തന്നെ മടങ്ങി (പൂജ്യം). പിന്നാലെയെത്തിയ അലിസ് കാപ്സി അലസമായ ഷോട്ടിന് ശ്രമിച്ച് പരാജയപ്പെട്ടു. കാപ്സിയും പൂജ്യത്തിന് മടങ്ങിയതോടെ ഡൽഹി ആക്രമണ ശൈലിയിൽനിന്ന് പ്രതിരോധ ശൈലിയിലേക്ക് മാറാൻ നിർബന്ധിതരായി. ഈ സമയങ്ങളിലൊക്കെ ഒരു വശത്ത് കരുതലോടെ നിലയുറപ്പിച്ചു നിൽക്കുകയായിരുന്നു ക്യാപ്റ്റൻ മെഗ് ലാനിങ്. 11-ാം ഓവറിലെ നാലാം പന്തിൽ ശ്രേയങ്ക പാട്ടീൽ വിക്കറ്റിനു മുന്നിൽ കുരുക്കി ലാനിങ്ങിനെയും പറഞ്ഞയച്ചു (23 പന്തിൽ 23 റൺസ്).
പതിന്നാലാം ഓവറിലാണ് പിന്നീട് വിക്കറ്റ് കണ്ടത്. മലയാളി താരം ആശ ശോഭന എറിഞ്ഞ ആദ്യ പന്തിൽത്തന്നെ മരിസാനെ കാപ്പിനെ സോഫി ഡിവൈന്റെ കൈകളിലേക്ക് നൽകി തിരിച്ചയച്ചു. 16 പന്തിൽ എട്ട് റൺസാണ് സമ്പാദ്യം. ഒന്നിടവിട്ട പന്തിൽജെസ് ജോനാസ്സനെയും മടക്കിയയച്ചു. ക്യാപ്റ്റൻ സ്മൃതി മന്ദാനയുടെ കൈകളിലേക്ക് നൽകിയായിരുന്നു വിക്കറ്റ് (11 പന്തിൽ 3 റൺസ്).
പതിനഞ്ചാം ഓവറിൽ ശ്രേയങ്ക പാട്ടീൽ എറിഞ്ഞ ആദ്യ പന്തിൽത്തന്നെ മലയാളി താരം മിന്നു മണി പുറത്തായി. ഇതോടെ ഡൽഹി 87-ൽ ഏഴ് എന്ന നിലയിലേക്ക് കൂപ്പുകുത്തി. 3 പന്തിൽ 5 റൺസാണ് മിന്നുമണിയുടെ സംഭാവന. ആശ ശോഭന എറിഞ്ഞ മൂന്നാം ഓവറിൽ രാധ യാദവും പുറത്തായി. സിംഗിളിനായി ശ്രമിച്ചപ്പോഴായിരുന്നു പുറത്താകൽ. നേരത്തേ മൂന്ന് വിക്കറ്റ് നേടിയ സോഫി മൊളീനക്സിന്റെ കൈകളിൽ ലഭിച്ച പന്ത് സ്റ്റമ്പിലേക്കെറിഞ്ഞത് പിഴച്ചില്ല. ഇതോടെ 101-ൽ എട്ട്.
പത്തൊൻപതാം ഓവറിലെ അടുത്തടുത്ത പന്തുകളിൽ യഥാക്രമം അരുന്ധതി റെഡ്ഢിയെയും (10) തനിയ ഭാട്യയെയും (പൂജ്യം) ശ്രേയങ്ക പാട്ടീലും മടക്കി. ശിഖ പാണ്ഡി വിക്കറ്റ് പോവാതെ അഞ്ചുറൺസ് നേടി.