അഹമ്മദാബാദ്: ഐപിഎൽ ചരിത്രത്തിലെ എക്കാലത്തെയും മികച്ച വിജയങ്ങളിൽ ഒന്നാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് കഴിഞ്ഞ ദിവസം ഗുജറാത്ത് ടൈറ്റൻസിനെ സ്വന്തമാക്കിയത്. അവസാന ഓവറിൽ ജയിക്കാൻ 29 റൺസും അവസാന അഞ്ച് പന്തിൽ 28 റൺസും വേണ്ടപ്പോൾ യാഷ് ദയാലിനെ തുടർച്ചയായി അഞ്ച് സിക്‌സ് പറത്തി റിങ്കു സിങ് നേടിയ വിജയത്തിന് സമാനതകളില്ല.

അവസാന ഓവറിൽ ഉമേഷ് യാദവായിരുന്നു റിങ്കുവിനൊപ്പം ക്രീസിലുണ്ടായിരുന്നത്. ജോഷ്വാ ലിറ്റിൽ എറിഞ്ഞ പത്തൊമ്പതാം ഓവറിലെ അവസനാ രണ്ട് പന്തും സിക്‌സിനും ഫോറിനും പറത്തിയ റിങ്കുവിന് അവസാന ഓവറിൽ സ്‌ട്രൈക്ക് നിലനിർത്താനായില്ല. അതുകൊണ്ടുതന്നെ ആദ്യ പന്ത് നേരിട്ടത് ഉമേഷ് യാദവായിരുന്നു. ആദ്യ പന്തിൽ ഉമേഷ് സിംഗിളെടുത്ത് സ്‌ട്രൈക്ക് റിങ്കുവിന് കൈമാറി. അതിനുശേഷം ഉമേഷ് നൽകിയ ഉപദേശത്തെക്കുറിച്ച് റിങ്കു സിങ് ചരിത്ര വിജയത്തിന് ശേഷം തുറന്നുപറഞ്ഞിരുന്നു.

ഒന്നും ആലോചിക്കേണ്ട, കണ്ണും പൂട്ടി അടിച്ചോ എന്നായിരുന്നു ഉമേഷ് എന്നോട് പറഞ്ഞത്. സത്യസന്ധമായി പറഞ്ഞാൽ ഞാൻ കൂടുതലൊന്നും ആലോചിച്ചിരുന്നില്ല.ഓരോ പന്തും എങ്ങനെ വരുന്നോ അങ്ങനെ അടിക്കുക എന്നു മാത്രമെ ചിന്തിച്ചുള്ളു.എനിക്കത് നേടാൻ കഴിയുമെന്നൊരു ഉൾവിളിയുണ്ടായിരുന്നു.കാരണം, കഴിഞ്ഞ സീസണിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെയും സമാനമായൊരു ഇന്നിങ്‌സ് ഞാൻ കളിച്ചിരുന്നു.അന്നും ഇന്നലത്തേതുപോലെ ഇതേ ആത്മവിശ്വാസം എനിക്കുണ്ടായിരുന്നു.

ഉമേഷ് എന്നോട് പറഞ്ഞത്, ആത്മവിശ്വാസം കൈവിടരുതെന്നും അധികമൊന്നും ആലോചിക്കാതെ അടിക്കാനുമായിരുന്നു. അതുതന്നെയാണ് താൻ ചെയ്തതെന്നും മത്സരശേഷം റിങ്കു സിങ് പറഞ്ഞു. കഴിഞ്ഞ വർഷം ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരായ മത്സരത്തിൽ 211 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തക്കായി റിങ്കു സിങ് 15 പന്തിൽ 40 റൺസടിച്ച് ഞെട്ടിച്ചിരുന്നു. അന്ന് പക്ഷെ രണ്ട് റൺസിന് കൊൽക്കത്ത തോറ്റിരുന്നു.

റിങ്കു സിങ് തർത്തടിച്ച് ജയം നേടിയപ്പോൾ അപ്പുറത്ത് ഹൃദയം തകർന്നപോലെ നിരാശനായി നിന്നതും ഒരു ഇന്ത്യൻ താരമായിരുന്നു. ഗുജറാത്തിന്റെ യുവ പേസർ യഷ് ദയാൽ. ദയാലിന്റെ അവസാന ഓവറിലാണ് റിങ്കു സിങ് അഞ്ച് സിക്‌സുകൾ അടിച്ച് കൊൽക്കത്തയെ വിജയത്തിലെത്തിച്ചത്. കൊൽക്കത്ത വിജയം ആഘോഷിക്കുക്കുമ്പോൾ സങ്കടം ആരും കാണാതിരിക്കാൻ കയ്യിലെ തൂവാല കൊണ്ട് മുഖം മറച്ചിരിക്കുകയായിരുന്നു യഷ് ദയാൽ.

നാല് ഓവറുകൾ പന്തെറിഞ്ഞ യഷ് ദയാൽ വഴങ്ങിയത് 69 റൺസാണ്. ദയാലിന് ആശ്വാസ വാക്കുകളുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് തന്നെ രംഗത്തെത്തിയതും ശ്രദ്ധേയമായി. സമൂഹമാധ്യമത്തിലാണ് യഷ് ദയാലിനുള്ള ചെറുകുറിപ്പ് കൊൽക്കത്ത പങ്കുവച്ചത്. ഈയൊരു പ്രകടനം കൊണ്ട് നിരാശനാകരുതെന്ന് ദയാലിനോടു കൊൽക്കത്ത നിർദേശിച്ചു.

''ഇതൊരു മോശം ദിവസമാണെന്നു കരുതിയാൽ മതി. ലോകത്തിലെ മികച്ച താരങ്ങൾക്കുവരെ ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. നിങ്ങളൊരു ജേതാവാണ്. നിങ്ങൾക്കു ശക്തമായി തിരിച്ചുവരാൻ സാധിക്കും.'' കൊൽക്കത്ത ഫേസ്‌ബുക്കിൽ കുറിച്ചു. ദയാലിന്റെ ചിത്രമടക്കം പങ്കുവച്ചാണു കൊൽക്കത്തയുടെ പ്രതികരണം.