- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തോല്‍വിയുറപ്പിച്ച ഘട്ടത്തില്‍ മത്സരത്തിന്റെ ഗതിമാറ്റിയ ഓവറുകള്‍; 19ാം ഓവര്‍ റിങ്കു സിങ്ങിന്; 20-ാം ഓവര്‍ സൂര്യയും; വെളിപ്പെടുത്തി ഇന്ത്യന്‍ നായകന്‍
പല്ലെക്കലെ: തോല്‍വി ഉറപ്പിച്ച ഘട്ടത്തില്‍ മത്സരത്തിന്റെ ഗതി തന്നെ മാറ്റിയ ആ രണ്ട് ഓവറുകള്‍.... സാക്ഷാല്‍ ജസ്പ്രീത് ബുമ്രയ്ക്കു പോലും സാധ്യമാകാത്ത തരം ഒരു മാജിക് നടത്തിയതാകട്ടെ റിങ്കു സിങും സൂര്യകുമാര്‍ യാദവും. ആറു വിക്കറ്റ് കയ്യിലിരിക്കെ 12 പന്തില്‍ നിന്ന് വിജയത്തിലേക്ക് ഒന്‍പതു റണ്‍സ് എന്ന നിലയില്‍ നില്‍ക്കെ ശ്രീലങ്കയെ ടൈയില്‍ കുരുക്കിയ ഇരുവരുടെയും അദ്ഭുത ബോളിങ്ങിന്റെ ആവേശം ഇനിയും ആരാധകരെ വിട്ടൊഴിഞ്ഞിട്ടില്ല.
മുഹമ്മദ് സിറാജിനും ഖലീല്‍ അഹമ്മദിനും ഓരോ ഓവര്‍ ബാക്കിനില്‍ക്കെയാണ് 19ാം ഓവറില്‍ റിങ്കു സിങ്ങിനെ ബോളിങ്ങിനായി ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് വിളിക്കുന്നത്. ശ്രീലങ്ക വിജയത്തിന് ഒന്‍പതു റണ്‍സ് മാത്രം അകലെ നില്‍ക്കെ, പരാജയപ്പെടുമെന്ന് ഉറപ്പുള്ള ഒരു പരീക്ഷണമായിട്ടു മാത്രമേ ക്യാപ്റ്റനും ടീം മാനേജ്‌മെന്റും ഈ നീക്കത്തെ കണ്ടിട്ടുണ്ടാകൂ. റിങ്കു ആദ്യ വിക്കറ്റെടുക്കുമ്പോള്‍ നായകന്‍ സൂര്യയുടെയും പരിശീലകന്‍ ഗൗതം ഗംഭീറിന്റെയും മുഖത്തെ ചിരി അതിന്റെ തെളിവായിരുന്നു.
എന്നാല്‍, റിങ്കു സിങ് അദ്ഭുതം കാട്ടി. ആറു പന്തിനിടെ രണ്ട് ശ്രീലങ്കന്‍ താരങ്ങളെ മടക്കിയയച്ച റിങ്കു വിട്ടുകൊടുത്തത് വെറും മൂന്നു റണ്‍സ്! ഒരറ്റത്ത് നിലയുറപ്പിച്ച് കളിച്ചിരുന്ന കുശാല്‍ പെരേര (34 പന്തില്‍ 46) ആണ് റിങ്കുവിനു മുന്നില്‍ വീണുപോയ ഒരാള്‍.
അവസാന ഓവറില്‍ വിജയം ആറു റണ്‍സ് അകലെ നില്‍ക്കെ മുഹമ്മദ് സിറാജിനെ പന്തെറിയാന്‍ വിളിച്ച സൂര്യ, ആ തീരുമാനം പിന്‍വലിച്ചാണ് സ്വയം ബോള്‍ ചെയ്യാന്‍ തീരുമാനിച്ചത്. രാജ്യാന്തര ട്വന്റി20യില്‍ സൂര്യയുടെയും ആദ്യ ഓവറായിരുന്നു ഇത്. മൂന്ന് ഓവറില്‍ 11 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മികച്ച രീതിയില്‍ പന്തെറിഞ്ഞിരുന്ന സിറാജിനെ മാറ്റി സ്വയം ബോള്‍ ചെയ്യാനെടുത്ത സൂര്യയുടെ തീരുമാനത്തിനു പിന്നിലെ ആത്മവിശ്വാസം എത്രത്തോളമായിരിക്കും? ഈ ഓവറില്‍ കാമിന്ദു മെന്‍ഡിസ്, മഹീഷ് തീക്ഷണ എന്നിവരെ പുറത്താക്കി സൂര്യയും ഞെട്ടിച്ചതോടെയാണ് മത്സരം ടൈയില്‍ അവസാനിച്ചതും സൂപ്പര്‍ ഓവറില്‍ ഇന്ത്യ വിജയം പിടിച്ചതും.
ഇരുപതാം ഓവര്‍ സ്വയം എറിയാന്‍ തീരുമാനമെടുത്തത് എളുപ്പമുള്ള കാര്യമായിരുന്നെന്നും പത്തൊന്‍പതാം ഓവറിന്റെ കാര്യത്തിലായിരുന്നും ബുദ്ധിമുട്ടെന്നും സൂര്യകുമാര്‍ യാദവ് മത്സരത്തിനു ശേഷം പ്രതികരിച്ചു. "മുഹമ്മദ് സിറാജിനും മറ്റു ചില ബോളര്‍മാര്‍ക്കും അവരുടെ ഓവറുകള്‍ ബാക്കിയുണ്ടായിരുന്നു. പക്ഷേ ഈ വിക്കറ്റില്‍ റിങ്കു സിങ് പന്തെറിയുന്നതായിരിക്കും നല്ലതെന്ന് എനിക്കു തോന്നി." സൂര്യകുമാര്‍ യാദവ് വ്യക്തമാക്കി.
"റിങ്കു സിങ് പന്തെറിയുന്നതു ഞാന്‍ മുന്‍പ് കണ്ടിട്ടുള്ളതാണ്. നെറ്റ്‌സില്‍ റിങ്കുവിനെക്കൊണ്ട് ഏറേ നേരം ബോളിങ് പരിശീലിപ്പിച്ചിരുന്നു. അതുകൊണ്ടു തന്നെ ഞാന്‍ അങ്ങനെയൊരു തീരുമാനമെടുത്താല്‍ അതു തെറ്റില്ലെന്ന് എനിക്കു തോന്നി. ഒരു ഇടംകയ്യന്‍ ബാറ്റര്‍ക്കെതിരെ വലംകയ്യന്‍ ബോളര്‍ പന്തെറിയുമ്പോള്‍ അതു ശരിക്കും ബാറ്ററെയാണു ബുദ്ധിമുട്ടിലാക്കുക. റിങ്കു തന്റെ കഴിവ് പൂര്‍ണമായും ഉപയോഗപ്പെടുത്തിയെന്നതു വലിയ കാര്യമാണ്. അദ്ദേഹം എന്റെ ജോലി കൂടുതല്‍ എളുപ്പമാക്കി. കാരണം ഇനി എനിക്കു മുന്നില്‍ ഒരു ബോളിങ് ഓപ്ഷന്‍ കൂടിയുണ്ട്.
"ഇന്ത്യ 30ന് നാലും 48 ന് അഞ്ചും ഒക്കെയുള്ള സമയത്ത് താരങ്ങള്‍ നടത്തിയ പ്രകടനമാണ് ശ്രീലങ്കയുടെ സാധ്യതകള്‍ ഇല്ലാതാക്കിയത്. ഇത്തരം പിച്ചുകളില്‍ ഈ സ്‌കോര്‍ മതിയാകുമെന്ന് എനിക്കു തോന്നിയിരുന്നു. ഒന്നര മണിക്കൂര്‍ നന്നായി പരിശ്രമിച്ചാല്‍ നമുക്ക് ഈ കളി ജയിക്കാന്‍ സാധിക്കുമെന്നാണ് ഫീല്‍ഡിങ്ങിന് ഇറങ്ങുന്നതിനു തൊട്ടുമുന്‍പ് ഞാന്‍ താരങ്ങളോടു പറഞ്ഞത്. കഴിഞ്ഞ മത്സരത്തിനു ശേഷം അടുത്ത കളിയില്‍ ഉണ്ടായിരിക്കില്ലെന്നു ഞാന്‍ ചില താരങ്ങളോടു പറഞ്ഞിരുന്നു. പുതിയ ആളുകള്‍ക്ക് അവസരം ലഭിക്കട്ടെയെന്നാണ് അവര്‍ എനിക്കു മറുപടി നല്‍കിയത്."
മൂന്നാം ട്വന്റി20 ടൈ ആയതോടെ സൂപ്പര്‍ ഓവറിലാണ് മത്സര വിജയികളെ തീരുമാനിച്ചത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ശ്രീലങ്ക അനാസായ വിജയം നേടുമെന്നു തോന്നിച്ച ഘട്ടത്തില്‍നിന്നാണ് ഇന്ത്യ കളി സൂപ്പര്‍ ഓവറിലെത്തിച്ചത്. 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ ശ്രീലങ്ക 137 റണ്‍സെടുക്കുകയായിരുന്നു. 19ാം ഓവര്‍ എറിഞ്ഞ റിങ്കു സിങ് മൂന്നു റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയതും, 20ാം ഓവറില്‍ സൂര്യകുമാര്‍ യാദവ് അഞ്ച് റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റു നേടിയതുമാണു മത്സരത്തില്‍ നിര്‍ണായകമായത്. സൂപ്പര്‍ ഓവറില്‍ രണ്ടു റണ്‍സ് മാത്രമാണ് ലങ്ക എടുത്തത്. മറുപടിയിലെ ആദ്യ പന്ത് ഫോറടിച്ച് സൂര്യകുമാര്‍ യാദവ് ഇന്ത്യയെ വിജയത്തിലെത്തിച്ചു.