അഹമ്മദാബാദ്: റിങ്കു സിങ്, നിലവിലെ ഐ.പി.എൽ. കിരീടജേതാക്കളായ ഗുജറാത്ത് ടൈറ്റൻസിനെതിരായ ഒറ്റ ഇന്നിങ്‌സിലൂടെ ഐ.പി.എല്ലിന്റെ അപൂർവ ചരിത്രത്തിലേക്കാണ് ഈ യുവതാരം ബാറ്റ് വീശിയത്. അവസാന ഓവറിൽ അപ്രാപ്യമെന്ന് കരുതിയ വിജയലക്ഷ്യം തുടർച്ചയായ അഞ്ച് സിക്‌സറുകൾ പായിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ വിജയത്തിലെത്തിക്കുമ്പോൾ അത് യുവതാരത്തിന്റെ പ്രതിഭയുടെ അടയാളപ്പെടുത്തൽ കൂടിയായി മാറി.

ഐ.പി.എൽ ചരിത്രത്തിൽ ഇന്നേവരെ സംഭവിക്കാത്തതും ആർക്കും നേടാനാവാത്തതുമായ ഒരുപിടി റെക്കോർഡുകൾ കൂടിയാണ് റിങ്കു ഇന്നലെ അടിച്ചിട്ടത്. മത്സരത്തിൽ മൂന്ന് വിക്കറ്റിനായിരുന്നു കൊൽക്കത്തയുടെ വിജയം. ഗുജറാത്ത് ഉയർത്തിയ 204 എന്ന വിജയലക്ഷ്യം അവസാന പന്തിൽ സിക്സറിടിച്ച് കൊൽക്കത്ത വിജയിക്കുകയായിരുന്നു. 21 പന്തിൽ 48 റൺസാണ് റിങ്കു നേടിയത്. ഐപിഎല്ലിന്റെ 16 വർഷത്തെ ചരിത്രത്തിൽ, ഒരു മത്സരത്തിന്റെ അവസാന ഓവറിൽ തുടർച്ചയായി അഞ്ച് സിക്സറുകൾ ഒരിക്കലും സംഭവിച്ചിട്ടില്ല. യാഷ് ദയാലിന്റെ ഓവറിൽ റിങ്കു സിങ് പുതിയ റെക്കോർഡ് സൃഷ്ടിച്ചു.

കനൽപ്പാത താണ്ടിയാണ് റിങ്കു ഐ.പി.എല്ലിലേക്ക് ചുവടുവെയ്ക്കുന്നത്. അച്ഛൻ ഖൻചന്ദ്ര സിങ് ഗ്യാസ് സിലിണ്ടറുകൾ വീട്ടിലെത്തിച്ചാണ് കുടുംബത്തെ പോറ്റിയിരുന്നത്. ഖൻ ചന്ദ്രയുടെ അഞ്ചു മക്കളിൽ മൂന്നാമനായിരുന്നു റിങ്കു. ചെറുപ്പം തൊട്ട് പട്ടിണിയുടെയും വിശപ്പിന്റെയും വിലയറിഞ്ഞുവന്ന റിങ്കു പഠിക്കാൻ അത്ര മിടുക്കനായിരുന്നില്ല. ക്രിക്കറ്റിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച റിങ്കുവിനെ മാതാപിതാക്കൾ ഏറെ ഉപദേശിച്ചു.

അലിഗഢിലെ വളരെ സാധാരണ കുടുംബത്തിൽ ജനിച്ച റിങ്കു സിങിന് എന്നാൽ ഒരു ആഗ്രഹമേ ജീവിതത്തിലുണ്ടായിരുന്നുള്ളൂ. ലോകമറിയുന്ന ക്രിക്കറ്റ് താരമായി വളരണം. അതിനായി അവൻ ആത്മാർത്ഥമായി പ്രയത്‌നിച്ചു. ആ വിയർപ്പുതുള്ളികൾ മണിമുത്തുകളായ കാഴ്ചയാണ് ഇപ്പോൾ ക്രിക്കറ്റ് ലോകം കാണുന്നത്. പകരക്കാരനായി ടീമിലിടം നേടി ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഏറ്റവും വിശ്വസ്തനായ ബാറ്ററായി മാറാൻ റിങ്കുവിന് സാധിച്ചു.

പഠിക്കാൻ അത്ര മിടുക്കനൊന്നുമല്ലായിരുന്നു റിങ്കു സിങ്. അച്ഛന്റെ തണലിൽ കഴിഞ്ഞവൻ. ക്രിക്കറ്റിനെ പ്രണയിച്ച അവനെ ഇന്ന് അതേ ബാറ്റും പന്തും ലോകം ചുറ്റാൻ പ്രാപ്തനാക്കിയിരിക്കുന്നു. ഒരു നേരത്തെ അന്നത്തിനായി കഷ്ടപ്പെടുന്ന അച്ഛന് ഇത് സഹിക്കാനായില്ലെങ്കിലും ക്രിക്കറ്റിലൂടെ കുടുംബത്തെ രക്ഷിക്കുമെന്ന് റിങ്കു ഉറപ്പുനൽകി. ക്രിക്കറ്റിൽ മാത്രമായി അവന്റെ ശ്രദ്ധ. രാവും പകലുമില്ലാതെ പരിശീലനം നടത്തിയ റിങ്കു എല്ലാ ക്രിക്കറ്റ് ടൂർണമെന്റിലും പങ്കെടുത്തു.

ടെന്നീസ് പന്തിൽ മാത്രം കളിച്ച് ശീലിച്ചവനായിരുന്നു റിങ്കു. ഹൈസ്‌കൂളിൽ പഠിക്കുമ്പോൾ ആദ്യമായി റിങ്കുവിന് തുകൽപ്പന്തിൽ കളിക്കാനുള്ള അവസരം ലഭിച്ചു. സ്‌കൂൾ ടീമിന് വേണ്ടി ആദ്യമായി പാഡണിഞ്ഞ റിങ്കു 32 പന്തുകളിൽനിന്ന് പുറത്താവാതെ 54 റൺസെടുത്ത് ടീമിന്റെ വിജയശിൽപ്പിയായി. അവിടെ തുടങ്ങുകയായിരുന്നു റിങ്കുവിന്റെ ക്രിക്കറ്റ് ജീവിതം.

വീട്ടിലെ സാഹചര്യങ്ങൾ അത്രകണ്ട് മോശമായപ്പോൾ ചേട്ടന്റെ സഹായത്തോടെ അച്ഛൻ ഖൻചന്ദ്ര റിങ്കുവിന് ഒരു ജോലി തരപ്പെടുത്തി. ഒരു കോച്ചിങ് സെന്ററിൽ സ്വീപ്പറായാണ് റിങ്കുവിന് ജോലി ലഭിച്ചത്. ക്രിക്കറ്റ് ബാറ്റിന് പകരം ചൂൽ കൈകൊണ്ട് പിടിക്കേണ്ടി വന്നപ്പോൾ അവന്റെ കണ്ണിൽനിന്ന് ചോര പൊടിഞ്ഞു. മാതാപിതാക്കളെ അനുസരിക്കാൻ മനസ്സ് വെമ്പിയെങ്കിലും ക്രിക്കറ്റിന്റെ വലിയലോകം അവനെ മാടിവിളിച്ചു. സ്വപ്നത്തിന് പിന്നാലെ സഞ്ചരിക്കാനാണ് റിങ്കു ശ്രമിച്ചത്. ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ ഇൻസൾട്ടിനെ വിജയത്തിലേക്കുള്ള ചവിട്ടുപടിയായി കണ്ട് റിങ്കു കോച്ചിങ് സെന്ററിലെ ജോലി ഉപേക്ഷിച്ചു.

ജീവിതം ക്ലേശകരമായി നീങ്ങുന്ന സമയമായിരുന്നു അത്. സ്വന്തമായി ഒരു ബാറ്റ് വാങ്ങാൻ കൊതിച്ച റിങ്കുവിനെ മാതാപിതാക്കൾ നിരാശപ്പെടുത്തി. ഒരു സാധാരണ കുടുംബത്തിന് താങ്ങാവുന്നതിലുമപ്പുറമായിരുന്നു ആഗ്രഹം. പക്ഷേ, അവൻ കണ്ട സ്വപ്നം അതിലും വലുതായിരുന്നു. സർക്കാർ സ്റ്റേഡിയത്തിൽ പ്രാക്റ്റീസ് നടത്താൻ ആരംഭിച്ച റിങ്കു കൂട്ടുകാരുടെ ബാറ്റ് ഉപയോഗിച്ച് കഴിവ് മെച്ചപ്പെടുത്തി. സ്റ്റേഡിയത്തിൽ പരിശീലനത്തിനായുള്ള പ്രവേശനം സൗജന്യമായിരുന്നു. റിങ്കു ക്രിക്കറ്റ് താരമാകുന്നതിൽ അച്ഛൻ ഖൻചന്ദ്രയ്ക്ക് തീരെ താത്പര്യമില്ലായിരുന്നു. അമ്മയാണ് അൽപ്പമെങ്കിലും കൂടെനിന്നത്.

കോളേജിൽ പഠിക്കുന്ന സമയത്ത് കോളേജ് ക്രിക്കറ്റ് ടീമിലംഗമായിരുന്നു. ഒരിക്കൽ ഒരു ടൂർണമെന്റിന് പങ്കെടുക്കാനായി കോളേജ് ടീം കാൺപൂരിലേക്ക് യാത്രതിരിച്ചു. റിങ്കുവിന് ടൂർണമെന്റിൽ പങ്കെടുക്കാൻ 1000 രൂപ വേണ്ടിയിരുന്നു. അച്ഛനോട് ഇക്കാര്യം പറഞ്ഞപ്പോൾ അദ്ദേഹം റിങ്കുവിനെ പൊതിരെ തല്ലി. റിങ്കുവിന്റെ സങ്കടം സഹിക്കാൻ കഴിയാതെ വന്ന അമ്മ വിന ദേവി അടുത്തുള്ള കടയിൽനിന്ന് 1000 രൂപ കടം വാങ്ങി റിങ്കുവിന് നൽകി. ആ ടൂർണമെന്റിൽ തകർപ്പൻ പ്രകടനം പുറത്തെടുക്കാനും താരത്തിന് സാധിച്ചു.

പഠിക്കുന്നതിനൊപ്പം തന്നെ അച്ഛനെ സഹായിക്കാനും റിങ്കു ശ്രദ്ധിച്ചിരുന്നു. സിലിണ്ടറുകൾ ബൈക്കിൽ വെച്ച് റിങ്കു വീടുകളിലും ഹോട്ടലുകളിലുമെത്തിച്ചു ഒപ്പം ക്രിക്കറ്റ് പരിശീലനവും കൊണ്ടുപോയി. ഇടംകൈയൻ ബാറ്ററായതുകൊണ്ടുതന്നെ റിങ്കുവിനെത്തേടി അവസരങ്ങൾ ഒരുപാട് വന്നു. പരിശീലകൻ മസൂദ് അമിനിയായിരുന്നു റിങ്കുവിന്റെ ശക്തി. പ്രഫഷണൽ ടൂർണമെന്റുകളിൽ പങ്കെടുക്കാൻ മസൂദ് റിങ്കുവിനെ പ്രാപ്തനാക്കി. മുഹമ്മദ് സീഷാൻ എന്ന വ്യക്തിയാണ് റിങ്കുവിന് വേണ്ട എല്ലാ സഹായങ്ങളും നൽകിയത്. സീഷാന്റെ സഹായത്തോടെ റിങ്കു വസ്ത്രങ്ങളും ക്രിക്കറ്റ് കിറ്റുമെല്ലാം വാങ്ങി.

2012-ൽ ഉത്തർപ്രദേശ് അണ്ടർ 16 ക്രിക്കറ്റ് ടീമിലിടം നേടിയതാണ് വഴിത്തിരിവ്. അവിടെനിന്നങ്ങോട്ട് പടിപടിയായി അവസരങ്ങൾ താരത്തെ തേടിവന്നു. അണ്ടർ 16 ടൂർണമെന്റിലെ ആദ്യമത്സരത്തിൽ തന്നെ 154 റൺസടിച്ച് റിങ്കു വരവറിയിച്ചു. പിന്നീട് റിങ്കുവിലെ പ്രതിഭയുടെ വിളയാട്ടമായിരുന്നു. ടൂർണമെന്റുകളിൽ താരമായി മാറിക്കൊണ്ട് റിങ്കു ക്രിക്കറ്റ് നിരീക്ഷകരുടെ ചർച്ചാവിഷയമായി.

വൈകാതെ ഉത്തർപ്രദേശ് അണ്ടർ 19 ടീമിലും ഇടം നേടി. അണ്ടർ 19-ൽ കളിച്ചുകൊണ്ടിരിക്കുന്ന സമയത്തുതന്നെ രഞ്ജി ട്രോഫിക്കുള്ള ഉത്തർപ്രദേശ് ടീമിൽ റിങ്കു ഇടം നേടി. രഞ്ജി ട്രോഫി ടീമിലിടം നേടിയതോടെ പണവും പ്രശസ്തിയുമെല്ലാം താരത്തെ തേടിവന്നു. യുവരാജ് സിങ്, സുരേഷ് റെയ്‌ന തുടങ്ങിയ ഇതിഹാസ താരങ്ങളെ നേരിട്ട് കാണാനും അവർക്കൊപ്പം കളിക്കാനുമൊക്കെയുള്ള അവസരങ്ങൾ റിങ്കുവിന് ലഭിച്ചു.

രഞ്ജി ട്രോഫിയിലെ ആദ്യ മത്സരത്തിൽ വിദർഭയായിരുന്നു എതിരാളി. ആ മത്സരത്തിൽ 83 റൺസെടുത്ത റിങ്കു രണ്ടു വിക്കറ്റും സ്വന്തമാക്കി. പിന്നീട് റിങ്കുവിന് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. 30 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ച താരം 2307 റൺസെടുക്കുകയും അഞ്ച് വിക്കറ്റ് വീഴ്‌ത്തുകയും ചെയ്തു. 41 ലിസ്റ്റ് എ മത്സരങ്ങളിൽ നിന്ന് 1414 റൺസും 68 ട്വന്റി 20 മത്സരങ്ങളിൽ നിന്ന് 1155 റൺസും നേടാൻ റിങ്കുവിന് കഴിഞ്ഞു.

2017-ലാണ് റിങ്കു ആദ്യമായി ഐ.പി.എല്ലിലേക്കെത്തുന്നത്. അന്ന് പഞ്ചാബ് കിങ്‌സാണ് റിങ്കുവിനെ സ്വന്തമാക്കിയത്. പിന്നീട് 2018-ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് 80 ലക്ഷം മുടക്കി റിങ്കുവിനെ ടീമിലെത്തിച്ചു. ടീമിലെത്തിയെങ്കിലും അവസരങ്ങൾ കാര്യമായി ലഭിച്ചിരുന്നില്ല. ഇതുവരെ ഐ.പി.എല്ലിൽ കൊൽക്കത്തയ്ക്ക് വേണ്ടി 16 മത്സരങ്ങൾ മാത്രമാണ് റിങ്കു കളിച്ചത്.കഴിഞ്ഞ സീസണിലാണ് റിങ്കുവിന് കാര്യമായി അവസരം ലഭിച്ചത്. കിട്ടിയ അവസരം താരം നന്നായി ഉപയോഗിച്ചു. ഏഴ് മത്സരങ്ങൾ കളിച്ച റിങ്കു 174 റൺസെടുത്ത് ടീമിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തു. 148.71 പ്രഹരശേഷിയിൽ 34.80 ശരാശരിയിലാണ് താരം ബാറ്റുവീശിയത്. കാൽമുട്ടിനേറ്റ പരിക്കാണ് റിങ്കുവിനെ തളർത്തുന്നത്. 2021 സീസണിലെ മിക്ക മത്സരങ്ങളും താരത്തിന് പരിക്കുമൂലം നഷ്ടമായിരുന്നു.

എന്നാൽ കഴിഞ്ഞ വർഷം വി്‌സമയിപ്പിക്കുന്ന ഇന്നിങ്സ് കാഴ്ചവെച്ച് ആരാധകരെ റിങ്കു സിങ് അമ്പരപ്പിച്ചിരുന്നു. പക്ഷേ, അന്ന് തലനാരിഴയ്ക്ക് ടീമിന് വിജയം കൈവിട്ടുപോയി. 2021 ഐ.പി.എല്ലിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെയാണ് റിങ്കുവിന്റെ ഈ പ്രകടനം വന്നത്. മാർക്കസ് സ്റ്റോയിനിസ് ചെയ്ത അവസാന ഓവറിൽ കൊൽക്കത്തയുടെ വിജയലക്ഷ്യം 21 റൺസായിരുന്നു. വെടിക്കെട്ട് ബാറ്റിങ്ങുമായി തകർപ്പൻ ഫോമിൽ നിൽക്കുന്ന റിങ്കു സിങ്ങായിരുന്നു ക്രീസിൽ. സ്റ്റോയിനിസിന്റെ ആദ്യ പന്തിൽ ഫോറടിച്ച റിങ്കു അടുത്ത രണ്ട് പന്തുകളിലും സിക്‌സടിച്ച് കളിയുടെ ഗതിമാറ്റി. ഇതോടെ കൊൽക്കത്തയുടെ വിജയലക്ഷ്യം മൂന്ന് പന്തിൽ അഞ്ച് റൺസായി ചുരുങ്ങി. നാലാം പന്തിൽ റിങ്കു ഡബിളെടുത്തു. ഇതോടെ രണ്ട് പന്തിൽ മൂന്ന് റൺസായി കൊൽക്കത്തയുടെ വിജയലക്ഷ്യം.

കൊൽക്കത്ത അനായാസ വിജയത്തിലേക്ക് കുതിക്കുകയാണെന്ന് തോന്നിച്ച സമയത്താണ് ലഖ്‌നൗവിന്റെ രക്ഷനായി എവിൻ ലൂയിസ് അവതരിച്ചത്. അഞ്ചാം പന്തിൽ സിക്‌സ് അടിക്കാനുള്ള റിങ്കുവിന്റെ ശ്രമം തകർപ്പൻ ക്യാച്ചിലൂടെ ലൂയിസ് വിഫലമാക്കി. ഈ ക്യാച്ച് മത്സരത്തിൽ നിർണായകമായി. അപ്രാപ്യമെന്ന് തോന്നിച്ച വലിയ വിജയലക്ഷ്യത്തിലേക്ക് ടീമിനെ ഒറ്റയ്ക്ക് തോളിലേറ്റിയ റിങ്കു അവസാനം കാലിടറി വീണു. രണ്ട് റൺസിന് പരാജയമേറ്റു വാങ്ങി.

കൊൽക്കത്ത പ്ലേ ഓഫ് കാണാതെ പുറത്തായി. റിങ്കു കണ്ണീരോടെ ക്രീസ് വിട്ടു. മത്സരത്തിൽ റിങ്കു 15 പന്തുകളിൽ നിന്ന് രണ്ട് ഫോറിന്റെയും നാല് സിക്‌സിന്റെയും അകമ്പടിയോടെ 40 റൺസെടുത്തു. ആരാധകർ നിരാശരായെങ്കിലും റിങ്കു സിങ്ങെന്ന പോരാളിയെ അവർ നെഞ്ചോട് ചേർത്തു. അന്ന് മുതൽ റിങ്കു കൊൽക്കത്തയുടെ അവിഭാജ്യ ഘടകമായി. ആ ഇന്നിങ്സാണ് റിങ്കുവിന്റെ ജീവിതത്തിലെ പ്രധാന വഴിത്തിരിവായത്. ഈ സീസണിലും റിങ്കുവിൽ കൊൽക്കത്ത വിശ്വാസം അർപ്പിച്ചു. ആ വിശ്വാസം കാക്കുന്നതായിരുന്നു ഗുജറാത്ത് ടൈറ്റൻസിന് എതിരായ ഇന്നിങ്‌സ്.

ഗുജറാത്ത് ടൈറ്റൻസിനെതിരായ റിങ്കു സിങ്ങിന്റെ ഒറ്റയാൾ പ്രകടനം കണ്ടപ്പോൾ ക്രിക്കറ്റ് ലോകം അമ്പരപ്പോടെ, ആകാംക്ഷയോടെ ആ ചെമ്പൻ തലമുടിക്കാരനിലേക്ക് ചുരുങ്ങി. റിങ്കു സിങ് ക്രീസിലെത്തുമ്പോൾ കൊൽക്കത്തയുടെ വിജയസാധ്യത വളരെ കുറവായിരുന്നു. ഗുജറാത്തിനെതിരേ അവസാന ഓവറിൽ കൊൽക്കത്തയ്ക്ക് ജയിക്കാൻ വേണ്ടത് 29 റൺസ്. അത്രമേൽ സമ്മർദ്ദത്തിൽ നിൽക്കുന്ന ഒരു ബാറ്റർക്കും അവസാന ഓവറിൽ 29 റൺസ് എടുക്കാൻ സാധിച്ചെന്ന് വരില്ല. എന്നാൽ, ക്രിക്കറ്റ് എന്ന മാസ്മരിക ലോകത്ത് അസംഭവ്യമായി ഒന്നുമില്ലെന്ന് പലകുറി തെളിഞ്ഞ കാര്യമാണ്. ആ വിശ്വാസമാണ് റിങ്കുവിനെയും പൊരുതാനായി പ്രേരിപ്പിച്ചത്.

ടൈറ്റൻസിനായി യാഷ് ദയാലാണ് അവസാന ഓവർ എറിയാനായി എത്തിയത്. താരത്തിന്റെ ആദ്യ പന്തിൽ സ്ട്രൈക്ക് ചെയ്ത ഉമേഷ് യാദവ് റിങ്കു സിങ്ങിന് സിംഗിൾ നൽകി. അതുവരെ റിങ്കു സിങ് നേടിയത് 16 പന്തിൽ 18 റൺസ് മാത്രം. കടുത്ത ആരാധകർ പോലും റിങ്കു കൊൽക്കത്തയെ വിജയിപ്പിക്കുമെന്ന് കരുതിയിട്ടുണ്ടാകില്ല. അവസാന ഓവറിൽ കൊൽക്കത്തയുടെ വിജയശതമാനം വെറും 1.29 മാത്രമായിരുന്നു. റിങ്കു സ്ട്രൈക്കിലെത്തുമ്പോൾ കൊൽക്കത്തയ്ക്ക് ജയിക്കാൻ വേണ്ടത് അഞ്ചു പന്തിൽ 28 റൺസ്. റിങ്കു അഞ്ച് സിക്സടിക്കുമെന്ന് ആരും തന്നെ കരുതിയില്ല. എന്നാൽ, ക്രിക്കറ്റ് എന്തുകൊണ്ട് ആവേശത്തിന്റെ അവസാന വാക്കാകുന്നു എന്നത് തെളിയിക്കുകയായിരുന്നു റിങ്കു.

യാഷ് ദയാലിന്റെ പിന്നീട് വന്ന അഞ്ച് പന്തുകളും ബൗണ്ടറിക്ക് മുകളിലൂടെ പറത്തി റിങ്കു ചരിത്രം കുറിച്ചു. യാഷ് ദയാൽ ഇത് വിശ്വസിക്കാനാവാതെ തലയ്ക്ക് കൈകൊടുത്ത് നിന്നു. ഇന്നലെ രാത്രി ഉറപ്പായും ദയാൽ ഉറങ്ങിയിട്ടുണ്ടാകില്ല. ചരിത്രം തേരിറങ്ങി വന്ന മത്സരത്തിൽ കൊൽക്കത്തയുടെ യുവരാജാവായി റിങ്കു സിങ് സിംഹാസനത്തിലമർന്നു. അവസാന ഓവറിൽ ചേസിങ്ങിൽ ഒരു താരം നേടുന്ന ഏറ്റവും ഉയർന്ന സ്‌കോറാണിത്.

ഐ.പി.എൽ ചരിത്രത്തിൽ ഇന്നേവരെ സംഭവിക്കാത്തതും ആർക്കും നേടാനാവാത്തതുമായ ഒരുപിടി റെക്കോർഡുകൾ കൂടിയാണ് റിങ്കു ഇന്നലെ അടിച്ചിട്ടത്. അവസാന 5 പന്തിൽ 30 റൺസാണ് റിങ്കു നേടിയതെന്ന് എല്ലാവർക്കും അറിയാം. എന്നാൽ ഈ ബാറ്റ്‌സ്മാൻ തന്റെ ഇന്നിങ്‌സിന്റെ അവസാന 7 പന്തിൽ 40 റൺസ് നേടിയിരുന്നുവെന്ന് പറഞ്ഞാലോ? വിശ്വസിക്കണം, ആറ് സിക്‌സും ഒരു ഫോറും ഉൾപ്പെടെയായിരുന്നു റിങ്കുവിന്റെ തീപ്പൊരി ഇന്നിങ്‌സ്. ഒരു ബാറ്റ്‌സ്മാനും തുടർച്ചയായി 7 പന്തിൽ 40 റൺസ് നേടിയിട്ടില്ല.

ഐ.പി.എൽ ചരിത്രത്തിൽ ഒരു ടീമും ചേസിങ്ങിൽ ഒരോവറിൽ 29 റൺസ് നേടിയിട്ടില്ല. യാഷ് ദയാലിന്റെ അവസാന ഓവറിൽ കൊൽക്കത്തക്ക് വേണ്ടിയിരുന്നത് 29 റൺസ്. ആദ്യ പന്തിൽ തന്നെ ഉമേഷ് റിങ്കുവിന് സിംഗിൾ നൽകി, അതിന് ശേഷമുള്ള കഥ ചരിത്രം. ഐ.പി.എൽ ചരിത്രത്തിൽ ഒരു ചേസിന്റെ അവസാന ഓവറിൽ 30 റൺസ് നേടുന്ന ആദ്യ ബാറ്ററാകാനും റിങ്കു സിംഗായി. ഐ.പി.എല്ലിൽ ഇതിനുമുമ്പ് ഇങ്ങനെയൊന്ന് സംഭവിച്ചിട്ടില്ല.

റിങ്കുവിന്റെ റെക്കോർഡുകളുടെ പട്ടിക അവസാനിക്കുന്നില്ല. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ചരിത്രത്തിൽ ഒരു ഓവറിൽ തുടർച്ചയായി അഞ്ച് സിക്സറുകൾ നേടുന്ന ആദ്യ ബാറ്റ്സ്മാനാവാനും റിങ്കുവിനായി. ആന്ദ്രേ റസ്സൽ, യൂസഫ് പത്താൻ തുടങ്ങിയ വെടിക്കെട്ട് ബാറ്റർമാർ ഈ ടീമിനായി നിരവധി വേഗമേറിയ ഇന്നിങ്സുകൾ കളിച്ചിട്ടുണ്ടെങ്കിലും റിങ്കു ചെയ്തതുപോലൊന്ന് ആർക്കും സാധിച്ചിട്ടില്ല.

ഒരിക്കൽ റിങ്കുവിനെ തള്ളിപ്പറഞ്ഞ അച്ഛൻ ഇപ്പോൾ താരത്തിന്റെ ഏറ്റവും വലിയ ആരാധകനാണ്. 2021-ൽ റിങ്കുവിന് പരിക്കേറ്റപ്പോൾ അച്ഛൻ മകന്റെ ആരോഗ്യത്തിനുവേണ്ടി മൂന്നു ദിവസം ഉപവാസമിരുന്നു. റിങ്കുവിന്റെ ഉയർച്ചയിൽ ഏറെ അഭിമാനിക്കുന്നുവെന്നാണ് അച്ഛൻ ഖൻചന്ദ്ര ഇപ്പോൾ പറയുന്നത്. മകന്റെ കഴിവിനെ ആദ്യം വേണ്ട രീതിയിൽ പ്രോത്സാഹിപ്പിക്കാത്തിന്റെ കുറ്റബോധം അദ്ദേഹത്തിന്റെ ഉള്ളിൽ ഇപ്പോഴുമുണ്ട്. കുടുംബത്തിനായി മികച്ചൊരു വീട് വെയ്ക്കണമെന്ന സ്വപ്നം റിങ്കു 2021-ൽ സാക്ഷാത്കരിച്ചു. റിങ്കു നിർമ്മിച്ച വീട്ടിലാണ് ഇപ്പോൾ ഏവരും സന്തോഷത്തോടെ കഴിയുന്നത്.