ഡെറാഡൂൺ: വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിൽ തുടരുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ പരുക്ക് പൂർണമായി ഭേദമാകാൻ കുറഞ്ഞതു മൂന്നു മുതൽ ആറു മാസം വരെ സമയമെടുത്തേക്കുമെന്ന് ആരോഗ്യ വിദഗ്ദ്ധർ. ആറ് മാസത്തിലേറെ കാലം ഗ്രൗണ്ടിൽ നിന്ന് താരം വിട്ടുനിൽക്കേണ്ടി വന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇക്കാലയളവിൽ ഐപിഎൽ സീസണും ഓസ്ട്രേലിയൻ പരമ്പരയും പന്തിന് നഷ്ടമായേക്കും.

ലിഗമെന്റ് ഇൻജറി മാറാൻ മൂന്നു മുതൽ ആറു മാസം വരെ വേണ്ടിവരുമെന്ന് ഋഷികേശ് എയിംസിലെ ഡോക്ടറായ ക്വമർ അസം വ്യക്തമാക്കി. പരുക്കിന്റെ തീവ്രത കൂടുതലാണെങ്കിൽ സമയവും കൂടുമെന്നും പൂർണമായ റിപ്പോർട്ടുകൾ ലഭിച്ച ശേഷം മാത്രമേ കൃത്യമായ സമയം പറയാൻ സാധിക്കുകയുള്ളൂവെന്നും ക്വമർ അസം വ്യക്തമാക്കി.

ഋഷഭ് പന്തിന് ഐപിഎൽ സീസൺ നഷ്ടമാകുമോയെന്ന കാര്യത്തിൽ ഇതുവരെ കൃത്യമായ വിവരം പുറത്തുവന്നിട്ടില്ല. അടുത്ത വർഷം മാർച്ച് 25നാണ് ഐപിഎല്ലിന്റെ 16ാമത് സീസണ് തുടക്കമാകുന്നത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസ് ടീമിന്റെ ക്യാപ്റ്റനാണ് ഋഷഭ് പന്ത്. പന്തിന് ഐപിഎൽ സീസൺ നഷ്ടമാകുന്നതോടെ ഡൽഹിക്ക് പുതിയ ക്യാപ്റ്റനെ തെരഞ്ഞെടുക്കണം. അത്യാവശ്യമെങ്കിൽ പന്തിനെ ഡൽഹിയിലേക്കു കൊണ്ടുപോകുമെന്ന് ഡൽഹി ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷൻ വ്യക്തമാക്കി.

പ്ലാസ്റ്റിക് സർജറി ആവശ്യമായി വന്നാൽ പന്തിനെ എയർലിഫ്റ്റ് ചെയ്ത് ഡൽഹിയിലെത്തിക്കാമെന്നും ഇതിനുള്ള സാധ്യതകൾ കൂടുതലാണെന്നും ഡിഡിസിഎ ഡയറക്ടർ വാർത്താ ഏജൻസിയായ എഎൻഐയോടു പറഞ്ഞു. പന്തിന്റെ ആരോഗ്യ നിലയിൽ ഡോക്ടർമാർ സംതൃപ്തി അറിയിച്ചിട്ടുണ്ടെങ്കിലും താരത്തിന് നീണ്ട കാലത്തെ ചികിത്സകൾ വേണ്ടിവരുമെന്നു ഒരു സ്പോർട്സ് മാധ്യമം റിപ്പോർട്ട് ചെയ്തു. പന്തിന്റെ പരിശീലകനായിരുന്ന ദേവേന്ദ്ര ശർമയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

രണ്ട് മുറിവുകളാണ് പന്തിന്റെ തലയിലുള്ളത്. വലത് കാൽമുട്ടിലെ എല്ലുകൾക്ക് പരിക്കുണ്ട്. വലത് കൈവെള്ളയിലും കണങ്കാലിലും പാദത്തിലും പരിക്കേറ്റിട്ടുണ്ടെന്നാണ് മെഡിക്കൽ ബുള്ളറ്റിനിൽ പറഞ്ഞിരുന്നത്.

കാൽമുട്ടിലെ പരിക്ക് ഭേദമാവാൻ മൂന്ന് മുതൽ ആറ് മാസം വരെ വേണ്ടി വരും എന്നാണ് റിപ്പോർട്ടുകൾ. കാൽമുട്ടിലെ എല്ലുകൾക്ക് ഏറ്റ ക്ഷതം ഗുരുതരമാണ് എങ്കിൽ തിരികെ വരാൻ വീണ്ടും സമയമെടുക്കും. ഫെബ്രുവരി 9നാണ് ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. കഴിഞ്ഞ രണ്ട് വട്ടവും ഓസീസ് പര്യടനത്തിൽ പന്തിന്റെ പ്രകടനം ഇന്ത്യക്ക് നിർണായകമായിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ സാധ്യതകൾ നിർണയിക്കുന്ന ടെസ്റ്റ് പരമ്പരയിൽ പന്തിന്റെ അസാന്നിധ്യം ഇന്ത്യക്ക് തിരിച്ചടിയാണ്. ശ്രീലങ്കക്കെതിരായ വൈറ്റ് ബോൾ ടീമിൽ നിന്ന് പന്തിനെ ഒഴിവാക്കിയിരുന്നു.