മുംബൈ: കാർ അപകടത്തിൽ ഗുരുതര പരിക്കേറ്റ് മുംബൈയിലെ കോകിലെ ബെൻ ധീരുഭായ് അംബാനി ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ കാൽമുട്ടിലെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. ശസ്ത്രക്രിയ മൂന്ന് മണിക്കൂറോളം നീണ്ടുനിന്നു. ബിസിസിഐ മെഡിക്കൽ സംഘവും കൃത്യമായി ഋഷഭ് പന്തിനെ നിരീക്ഷിക്കുന്നുണ്ട്. പന്തിനെ എത്രയും വേഗം പൂർണ്ണ ആരോഗ്യവാനായി തിരിച്ചു കൊണ്ടുവരാൻ സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന് ബിസിസിഐ വ്യക്തമാക്കിയിരുന്നു.

ഇനി കണങ്കാലിനും ഒരു ശസ്ത്രക്രിയ ശേഷിക്കുന്നുണ്ട്. കണങ്കാലിനേറ്റ പരിക്ക് കാൽമുട്ടിനേക്കാൾ ഗുരുതരമാണെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. ബുധനാഴ്ചയായിരുന്നു അദ്ദേഹത്തെ ലിഗമെന്റ് സംബന്ധിയായ പരിക്കുകൾക്ക് ശസ്ത്രക്രിയക്ക് വിധേയനാക്കുമെന്ന് ബിസിസിഐ അറിയിച്ചത്.

പരിക്ക് മാറി പൂർണ കായികക്ഷമത വീണ്ടെടുത്ത് മത്സര ക്രിക്കറ്റിൽ തിരിച്ചെത്താൻ പന്തിന് കുറഞ്ഞത് എട്ടോ എമ്പതോ മാസമെങ്കിലും വേണ്ടി വരുമെന്നാണ് ആശുപത്രിവൃത്തങ്ങളും ബിസിസിഐ മെഡിക്കൽ സംഘവും നൽകുന്ന സൂചന. ഈ സാഹചര്യത്തിൽ ഫെബ്രുവരിയിൽ ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയും, ഐപിഎല്ലും ഏഷ്യാ കപ്പും, ഒക്ടോബർ- നവംബർ മാസങ്ങളിലായി ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പും പന്തിന് നഷ്ടമായേക്കുമെന്നാണ് കരുതുന്നത്.

അപകടത്തെത്തുടർന്ന് ഡെറാഡൂണിലെ മാക്‌സ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പന്തിനെ കഴിഞ്ഞ ദിവസമാണ് ബിസിസിഐ എയർ ലിഫ്റ്റ് ചെയ്ത് മുംബൈയിലെ കോകിലാ ബെൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്പോർട്സ് മെഡിസിൻ വിദഗ്ദനായ ഡോ. ദിൻഷാ പർദിവാലയുടെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘമാണ് കോകില ബെൻ ആശുപത്രിയിൽ ഋഷഭ് പന്തിനെ ചികിത്സിക്കുന്നത്. ക്രിക്കറ്റ് താരങ്ങളായ സച്ചിൻ ടെൻഡുൽക്കർ, യുവരാജ് സിങ്, രവീന്ദ്ര ജഡേജ എന്നിവരുടെ പരിക്ക് ചികിത്സിച്ച് ഭേദമാക്കിയത് ദിൻഷാ പർദിവാലയായിരുന്നു.

കഴിഞ്ഞ മാസം 30നാണ് അമ്മയെ കാണാൻ ജന്മനാടായ റൂർക്കിയിലേക്ക് പോകുംവഴി രഹിദ്വാർ ജില്ലയിലെ മാംഗല്ലൂരിൽവെച്ച് ഋഷഭ് പന്തിന്റെ കാർ അപകടത്തിൽ പെട്ട് പൂർണമായും കത്തി നശിച്ചത്. ഡൽഹി-ഡെറാഡൂൺ അതിവേഗ പാതയിൽ കാർ നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ചുകയറി മറിഞ്ഞശേഷമായിരുന്നു കത്തിയത്. ഋഷഭ് പന്ത് കാറിൽ നിന്ന് പുറത്തു കടന്ന ഉടനെയാണ് വാഹനം കത്തിച്ചാമ്പലായത്. അപകടത്തിൽ ഋഷഭ് പന്തിന് പൊള്ളലും ഏറ്റിരുന്നു.