ജയ്പുർ: ഐപിഎല്ലിൽ ബുധനാഴ്ച നടന്ന മത്സരത്തിൽ ലക്നൗ സൂപ്പർ ജയന്റ്സിനെതിരെ രാജസ്ഥാൻ റോയൽസ് 10 റൺസിന്റെ തോൽവി വഴങ്ങിയതിന് പിന്നാലെ മോശം ഫോം തുടരുന്ന യുവതാരം റയാൻ പരാഗിനെ വിമർശിച്ച് ആരാധകർ. അനായാസമായി ജയിക്കാവുന്ന മത്സരം പടിക്കൽ കൊണ്ട് കലമുടയ്ക്കുകയായിരുന്നു രാജസ്ഥാൻ. 155 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ റോയൽസിന് ആറ് വിക്കറ്റ് നഷ്ടത്തിൽ 144 റൺസ് മാത്രമാണ് എടുക്കാനായത്. നായകൻ സഞ്ജുവും ഹെറ്റ്മെയറും ഉൾപ്പെടെയുള്ള സൂപ്പർ താരങ്ങളെക്കാൾ പഴി കേൾക്കുന്നത് പരാഗിനാണ്.

നിർണായക ഘട്ടത്തിൽ 12 പന്തിൽ 15 റൺസ് മാത്രം നേടിയ റിയാൻ പരാഗാണ് ട്രോളന്മാരുടെ പുതിയ ഇര. ഐ.പി.എല്ലിൽ കളിച്ച് അവസാന പത്ത് ഇന്നിങ്സുകളിൽ ഒരിക്കൽ പോലും പരാഗ് മികച്ച പ്രകടനം കാഴ്ചവെച്ചിട്ടില്ല. ഒരു അർധശതകം പോലും നേടാത്ത താരത്തിന് എപ്പോഴും ടീമിലിടം നൽകുന്നതിൽ മുൻതാരങ്ങൾ പോലും വിമർശനം ഉന്നയിക്കുന്നുണ്ട്.

പരാഗിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (കെകെആർ) താരം റിങ്കു സിങ്ങുമായാണ് ആരാധകർ താരതമ്യം ചെയ്യുന്നത്. ഒരു സീസണിലേക്ക് രാജസ്ഥാൻ ടീം 3.80 കോടി രൂപയാണ് പരാഗിന് നൽകുന്നത്. അവസാന ഓവറിൽ തുടർച്ചയായി 5 സിക്‌സറുകൾ പറത്തി ടീമിനെ ജയിപ്പിട്ട റിങ്കു സിംഗിനെ വെറും 55 ലക്ഷം രൂപയ്ക്കാണ് കെകെആർ സ്വന്തമാക്കിയതെന്ന് പറഞ്ഞാണ് പരിഹാസം. ട്രോളുന്നതിനിടയിൽ ഒരു ഉപയോക്താവ് എഴുതി - 'പരാഗ് ഒരു നല്ല ഫിനിഷറാണ്.ഒരു ദിവസം രാജസ്ഥാൻ ടീമിനെ ഫിനിഷ് ചെയ്യും'.

വർഷങ്ങൾക്ക് ശേഷം സ്വന്തം കാണികൾക്ക് മുമ്പിൽ കളിക്കാനെത്തിയ റോയൽസിന് മികച്ച തുടക്കം കിട്ടിയിട്ടും മുതലാക്കാൻ കഴിഞ്ഞിരുന്നില്ല. 87 റൺസിന്റെ ഓപ്പണിങ് കൂട്ടുകെട്ട് യശസ്വി ജയ്സ്വാളും ജോസ് ബട്ലറും ചേർന്ന് ഒരുക്കി. പിന്നാലെയെത്തിയ സഞ്ജുവും ഹെറ്റ്മെയറും രണ്ട് റൺസ് വീതമെടുത്ത് മടങ്ങിയതോടെ കളിമാറി.. ദേവദത്ത് പടിക്കലും പരാഗും ക്രീസിലെത്തുമ്പോൾ നാല് വിക്കറ്റിന് 104 റൺസെന്ന നിലയിലായിരുന്നു റോയൽസ്.

30 പന്തിൽ 51 റൺസ് ആണ് ജയിക്കാൻ വേണ്ടിയിരുന്നത്. മത്സരം റോയൽസ് നേടുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. നിർണായക ഘട്ടത്തിൽ വമ്പനടിക്ക് മുതിരാതെ സ്ട്രൈക്ക് പടിക്കലിന് വിട്ടുനൽകി മെല്ലപ്പോക്ക് നയമാണ് പരാഗ് സ്വീകരിച്ചത്. അവസാന ഓവറിൽ 19 റൺസായിരുന്നു റോയൽസിന് വേണ്ടിയിരുന്നത്.21 പന്തിൽ 26 റൺസെടുത്ത ശേഷം ദേവദത്ത് പുറത്തായി. അടുത്ത പന്തിൽ ധ്രുവ് ജുറലിനേയും ആവേശ് ഖാൻ പുറത്താക്കി. നിർണായ ഓവറിൽ 8 റൺസ് മാത്രം വഴങ്ങിയാണ് ആവേശ് രണ്ട് വിക്കറ്റുകൾ വീഴ്‌ത്തിയത്.

എന്നാൽ പരാഗിനെ പിന്തുണച്ച് രാജസ്ഥാൻ റോയൽസ് പരിശീലകൻ കുമാർ സംഗക്കാര രംഗത്ത് വന്നിരുന്നു. പരാഗ് നെറ്റ്‌സിൽ നന്നായി ബാറ്റ് ചെയ്യുന്നുണ്ടെന്ന് സംഗക്കാര പറയുന്നു. ധ്രുവ് ജുറേലിന് പേസർമാരെ ആക്രമിക്കാൻ കഴിയുന്നതുകൊണ്ടാണ് പരാഗിനെ നേരത്തെ ഇറക്കിയതെന്ന് സംഗക്കാര പറഞ്ഞു. ലക്‌നൗവിനെതിരായ മത്സരത്തിൽ പരാജയപ്പെട്ടതിനു ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സംഗക്കാര.

''അവസാന ഓവറുകളിൽ പരാഗിന് തുടരെ സിക്‌സറുകൾ നേടാനാവും. അവന് കൃത്യമായ ഒരു പദ്ധതിയുണ്ട്. പേസിനെ നേരിടാൻ ധ്രുവ് ജുറേൽ ഉണ്ടായിരുന്നു. മധ്യ ഓവറുകളിൽ രണ്ട് മൂന്ന് സിക്‌സർ മതിയായിരുന്നു.''- സംഗക്കാര പറഞ്ഞു.

പരാഗ് നെറ്റ്‌സിൽ നന്നായി ബാറ്റ് ചെയ്യുന്നു എന്ന് സംഗക്കാര കൂട്ടിച്ചേർത്തു. തങ്ങൾ താരങ്ങളെ നന്നായി പിന്തുണയ്ക്കും. പരാഗും ദേവ്ദത്ത് പടിക്കലും ഇംപാക്ട് സബ്സ്റ്റിറ്റിയൂട്ട് ആയി വന്നിരുന്നു. തങ്ങൾക്ക് നല്ല ആഭ്യന്തര താരങ്ങളുണ്ട്. നിർഭാഗ്യവശാൽ, അവനിപ്പോൾ നല്ല ഫോമിലല്ല. അത് ട്രെയിനിങ്ങിൽ പരിഹരിക്കാൻ ശ്രമിക്കും. വരുന്ന മത്സരങ്ങളിൽ കാര്യങ്ങൾ എങ്ങനെയാണ് എന്നതിനനുസരിച്ച് തീരുമാനിക്കും.

ഐപിഎലിൽ രാജസ്ഥാൻ റോയൽസിനായി 52 മത്സരങ്ങൾ കളിച്ചെങ്കിലും പരാഗ് പെരുമയ്‌ക്കൊത്ത പ്രകടനമല്ല കാഴ്ചവച്ചത്. 16.46 ശരാശരിയും 123.61 സ്‌ട്രൈക്ക് റേറ്റും അടക്കം 576 റൺസ് മാത്രമേ താരം നേടിയിട്ടുള്ളൂ. ഈ സീസണിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് 13.50 ശരാശരിയും 112.50 സ്‌ട്രൈക്ക് റേറ്റും സഹിതം വെറും 54 റൺസ് ആണ് താരത്തിന്റെ സമ്പാദ്യം.