മുംബൈ: കൂളിങ് ഓഫ് കാലാവധി എന്ന കടമ്പ ഒഴിവായിട്ടും ബിസിസിഐ അധ്യക്ഷ സ്ഥാനത്ത് രണ്ടാമൂഴത്തിനില്ലെന്ന് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി വ്യക്തമാക്കിയതോടെ മുൻ ഇന്ത്യൻ താരം റോജർ ബിന്നി പുതിയ അധ്യക്ഷനാകാൻ സാധ്യത തെളിഞ്ഞു. ഗാംഗുലിക്ക് പകരം ബിന്നിയെ പുതിയ ബിസിസിഐ അധ്യക്ഷനായി തെരഞ്ഞെടുക്കാൻ തത്വത്തിൽ ധാരണയായതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

ജയ് ഷാ ബിസിസിഐ സെക്രട്ടറിയായി തുടരുമ്പോൾ രാജിവ് ശുക്ല വൈസ് പ്രസിഡന്റാവും. റോജർ ബിന്നി പ്രസിഡന്റാവുമ്പോൾ നിലവിലെ ബിസിസിഐ ട്രഷറർ അരുൺ ധൂമാൽ ബ്രിജേഷ് പട്ടേലിന് പകരം ഐപിഎൽ ഭരണസമിതി ചെയർമാനാവാനാണ് നിലവിലെ ധാരണ. ബിന്നിയും ജയ്ഷായും യഥാക്രമം പ്രസിഡന്റ്, സെക്രട്ടറി സ്ഥാനത്തേക്ക് നാമനിർദേശ പത്രിക സമർപ്പിച്ചുകഴിഞ്ഞു.

രണ്ടാമൂഴത്തിനില്ലെന്ന് ഗാംഗുലിയും വ്യക്തമാക്കിയതോടെയാണ് ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേക്ക് 1983ലെ ലോകകപ്പ് ഹീറോ കൂടിയായ റോജർ ബിന്നിക്ക് അവസരമൊരുങ്ങുന്നത്. ഈ മാസം 18ന് നടക്കുന്ന ബിസിസിഐ വാർഷിക ജനറൽ ബോഡി യോഗത്തിൽ ബിന്നിയെ പ്രസിഡന്റായി ഔദ്യോഗികമായി തെരഞ്ഞെടുക്കും.

പ്രസിഡന്റ്, സെക്രട്ടറി സ്ഥാനങ്ങളിലെ കൂളിങ് ഓഫ് കാലാവധി ഒഴിവാക്കാനുള്ള ഭരണഘടനാ ഭേദഗതി സുപ്രീം കോടതി അംഗീകരിച്ചതോടെ ഗാംഗുലിയിൽ നിന്ന് പ്രസിഡന്റ് സ്ഥാനം ജയ് ഷാ ഏറ്റെടുക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും അതുണ്ടായില്ല. അതേസമയം, അരുൺ ധുമാൽ പുതിയ ഐപിഎൽ ചെയർമാനാവുമ്പോൾ ബിസിസിഐ ട്രഷറർ സ്ഥാനത്തേക്ക് ബിജെപിയുടെ മുംബൈയിലെ കരുത്തനായ ആശിഷ് ഷെലാർ ട്രഷറർ നാനമിർദേശ പത്രിക സമർപ്പിച്ചിട്ടുണ്ട്.

ആസമിൽ നിന്നുള്ള ദേവ്ജിത് സൈക്കിയ ആണ് ജോയന്റ് സെക്രട്ടറി സ്ഥാനത്തേക്ക് നാമനിർദേശ പത്രിക സമർപ്പിച്ചിരിക്കുന്നത്. നേരത്തെ മുംബൈ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്കും ആശിഷ് ഷെലാർ നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നെങ്കിലും പത്രിക പിൻവലിക്കാനുള്ള അവസാന തീയതിയായ 14ന് മുമ്പ് ഇത് പിൻവലിക്കുമെന്നാണ് കരുതുന്നത്. പകരം റോജർ ബിന്നിയുടെ വിശ്വസ്തനായ സന്ദീപ് പാട്ടീൽ മുംബൈ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ആയേക്കും.

ഗാംഗുലി ബിസിസിഐ അധ്യക്ഷനായപ്പോഴും ടീമിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് കരുത്തായി നിന്നിരുന്നു. രാഹുൽ ദ്രാവിഡിനെ ഇന്ത്യയുടെ മുഖ്യ പരിശീലകനാക്കിയതും വിവി എസ് ലക്ഷ്മണെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലവനാക്കിയതും ഗാംഗുലിയായിരുന്നു. വിരാട് കോലി ഇന്ത്യയുടെ നായകസ്ഥാനം ഒഴിയാൻ ഗാംഗുലി കാരണമായെന്ന തരത്തിൽ വിമർശനവും ഗാംഗുലിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.

ഇന്ത്യൻ ക്രിക്കറ്റിനൊപ്പം തുടരനാണ് ആഗ്രഹിക്കുന്നതെന്നാണ് ഗാംഗുലി നേരത്തെ പ്രതികരിച്ചത്. എന്നാൽ ഇപ്പോൾ ഗാംഗുലിക്ക് ഐസിസി തലപ്പത്തേക്കെത്താനുള്ള സുവർണ്ണാവസരമാണ്. ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ചും വലിയ ഗുണം ചെയ്യുമെന്നതിനാൽ ഗാംഗുലി ഐസിസിയിലേക്ക് പോകുന്നതിന് ബിസിസി ഐയുടെ പൂർണ്ണ പിന്തുണയുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

എന്നാൽ ഐസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ബിസിസിഐ ഗാംഗുലിയെ പിന്തുണക്കുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. തിങ്കളാഴ്ച വൈകിട്ട് ബിസിസിഐ ആസ്ഥാനത്ത് എത്തിയ ഗാംഗുലി അധികൃതരുമായി ചർച്ചകൾ നടത്തിയിരുന്നു. ഐസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ആരെയാകും ബിസിസിഐ പിന്തുണക്കുക എന്നത് വാർഷിക ജനറൽ ബോഡി യോഗം തീരുമാനിക്കുമെന്നാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന രാജീവ് ശുക്ല പറഞ്ഞു.

റോജർ ബിന്നി നിലവിൽ കർണാടക ക്രിക്കറ്റ് അസോസിയേഷൻ അധ്യക്ഷനാണ്. 1983ൽ ഇന്ത്യ ലോകകപ്പ് നേടിയപ്പോൾ ബിന്നിയും ടീമിന്റെ ഭാഗമായിരുന്നു.നേരത്തെ ബിസിസി ഐ സെലക്ഷൻ കമ്മിറ്റി അംഗമായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യക്കായി 27 ടെസ്റ്റിൽ കളിച്ചിട്ടുള്ള ബിന്നി 47 വിക്കറ്റെടുത്തിട്ടുണ്ട്. 72 ഏകദിനങ്ങളിൽ ഇന്ത്യൻ കുപ്പായമണിഞ്ഞ ബിന്നി 1983ലെ ഏകദിന ലോകകപ്പിൽ എട്ട് മത്സരങ്ങളിൽ 18 വിക്കറ്റ് വീഴ്‌ത്തി ഇന്ത്യയുടെ ഹീറോ ആയിരുന്നു. മുൻ ഇന്ത്യൻ താരം സ്റ്റുവർട്ട് ബിന്നി മകനാണ്.