മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ട് ഇന്ത്യ ഐസിസി കിരീടം കൈവിട്ടതോടെ രോഹിത് ശർമ്മയുടെ ടെസ്റ്റ് ക്യാപ്റ്റൻസി ത്രിശങ്കുവിൽ. വെസ്റ്റ് ഇൻഡീസ് പര്യടനത്തിന് ശേഷം ടെസ്റ്റ് ക്യാപ്റ്റൻസിയിൽ നിന്ന് രോഹിത്തിനെ മാറ്റിയേക്കുമെന്നാണ് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐയുടെ റിപ്പോർട്ട്. ജൂലൈ 12ന് ഡൊമിനിക്കയിലാണ് വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റ് മത്സരം. എന്നാൽ രോഹിത് ഉടൻ ക്യാപ്റ്റൻ സ്ഥാനം രാജിവയ്ക്കില്ലെന്ന് ബിസിസിഐ വൃത്തങ്ങൾ പ്രതികരിച്ചു.

പത്ത് വർഷങ്ങൾക്ക് ഒരു ഐസിസി കിരീടമെന്ന മോഹമാണ് ഓസീസിന് മുന്നിൽ പൊലിഞ്ഞത്. തോൽവിയോടെ ഒരു വിഭാഗം ആരാധകർ കോച്ച് രാഹുൽ ദ്രാവിഡ്, ക്യാപ്റ്റൻ രോഹിത് ശർമ എന്നിവർക്കെതിരെ തിരിഞ്ഞു. ഇരുവരും രാജിവെക്കണമെന്നാണ് ആരാധകരുടെ ആവശ്യം. എന്നാൽ ബിസിസിഐ ഇക്കാര്യത്തിൽ തിടുക്കപ്പെട്ട് തീരുമാനം എടുക്കില്ലെന്ന സൂചനയാണ് പുറത്തുവരുന്നത്.

''രോഹിത് ക്യാപ്റ്റൻ സ്ഥാനം ഉടൻ ഒഴിയുമെന്നത് അടിസ്ഥാന രഹിതമായ കാര്യമാണ്. എന്നാൽ അടുത്ത ടെസ്റ്റ് ചാംപ്യൻഷിപ് രോഹിത് പൂർത്തിയാക്കുമോയെന്നതു വലിയ ചോദ്യമാണ്. കാരണം 2025 ൽ അടുത്ത ചാംപ്യൻഷിപ് അവസാനിക്കുമ്പോഴേക്കും രോഹിത്തിന് 38 വയസ്സാകും.'' മുതിർന്ന ബിസിസിഐ ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ പിടിഐയോടു പറഞ്ഞു.

വിൻഡീസ് പര്യടനം പൂർത്തിയായി രോഹിത്തിന്റെ പ്രകടനവും പരിശോധിച്ച ശേഷം ബിസിസിഐ പ്രതിനിധികൾ താരവുമായി ചർച്ച നടത്തുമെന്ന് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ''വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് മത്സരങ്ങൾക്കു ശേഷം ഡിസംബർ വരെ ഇന്ത്യയ്ക്കു വേറെ ടെസ്റ്റ് മത്സരങ്ങളില്ല. വിഷയത്തിൽ തീരുമാനമെടുക്കാൻ സിലക്ടർമാർക്ക് ആവശ്യത്തിനു സമയമുണ്ട്.'' ബിസിസിഐ പ്രതിനിധി വ്യക്തമാക്കി.

2022 ലാണ് രോഹിത് ശർമ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനാകുന്നത്. അതിനു ശേഷം ഇന്ത്യ പത്ത് ടെസ്റ്റുകൾ കളിച്ചു. അതിൽ മൂന്നു മത്സരങ്ങളിൽ രോഹിത് കളിക്കാനിറങ്ങിയില്ല. ഏഴു മത്സരങ്ങളിൽനിന്ന് ഒരു സെഞ്ചറിയുൾപ്പെടെ 390 റൺസാണ് രോഹിത് ശർമ നേടിയത്. അതേസമയം പത്ത് മത്സരങ്ങളും കളിച്ച വിരാട് കോലി 517 റൺസെടുത്തിട്ടുണ്ട്. ഡിസംബറിലെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് മുമ്പ് മുപ്പത്തിയഞ്ചുകാരനായ രോഹിത്തിന്റെ ക്യാപ്റ്റൻസി സംബന്ധിച്ച് സെലക്ടർമാർ തീരുമാനമെടുത്തേക്കും.

'2025ലാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ അടുത്ത സീസൺ അവസാനിക്കുക. അപ്പോഴേക്കും രോഹിത് ശർമ്മയ്ക്ക് മുപ്പത്തിയെട്ടിന് അടുത്താകും പ്രായം. അതിനാൽ വരുന്ന ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ രണ്ട് വർഷ കാലയളവിൽ ക്യാപ്റ്റൻ സ്ഥാനത്ത് പൂർണമായും രോഹിത് ശർമ്മയുണ്ടാകുമോ എന്ന് പറയാനാവില്ല. വെസ്റ്റ് ഇൻഡീസിന് എതിരായ രണ്ട് ടെസ്റ്റുകൾക്ക് ശേഷം രോഹിത്തിന്റെ ഫോമിനെ കുറിച്ച് ചീഫ് സെലക്ടർ ശിവ് സുന്ദർ ദാസും സഹപ്രവർത്തകരും തമ്മിൽ ചർച്ചയുണ്ടാകുമെന്നാണ് കരുതുന്നത്.

വെസ്റ്റ് ഇൻഡീസ് പര്യടനത്തിന് ശേഷം ഡിസംബർ വരെ ടീം ഇന്ത്യക്ക് ടെസ്റ്റ് പരമ്പരകളില്ല. ഡിസംബറിൽ ദക്ഷിണാഫ്രിക്കൻ പര്യടനമാണ് പിന്നീട് വരുന്നത്. അതിനാൽ ക്യാപ്റ്റൻസി കാര്യത്തിൽ സെലക്ടർമാർക്ക് ഉചിതമായ തീരുമാനം എടുക്കാനുള്ള സമയമുണ്ട്' എന്നും പേര് വെളിപ്പെടുത്താത്ത ബിസിസിഐ കേന്ദ്രങ്ങൾ പിടിഐയോട് പറഞ്ഞു.

എന്നാൽ ദ്രാവിഡ് - രോഹിത് സഖ്യത്തിന്റെ ഭാവിയെ കുറിച്ച് സംസാരിക്കുകയാണ് മുൻ ബിസിസിഐ പ്രസിന്റും ഇന്ത്യൻ ക്യാപ്റ്റനുമൊക്കെയായിരുന്നു സൗരവ് ഗാംഗുലി. ''ആര് നയിക്കണമെന്നതും പരിശീലിപ്പിക്കണമെന്നതും തീരുമാനിക്കുന്നത് സെലക്റ്റർമാരാണ്. സോഷ്യൽ മീഡിയക്ക് അതിലൊന്നും ചെയ്യാനില്ല. വിരാട് കോലി രണ്ട് വർഷം മുമ്പ് നായകസ്ഥാനം ഒഴിഞ്ഞു.

ആരായിരിക്കണം ഇന്ത്യയുടെ കോച്ചും നായകനുമെന്ന് എന്നോട് ചോദിച്ചാൽ എനിക്ക് മറിച്ചൊരു ഉത്തരമില്ല. ഏകദിന ലോകകപ്പ് വരെ ഇരുവരും തുടരണം. ലോകകപ്പിന് ശേഷം രോഹിത്തിന്റെ മനസിൽ എന്താകുമെന്ന് എനിക്കറിയില്ല. അദ്ദേഹത്തിന് വേണ്ടത് ചെയ്യാം. നിലവിലെ സാഹചര്യത്തിൽ ഇരുവരുമാണ് ഏറ്റവും മികച്ച ഓപ്ഷൻ. ഇരുവർക്കും എല്ലാവിധ ആശംസകളും.'' ഗാംഗുലി വ്യക്തമാക്കി.