- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഒറ്റ മത്സരം പോര, ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഉചിതം; ഫൈനൽ തോൽവിക്ക് പിന്നാലെ നിർദ്ദേശം മുന്നോട്ടു വെച്ചു രോഹിത് ശർമ്മ; ഞങ്ങൾ നന്നായി പൊരുതിയെന്നും ഇന്ത്യൻ നായകൻ
ഓവൽ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് പിന്നാലെ പുതിയ ഫോർമാറ്റ് നിർദേശിച്ച് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയായിട്ട് നടത്തുന്നതാണ് നല്ലതെന്ന് രോഹിത് ശർമ്മ പറഞ്ഞു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ തോൽവിക്ക് പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇന്ത്യൻ നായകന്റെ പ്രതികരണം.
'ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മൂന്ന് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയായി കളിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഞങ്ങൾ നന്നായി പരിശ്രമിച്ചു, പൊരുതി. പക്ഷേ ഒരു മത്സരം മാത്രമേ കളിച്ചിട്ടുള്ളൂ. ഇനി വരാനിരിക്കുന്ന ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയായിരിക്കും ഉചിതം' - രോഹിത് ശർമ്മ പറഞ്ഞു.
'കടുത്ത മത്സരമായിരുന്നു. ടോസ് വിജയിച്ച് ഓസ്ട്രേലിയയെ ബാറ്റിങ്ങിനയച്ച തുടക്കം മികച്ചതായിരുന്നു. ആദ്യ സെഷനിൽ നന്നായി പന്തെറിയുകയും ചെയ്തു. എന്നാൽ ട്രാവിസ് ഹെഡുൾപ്പടെയുള്ള ഓസീസ് ബാറ്റർമാർ ഗംഭീര പ്രകടനം കാഴ്ചവെച്ചു. ഞങ്ങൾ നന്നായി പൊരുതി, ഓസ്ട്രേലിയയ്ക്ക് അഭിനന്ദനങ്ങൾ' - രോഹിത് അഭിപ്രായപ്പെട്ടു.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ തുടർച്ചയായ രണ്ടാം തവണയാണ് ഇന്ത്യ പരാജയപ്പെടുന്നത്. ഓവലിൽ 209 റൺസിനാണ് ഇന്ത്യയുടെ തോൽവി. ഓസീസ് ഉയർത്തിയ 444 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 234 റൺസിന് ഓൾഔട്ടാകുകയായിരുന്നു. 2021-ലെ പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസിലൻഡാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്.
അതേ സമയം വിജയത്തോടെ ഓസ്ട്രേലിയ പുതിയ റെക്കോഡും സ്വന്തമാക്കി. എല്ലാ ഐസിസി ടൂർണമെന്റുകളിലും കിരീടം നേടുന്ന ആദ്യ ടീമെന്ന ചരിത്രനേട്ടമാണ് ഓസീസ് കരസ്ഥമാക്കിയത്. ഏകദിന ലോകകപ്പ്, ചാമ്പ്യൻസ് ട്രോഫി, ടി20 ലോകകപ്പ് എന്നിവയാണ് നേരത്തേ ഓസ്ട്രേലിയ വിജയിച്ച ഐസിസി ടൂർണമെന്റുകൾ.
സ്പോർട്സ് ഡെസ്ക്