- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പാക്കിസ്ഥാനിലെ മൂന്ന് ടെസ്റ്റ് മത്സരങ്ങൾ അഞ്ച് ദിവസം നീണ്ടപ്പോൾ ആളുകൾക്ക് ബോറടിച്ചു; ഇവിടെ മൂന്ന് ദിവസം കൊണ്ട് ടെസ്റ്റ് തീർത്ത് ഞങ്ങൾ കാണികളെ കൂടുതൽ ആവേശത്തിലാഴ്ത്തി'; ഇൻഡോറിലെ തോൽവിക്ക് കാരണം ആദ്യ ഇന്നിങ്സിലെ മോശം ബാറ്റിങ് എന്ന് രോഹിത് ശർമ്മ
ഇൻഡോർ: ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലെ മൂന്ന് ടെസ്റ്റിലെ ദയനീയ പരാജയത്തിന്റെ കാരണം വ്യക്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. ആദ്യ ഇന്നിങ്‌സിൽ നല്ല രീതിയിൽ ബാറ്റ് ചെയ്യാത്തതാണ് ഇൻഡോർ ടെസ്റ്റിലെ തോൽവിക്ക് കാരണമെന്നും രോഹിത് പറഞ്ഞു. പിച്ച് എങ്ങനെയോ ആവട്ടെ, നേരത്തെ ആസൂത്രണം ചെയ്ത പദ്ധതികൾ ഗ്രൗണ്ടിൽ നടപ്പാക്കുകയാണ് വേണ്ടതെന്നും രോഹിത് ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെ സ്പിൻ പിച്ചുകളിൽ നടക്കുന്ന ടെസ്റ്റ് മത്സരങ്ങൾ രണ്ടും മൂന്നും ദിവസത്തിൽ അവസാനിക്കുന്നതിനെക്കുറിച്ച് വിമർശനം ഉയരുന്നതിനിടെ വിഷയത്തിലും രോഹിത് ശർമ പ്രതികരിച്ചു. ഇൻഡോർ ടെസ്റ്റ് തോറ്റശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് മൂന്ന് ദിവസം മാത്രം നീളുന്ന ടെസ്റ്റ് മത്സരങ്ങൾ ക്രിക്കറ്റിന് ഗുണകരമാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് രോഹിത് മറുപടി നൽകിയത്.
ഇന്ത്യയിൽ മാത്രമല്ല വിദേശത്തും ടെസ്റ്റ് മത്സരങ്ങൾ അഞ്ച് ദിവസം നീളാറില്ലെന്ന് രോഹിത് പറഞ്ഞു. അഞ്ച് ദിവസം നീളുന്ന ടെസ്റ്റ് മത്സരങ്ങൾ ഉണ്ടാകണമെങ്കിൽ കളിക്കാർ മികച്ച പ്രകടനം പുറത്തെടുക്കുകയും വേണം. ഇന്നലെ സമാപിച്ച ദക്ഷിണാഫ്രിക്ക-വെസ്റ്റ് ഇൻഡീസ് മത്സരം മൂന്ന് ദിവസത്തിലാണ് അവസാനിച്ചത്. പക്കിസ്ഥാനിൽ കഴിഞ്ഞ മൂന്ന് ടെസ്റ്റ് മത്സരങ്ങൾ അഞ്ച് ദിവസം നീണ്ടപ്പോൾ ആളുകൾക്ക് ബോറടിച്ചിരുന്നു. ഇവിടെ മൂന്ന് ദിവസം കൊണ്ട് ടെസ്റ്റ് തീർത്ത് ഞങ്ങൾ കാണികളെ കൂടുതൽ ആവേശത്തിലാഴ്‌ത്തുകയല്ലെ ചെയ്യൂന്നത് എന്നായിരുന്നു രോഹിത്തിന്റെ മറുപടി.
സ്പിൻ പിച്ചുകളിൽ കളിക്കുമ്പോൾ കുറച്ചുകൂടി ധൈര്യത്തോടെ കളിക്കണം. ഓസീസ് ബൗളർമാരെ ഒരേ സ്ഥലത്ത് തന്നെ പന്ത് പിച്ച് ചെയ്യിക്കാൻ നമ്മൾ അനുവദിച്ചു. ആദ്യ രണ്ട് ടെസ്റ്റിൽ എങ്ങനെയാണോ ജയിച്ചത് അതേ തന്ത്രങ്ങളുമായാകും അടുത്ത ടെസ്റ്റിന് തയ്യാറെടുപ്പ് നടത്തുകയെന്നും രോഹിത് പറഞ്ഞു.
പരമ്പരയിലെ മൂന്ന് ടെസ്റ്റും നടന്നത് സ്പിന്നർമാരെ തുണക്കുന്ന പിച്ചുകളിലായിരുന്നു. നാഗ്പൂരിനും ഡൽഹിക്കും പുറമെ ഇൻഡോറിൽ നടന്ന മൂന്നാം ടെസ്റ്റും മൂന്ന് ദിവസത്തിനുള്ളിൽ അവസാനിക്കുകയും ചെയ്തു. ഇൻഡോർ ടെസ്റ്റാകട്ടെ ആകെ ഏഴ് സെഷനിൽ രണ്ടര ദിവസത്തിനുള്ളിലാണ് അവസാനിച്ചത്.
ഇൻഡോർ ടെസ്റ്റിൽ ഒമ്പത് വിക്കറ്റിനാണ് ഓസ്‌ട്രേലിയ ജയിച്ചു കയറിയത്. മൂന്നാം ദിനം വിജയലക്ഷ്യമായി 75 റൺസ് ഓസീസ് ഒരു വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. 49 റൺസോടെ ട്രാവിസ് ഹെഡും 28 റൺസുമായി ലാബുഷെയ്‌നും പുറത്താകാതെ നിന്നു. ഓസീസ് നിരയിൽ വീണ ഒരേയൊരു വിക്കറ്റ് അശ്വിനാണ് സ്വന്തമാക്കിയത്. മൂന്നാം ടെസ്റ്റിൽ രണ്ട് ഇന്നിങ്സിലുമായി കേവലം 24 റൺസ് മാത്രമാണ് രോഹിത്ത് നേടിയിരുന്നത്.