മുംബൈ: വനിതാ പ്രീമിയർ ലീഗിലെ രണ്ടാം മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനതിരെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 224 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിൽ ബാറ്റിംഗിന് ഇറങ്ങിയ ഡൽഹി ഓപ്പണർമാരായ ഷഫാലി വർമയും ക്യാപ്റ്റൻ മെഗ് ലാനിങും ചേർന്ന് ബാറ്റിങ് വിരുന്ന് ഒരുക്കുകയായിരുന്നു. ഇരുവരുടേയും തകർപ്പൻ അർധസെഞ്ചുറിയുടെ കരുത്തിൽ 20 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 223 റൺസടിച്ചു.

ഓപ്പണിങ് വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ട് ഉയർത്തിയ ഷഫാലിയും ലാനിങും ചേർന്ന് 14.3 ഓവറിൽ 162 റൺസടിച്ചശേഷമാണ് വേർ പിരിഞ്ഞത്. ലാനിങ് 43 പന്തിൽ 72 റൺസെടുത്തപ്പോൾ ഷഫാലി 45 പന്തിൽ 84 റൺസെടുത്തു. ഇരുവരെയും ഒരോവറിൽ പുറത്താക്കിയ ഹെതർ നൈറ്റാണ് ആർസിബിക്ക് ആശ്വസിക്കാൻ വക നൽകിയത്.

പവർ പ്ലേയിൽ ഇരുവരും ചേർന്ന് 57 റൺസടിച്ചു. പവർപ്ലേയിലെ അവസാന ഓവറിൽ സോഫി ഡിവൈനിനെതിരെ 20 റൺസാണ് ഷഫാലിയും ലാനിങും ചേർന്ന് അടിച്ചുകൂട്ടിയത്. ആശാ ശോഭന എറിഞ്ഞ ഒമ്പതാം ഓവറിൽ ഇരുവരും ചേർന്ന് 22 റൺസടിച്ചു. പത്താം ഓവറിൽ ഡൽഹി 100 കടന്നു. 30 പന്തിൽ ഷഫാലിയും ലാനിങും അർധസെഞ്ചുറി തികച്ചപ്പോൾ പതിനാലാം ഓവറിൽ ഡൽഹി 150 കടന്നു.

ഷഫാലി വനിതാ ഐപിഎല്ലിലെ ആദ്യ സെഞ്ചുറി നേടുമെന്ന് കരുതിയെങ്കിലും പതിനഞ്ചാം ഓവറിൽ മൂന്ന് പന്തുകളുടെ ഇടവേളയിൽ ഇരുവരെയും പുറത്താക്കി ഹെതർ നൈറ്റ് ബാംഗ്ലൂരിന് ആശ്വസിക്കാൻ വക നൽകി. ഷഫാലി 45 പന്തിൽ 10 ബൗണ്ടറിയും നാലു സിക്‌സും പറത്തിയാണ് 84 റൺസടിച്ചത്. ലാനിങാകട്ടെ 43 പന്തിൽ 14 ബൗണ്ടറി അടിച്ചാണ് 72 റൺസടിച്ചത്.

ഇരുവരെയും 15-ാം ഓവറിൽ മടക്കി ഹീതർ നൈറ്റാണ് ആർസിബിക്ക് ഇന്നിങ്സിൽ സന്തോഷിക്കാൻ ആകെ സാധിച്ച രണ്ട് നിമിഷങ്ങൾ സമ്മാനിച്ചത്. ഇരുവരും പുറത്തായശേഷമെത്തിയ ജെമീമ റോഡ്രിഗസും(15 പന്തിൽ 22) മരിസാനെ കാപ്പും(17 പന്തിൽ 39) തകർത്തടിച്ചതോടെ ഡൽഹി 20 ഓവറിൽ 223 റൺസിലെത്തി. ആർസിബിക്കായി ഹെതർ നൈറ്റ് രണ്ട് വിക്കറ്റ് വീഴ്‌ത്തി. മൂന്ന് ഫോറും മൂന്ന് സിക്‌സും പറത്തിയ കാപ്പാണ് ഡൽഹിയെ 200 കടത്തിയത്.