- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങി ഡൽഹി; റൺമലയ്ക്ക് മുന്നിൽ പതറിവീണ് ബാംഗ്ലൂർ; വനിതാ പ്രിമിയർ ലീഗിൽ സ്മൃതിക്കും സംഘത്തിനും തോൽവിയോടെ തുടക്കം; ഡൽഹിയുടെ ജയം 60 റൺസിന്
മുംബൈ: വനിതാ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപ്പിറ്റൽസിന് വിജയത്തുടക്കം. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ 60 റൺസിനാണ് ഡൽഹി ക്യാപ്പിറ്റൽസ് കീഴടക്കിയത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങിയ ഡൽഹി ആർസിബിക്ക് മേൽ ആധികാരിക ജയം കുറിക്കുകയായിരുന്നു. 20 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 223 റൺസ് നേടിയ ഡൽഹിക്ക് മുന്നിൽ ബാംഗ്ലൂരിന് പിടിച്ച് നിൽക്കാനായില്ല.
ടൂർണമെന്റിലെ ഏറ്റവും ഉയർന്ന സ്‌കോർ കണ്ടെത്തിയ ഡൽഹി ക്യാപിറ്റൽസിനെതിരെ ആർസിബിയുടെ മറുപടി 163 റൺസിൽ അവസാനിച്ചു. നാല് ഓവറിൽ 29 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ താര നോറിസാണ് ആർസിബിയുടെ നടുവൊടിച്ചത്.
മികച്ച തുടക്കം ലഭിച്ച ശേഷം ആർസിബി കളി കൈവിടുകയായിരുന്നു. 23 പന്തിൽ അഞ്ച് ഫോറും ഒരു സിക്‌സും സഹിതം 35 റൺസെടുത്ത ക്യാപ്റ്റൻ സ്മൃതി മന്ഥനയാണ് ആർസിബിയുടെ ടോപ് സ്‌കോറർ. ഹീതർ നൈറ്റ് 21 പന്തിൽ രണ്ടു വീതം സിക്‌സും ഫോറും സഹിതം 34 റൺസെടുത്തും പുറത്തായി. മേഗൻ ഷൂട്ട് 19 പന്തിൽ അഞ്ച് ഫോറുകൾ സഹിതം 30 റൺസുമായി പുറത്താകാതെ നിന്നു. എലിസ് പെറി (19 പന്തിൽ അഞ്ച് ഫോറുകളോടെ 31) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. സോഫി ഡിവൈൻ (14), ദിഷ കസാറ്റ് (9), റിച്ച ഘോഷ് (2) എന്നിവരെല്ലാം നിരാശപ്പെടുത്തി.
നേരത്തെ ബാറ്റെടുത്തവരെല്ലാം തകർത്തടിച്ച മത്സരത്തിൽ ഡൽഹി ക്യാപ്പിറ്റൽസ് 20 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 223 റൺസെടുത്തിരുന്നു. അർധ സെഞ്ചുറി നേടിയ ക്യാപ്റ്റൻ മെഗ് ലാന്നിങ്ങും ഷഫാലി വർമയും ഡൽഹിക്കായി തകർപ്പൻ ബാറ്റിങ് പുറത്തെടുത്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡൽഹിക്ക് തകർപ്പൻ തുടക്കമാണ് ലാന്നിങ് - ഷഫാലി സഖ്യം നൽകിയത്. 14.3 ഓവറിൽ 162 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയ ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്.
43 പന്തുകൾ നേരിട്ട ലാന്നിങ് 14 ബൗണ്ടറിയടക്കം 72 റൺസെടുത്തു. 45 പന്തുകൾ നേരിട്ട ഷഫാലി നാല് സിക്‌സും 10 ഫോറുമടക്കം നേടിയത് 84 റൺസ്. ഇരുവരെയും 15-ാം ഓവറിൽ മടക്കി ഹീതർ നൈറ്റാണ് ആർസിബിക്ക് ഇന്നിങ്‌സിൽ സന്തോഷിക്കാൻ ആകെ സാധിച്ച രണ്ട് നിമിഷങ്ങൾ സമ്മാനിച്ചത്.
പിന്നാലെ ക്രീസിൽ ഒന്നിച്ച മാരിസാന്നെ കാപ്പും ജെമിമ റോഡ്രിഗ്‌സും തകർത്തടിച്ചതോടെ ഡൽഹി സ്‌കോർ 200 കടന്നു. കാപ്പ് 17 പന്തിൽ നിന്ന് മൂന്ന് വീതം സിക്‌സും ഫോറുമടക്കം 39 റൺസോടെയും ജെമിമ 15 പന്തിൽ നിന്ന് മൂന്ന് ബൗണ്ടറിയടക്കം 22 റൺസോടെയും പുറത്താകാതെ നിന്നു.