- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സ്ഥാനം ഉറപ്പിക്കാൻ കളിക്കേണ്ടി വരുമ്പോൾ ടീമിനെ ജയിപ്പിക്കാനായി കളിക്കാനാകില്ല; സഞ്ജുവിന്റെയും ശ്രേയസിന്റെയും പ്രകടനത്തെ കുറിച്ച് മുൻ ഇന്ത്യൻ താരം; അധിക സമ്മർദ്ദം താരങ്ങളുടെ പ്രകടനത്തെ ബാധിക്കുന്നുവെന്നും വിലയിരുത്തൽ

ന്യൂഡൽഹി: ന്യൂസിലാൻഡിനെതിരായ ആദ്യ ഏകദിനത്തിലെ തോൽവിക്ക് പിന്നാലെ സഞ്ജു സാംസണിന്റെയും ശ്രേയസ് അയ്യരുടെയും പ്രകടനത്തെ കുറിച്ച് അഭിപ്രായവുമായി മുൻ ഇന്ത്യൻ താരവും മുൻ സെലക്ടറുമായ സാബ കരീം. മത്സരത്തിൽ സഞ്ജുവും (36), ശ്രേയസും (86) മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ന്യൂസിലാൻഡ് ഏഴ് വിക്കറ്റിന് വിജയിച്ചിരുന്നു.
സഞ്ജുവും ശ്രേയസും തമ്മിലുള്ള കൂട്ടുകെട്ടാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ക്യാപ്റ്റൻ ശിഖർ ധവാനും (72) ശുഭ്മാൻ ഗില്ലും (50) മികച്ച തുടക്കം നൽകിയിരുന്നു. അവസാന ഓവറുകളിൽ വാഷിങ്ടൺ സുന്ദർ 16 പന്തിൽ 37 റൺസെടുത്ത് വെടിക്കെട്ട് തീർത്തപ്പോൾ ഇന്ത്യൻ സ്‌കോർ 306ലെത്തി. എന്നാൽ, 47.1 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിന് ന്യൂസിലാൻഡ് ലക്ഷ്യം കാണുകയായിരുന്നു.
സഞ്ജുവിനും ശ്രേയസ് അയ്യർക്കും ടീമിൽ സ്ഥാനം നിലനിർത്തേണ്ടതിന്റെ അധിക സമ്മർദം കൂടിയുണ്ടായിരുന്നെന്നും അതിനാൽ നിർഭയമായി കളിക്കാനായില്ലെന്നും സാബ കരീം ചൂണ്ടിക്കാട്ടുന്നു. മത്സരത്തിനിറങ്ങുമ്പോൾ ആശങ്കയില്ലാതെ കളിക്കാനുള്ള സാഹചര്യമാണ് യുവാക്കൾക്ക് നൽകേണ്ടത്. സ്ഥാനം തെറിക്കുമോയെന്ന ആശങ്കയുടെ സാഹചര്യം സൃഷ്ടിക്കരുത് -അദ്ദേഹം വ്യക്തമാക്കി.
സമീപകാലത്ത് കളിക്കാർക്ക് അവരുടെ സ്ഥാനം നിലനിർത്തേണ്ട സമ്മർദത്തിൽ കളിക്കേണ്ടിവരികയാണ്. എന്നാൽ, അത്തരമൊരു സമ്മർദം കളിക്കാരിൽ ഇല്ലാതാക്കിയാൽ അവരുടെ വ്യത്യസ്തമായ പ്രകടനം നമുക്ക് കാണാനാകും. സ്ഥാനമുറപ്പിക്കാൻ വേണ്ടി കളിക്കേണ്ടിവരുമ്പോൾ ടീമിന് വേണ്ടി കളിക്കാനാകില്ല.
തുടർച്ചയായുള്ള മത്സരങ്ങളെയും സാബ കരീം കുറ്റപ്പെടുത്തി. ന്യൂസിലാൻഡ് പരമ്പര കഴിഞ്ഞയുടൻ ബംഗ്ലാദേശ് പര്യടനമാണ്. ഇങ്ങനെ തുടർച്ചയായുള്ള മത്സരങ്ങൾ ക്രിക്കറ്റിന്റെ ഗുണനിലവാരത്തെ ബാധിക്കും -അദ്ദേഹം പറഞ്ഞു.


