മെൽബൺ: കുട്ടിത്തമുള്ള മുഖവുമായി പന്തെറിയാനെത്തിയ ഇരുപത്തിനാലുകാരൻ സാം കറന്റെ ഉജ്വല ബോളിങ് പ്രകടനമായിരുന്നു ഓസ്‌ട്രേലിയൻ മണ്ണിൽ ഇംഗ്ലണ്ടിന്റെ ലോകകപ്പ് കിരീട നേട്ടത്തിൽ ഏറ്റവും നിർണായകമായത്. ആറ് മത്സരങ്ങളിൽ നിന്ന് 13 വിക്കറ്റെടുത്ത സാം പ്ലെയർ ഓഫ് ദ് ടൂർണമെന്റ് പുരസ്‌കാരത്തിനൊപ്പം ഫൈനലിലെ മികച്ച താരത്തിനുള്ള അംഗീകാരവും സ്വന്തമാക്കിയിരുന്നു.

ഒരു വർഷം മുമ്പ് നടന്ന ട്വന്റി 20 ലോകകപ്പിൽ പരുക്കുമൂലം ഇംഗ്ലണ്ട് ടീമിൽ ഇടം കിട്ടാതെ കമന്ററി ബോക്‌സിലിരിക്കേണ്ടി വന്ന സാം കറൻ ഇപ്പോൾ നിൽക്കുന്നത് ഇംഗ്ലിഷ് ക്രിക്കറ്റ് ചരിത്രത്തിന്റെ നെറുകയിലാണ്!

ഫൈനലിൽ അടക്കം ഇംഗ്ലീഷ് ബൗളിങ്ങ് നിരയിൽ ഏറ്റവും മികച്ചുനിന്നത് സാം കറനെന്ന അവരുടെ ഓൾ റൗണ്ടറായിരുന്നു. വെറും നാലോവറിൽ 12 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റെടുത്ത സാം കറൻ പാക്കിസ്ഥാന്റെ പ്രതീക്ഷകളെയെല്ലാം തകർത്തെറിഞ്ഞു. ഒടുവിൽ മത്സരത്തിലേയും ടൂർണമെന്റിലേയും താരമായിക്കൊണ്ടാണ് സാം കറൻ മെൽബണിൽ നിറഞ്ഞുനിന്നത്.

സ്വപ്നസാക്ഷാത്കാരത്തിനൊടുക്കം മെൽബണിൽ ബട്ട്ലർ കപ്പുയർത്തുമ്പോൾ സാം കറൻ എന്ന 24-കാരൻ 2021 ട്വന്റി 20 ലോകകപ്പിനെക്കുറിച്ച് ഒരു നിമിഷം ചിന്തിച്ചുകാണണം. അന്ന് പരിക്ക് മൂലം ലോകകപ്പിൽ കളിക്കാൻ സാം കറന് കഴിഞ്ഞിരുന്നില്ല. ബെൻസ്റ്റോക്സും ജൊഫ്ര ആർച്ചറും പുറത്തായ ടൂർണമെന്റിൽ സാം കറൻ കൂടി കളിക്കില്ലെന്നായതോടെ ഇംഗ്ലണ്ട് ടീമിന് വലിയ തിരിച്ചടിയായിരുന്നു അത്. സെമിയിൽ ന്യൂസിലൻഡിനോട് തോറ്റാണ് 2021 ലോകകപ്പിൽ നിന്ന് ഇംഗ്ലണ്ട് പുറത്താകുന്നത്.

ഇത്തവണ ഓസ്ട്രേലിയയിലെത്തിയ ഇംഗ്ലീഷ് നിരയിൽ സാം കറനുമുണ്ടായിരുന്നു. ആദ്യ മത്സരത്തിൽ തന്നെ ചരിത്രം കുറിച്ചുകൊണ്ടാണ് കറൻ തുടങ്ങിയത്. അഫ്ഗാനെതിരായ ആദ്യ മത്സരത്തിൽ തന്നെ അഞ്ച് വിക്കറ്റ് പ്രകടനത്തോടെ കറൻ തിളങ്ങി. വെറും പത്ത് റൺസ് മാത്രം വിട്ടുകൊടുത്താണ് കറൻ അഞ്ച് വിക്കറ്റെടുത്തത്. ട്വന്റി 20 യിൽ അഞ്ച് വിക്കറ്റെടുക്കുന്ന ആദ്യ ഇംഗ്ലണ്ട് പുരുഷതാരമായി മാറാനും കറന് സാധിച്ചു. ട്വന്റി 20 ലോകകപ്പിൽ അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്ന എട്ടാമത്തെ മാത്രം താരമായിരുന്നു കറൻ. തന്റെ ആദ്യ ട്വന്റി 20 ലോകകപ്പ് മത്സരത്തിലാണ് സാം കറൻ ഈ നേട്ടം കൈവരിച്ചതെന്നതാണ് ശ്രദ്ധേയമായ കാര്യം.

ഡെത്ത് ഓവറുകളിൽ കണിശതയോടെ പന്തെറിയാൻ കഴിയുന്നതാണ് സാം കറന്റെ മികവ്. ഡെത്ത് ഓവറുകളിൽ വിക്കറ്റെടുക്കാനും റണ്ണൊഴുക്ക് തടയാനും സാം കറന് സാധിക്കുന്നിടത്താണ് ഇംഗ്ലണ്ട് എതിരാളികളുടെ ടോട്ടൽ സ്‌കോർ കുറച്ചുകൊണ്ടുവരുന്നത്. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം തുടർന്ന സാം കറൻ ഇംഗ്ലീഷ് പടയിലെ കരുത്തുറ്റ സാന്നിധ്യമായി മാറി.

കലാശപ്പോരിലും നന്നായി പന്തെറിഞ്ഞ സാം പാക്കിസ്ഥാന്റെ റണ്ണൊഴുക്ക് തടയുന്നതിൽ നിർണായക പങ്കുവഹിച്ചു. വെറും 12 റൺസ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റെടുത്ത് കറൻ കളിയിലെ താരമായി മാറിക്കൊണ്ടാണ് ഇംഗ്ലീഷ് വിജയം അരക്കെട്ടുറപ്പിച്ചത്. പിന്നാലെ ഐ.സി.സി, ടൂർണമെന്റിലെ താരമായും കറനെ തിരഞ്ഞെടുത്തു. ജോസ് ബട്ട്ലർ, അലക്സ് ഹെയിൽസ്, വിരാട് കോലി, സൂര്യകുമാർ യാദവ് എന്നിവരെയെല്ലാം പിന്തള്ളിയാണ് കറൻ ലോകകപ്പിന്റെ താരമായി മാറിയത്.

ട്വന്റി20 ലോകകപ്പിന്റെ ചരിത്രത്തിൽ ബോളിങ് പ്രകടനത്തിന്റെ മാത്രം അടിസ്ഥാനത്തിൽ പ്ലെയർ ഓഫ് ദ് ടൂർണമെന്റാകുന്ന ആദ്യ താരമാണ് സാം കറൻ. ഇത്തവണ സൂപ്പർ 12 റൗണ്ടിൽ കൂടുതൽ വിക്കറ്റ് നേട്ടം സാം കറന്റെ പേരിലാണ്. ട്വന്റി20 ലോകകപ്പ് ഫൈനലിൽ ഒരു പേസ് ബോളറുടെ മികച്ച പ്രകടനം (3/12).

പ്ലെയർ ഓഫ് ദ് ടൂർണമെന്റാകുന്ന പ്രായം കുറഞ്ഞ താരം. ഒരു ട്വന്റി20 ലോകകപ്പിൽ കൂടുതൽ വിക്കറ്റ് നേടുന്ന ഇംഗ്ലിഷ് ബോളർ.