ഹരാരെ: കഴിഞ്ഞ പരമ്പരകളിലുൾപ്പടെ മികച്ച ഫോമിലാണ് സഞ്ജു സാംസൺ. ബാറ്റിങ്ങിനൊപ്പം തന്നെ വിക്കറ്റ് കീപ്പിങ്ങിലും മികച്ച പ്രകടനത്തോടെ മുതിർന്ന താരങ്ങളുടെതുൾപ്പടെ പ്രശംസ പിടിച്ചുപറ്റാൻ സഞ്ജുവിന് സാധിക്കുന്നുണ്ട്.എന്നിട്ടും ഏഷ്യാ കപ്പ് ടീമിൽ ഇടംലഭിക്കാത്തതിൽ നിരാശയിലാണ് സഞ്ജുവിന്റെ ആരാധകർ.എന്നാൽ ഇപ്പോഴിത വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സഞ്ജു. വെല്ലുവിളികളാണ് തന്നെ മികച്ച താരമാക്കുന്നതെന്നാണ് സഞ്ജുവിന്റെ പ്രതികരണം.

''കരിയറിൽ എന്തൊക്കെ സംഭവിക്കുന്നുവെന്നതിനെ കുറിച്ച് ബോധ്യമുണ്ട്. എല്ലാം പോസിറ്റീവായി എടുക്കാനാണ് എനിക്ക് താൽപര്യം. കഴിഞ്ഞ നാലോ- അഞ്ചോ വർഷമായി ഞാൻ ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്നത് ആസ്വദിക്കുന്നുണ്ട്. വെല്ലുവിളികളാണ് എന്നെ മികച്ച താരമാക്കുന്നത്.'' സഞ്ജു പ്രതികരിച്ചു.

സഞ്ജു ക്രീസിലെത്തുമ്പോഴെല്ലാം കാണികൾ 'ചേട്ടാ... ചേട്ടാ...' വിളികളുമായി നിറയും. ഹരാരെയിലും ഇതുകണ്ടു. ഇത്തരത്തിൽ വിളിക്കുന്നത് ആസ്വദിക്കുന്നുണ്ടെന്നാണ് സഞ്ജു പറയുന്നത്. ഇന്ന് സിംബാബ്വെക്കെതിരായ മൂന്നാം ഏകദിനത്തിന് മുമ്പ് സംസാരിക്കുകയായിരുന്നു സഞ്ജു. ''ഇങ്ങനെ വിളിക്കുമ്പോൾ എനിക്ക് ആശ്ചര്യമാണ് തോന്നുന്നത്. കാരണം, ഞാൻ വളരെ കുറച്ച് മത്സരങ്ങൾ മാത്രമാണ് ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടുള്ളത്.

എനിക്ക് വലിയ പിന്തുണ ലഭിക്കുന്നു. എനിക്ക് തോന്നുന്നത് ഇവിടങ്ങളിലൊക്കെ ഏറെ മലയാളികളുണ്ടെന്നാണ്. വിദേശത്ത്ത കളിക്കുമ്പോൾ ഈ സ്നേഹവും പിന്തുണവും എന്ന അത്ഭുതപ്പെടുത്തുന്നു. ഒരു മലയാളി ക്രിക്കറ്ററെന്ന രീതിയിൽ എനിക്ക് അഭിമാനം തോന്നുന്നു. രണ്ടാം ഏകദിനം ഞാൻ ഏറെ ആസ്വദിച്ചാണ് കളിച്ചത്. അവർ നന്നായി പന്തെറിയുന്നുണ്ടായിരുന്നു.എന്നാൽ സമ്മർദ്ദത്തെ അതിജീവിക്കാനായി.'' സഞ്ജു പറഞ്ഞു.

അതേസമയം, സിംബാബ്വെക്കെതിരെ മൂന്നാം ഏകദിനത്തിൽ 13 പന്തിൽ 15 റൺസാണ് നേടിയത്. 43-ാം ഓവറിലാണ് താരം ക്രീസിലെത്തിയത്. പിന്നീട് റൺനിരക്ക് ഉയർത്താനുള്ള ശ്രമത്തിൽ സഞ്ജു വീഴുകയായിരുന്നു.ലോകകപ്പിന് മുമ്പ് ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവർക്കെതിരെ നടക്കുന്ന ടി20 പരമ്പരയിൽ സഞ്ജുവിനെ ഉൾപ്പെടുത്തുമെന്നാണ് അറിയുന്നത്. അതിന് വേണ്ടിയാണ് താരത്തെ ഇന്ത്യ എയുടെ ന്യൂസിലൻഡ് പര്യടനത്തിൽ നിന്ന് മാറ്റിനിർത്തിയതെന്ന് പുറത്തുവരുന്ന വാർത്തകൾ.