തിരുവനന്തപുരം: അടുത്ത മാസം ഓസ്‌ട്രേലിയയിൽ നടക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചതിന് തൊട്ട് പിന്നാലെ ഫേസ്‌ബുക്കിൽ പുതിയ ചിത്രം പങ്കുവെച്ച് മലയാളി താരം സഞ്ജു സാംസൺ. തടാക്കകരയിലെ ബാൽക്കണിയിൽ ഏകനായി നിന്ന് ഫോൺ നോക്കുന്ന ചിത്രമാണ് സഞ്ജു ഫേസ്‌ബുക്കിൽ പങ്കുവെച്ചത്. സ്റ്റാൻഡ് ബൈ താരമായിപോലും സഞ്ജുവിനെ പരിഗണിക്കാതിരുന്നതും ഫോമിലല്ലാത്ത റിഷഭ് പന്തിന് വീണ്ടും അവസരം നൽകിയതുമാണ് ആരാധകരെ ചൊടിപ്പിച്ചത്.

സഞ്ജു കൂടി ഭാഗമായ സിംബാബ്വെ പര്യടനത്തിലെ വിജയ ചിത്രമായിരുന്നു ഇതിന് മുമ്പ് അവസാനം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രം. സഞ്ജുവിന്റെ പുതിയ ചിത്രത്തിന് താഴെ ആശ്വാസ വാക്കുകളുമായി ആരാധകരുമെത്തി.

ലോകകപ്പിൽ താങ്കളെ ഞങ്ങൾ മിസ് ചെയ്യുമെന്നും ലോകകപ്പ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടില്ലെങ്കിലും നിങ്ങളാണ് ഞങ്ങളുടെ യഥാർത്ഥ ഹീറോ എന്നും, നിങ്ങളുടെ ദിവസത്തിനായി കാത്തിരിക്കു എന്നുമെല്ലാം ആരാധകർ ചിത്രത്തിന് താഴെ കമന്റായി രേഖപ്പെടുത്തിയിട്ടുണ്ട്.

ലോകകപ്പിന് മുന്നോടിയായി ഓസ്‌ട്രേലിയയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും എതിരെ നടക്കുന്ന ട്വന്റി 20 പരമ്പരക്കുമുള്ള ഇന്ത്യൻ ടീമിനെയും സെലക്ടർമാർ ഇന്ന് പ്രഖ്യാപിച്ചിരുന്നു. രണ്ട് പരമ്പരകൾക്കുമുള്ള ടീമിലും സഞ്ജു ഇടംപിടിച്ചില്ല.

അടുത്തമാസ ഓസ്‌ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെയും ഓസ്‌ട്രേലിയക്കും ദക്ഷിണാഫ്രിക്കക്കുമെതിരായ ടി20 പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെയും സെലക്ടർമാർ ഇന്നാണ് പ്രഖ്യാപിച്ചത്. ഈ വർഷം മികച്ച പ്രകടനം പുറത്തെടുത്തിട്ടും മൂന്ന് ടീമിലും സഞ്ജുവിന് ഇടം ലഭിക്കാതിരുന്നതാണ് ആരാധകരെ നിരാശരാക്കിയത്.

ലോകകപ്പ് ടീമിലെ സ്റ്റാൻഡ് ബൈ താരങ്ങളായ മുഹമ്മദ് ഷമിയും ദീപക് ചാഹറും ഇരു പരമ്പരകളിലും ഇന്ത്യക്കായി പന്തെറിയും. ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിൽ പേസർ അർഷ്ദീപ് സിങിനും ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിൽ ഓൾ റൗണ്ടർ ഹാർദ്ദിക് പാണ്ഡ്യക്കും ഭുവനേശ്വർ കുമാറിനും വിശ്രമം അനുവദിച്ചിട്ടുണ്ട്. ഇവർ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ റിപ്പോർട്ട് ചെയ്യണമെന്നും ബിസിസിഐ വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

പരീക്ഷണം മതിയാക്കി രണ്ട് പരമ്പരകളിലേക്കും ലോകകപ്പ് ടീമിലെ ഭൂരിഭാഗം താരങ്ങളെയും നിലനിർത്തിയതിനാലാണ് മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെടെയുള്ളവരെ പരിഗണിക്കാതിരുന്നത്. ട്വന്റി 20 പരകൾക്കുശേഷം ട്വന്റി 20 ലോകകപ്പിന് മുന്നോടിയായി ദക്ഷിണാഫ്രിക്കക്കെതിരെ നടക്കുന്ന മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചിട്ടില്ല. ലോകകപ്പ് ടീമിലെ താരങ്ങളെ ഒഴിവാക്കി ശിഖർ ധവാന്റെ നേതൃത്വത്തിലുള്ള ടീമിനെയാകും ഏകദിന പരമ്പരക്ക് തെരഞ്ഞെടുക്കുക എന്നാമ് സൂചന. മലയാളി താരം സ്ജും സാംസൺ ഏകദിന ടീമിൽ ഇടം നേടിയേക്കും.