മുംബൈ: ശ്രീലങ്കയ്ക്കെതിരായ ആദ്യ മത്സരത്തിനിടെ കാൽമുട്ടിന് പരിക്കേറ്റ ഇന്ത്യയുടെ മലയാളി താരം സഞ്ജു സാംസൺ ട്വന്റി 20 പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളിൽ കളിക്കില്ല. മുംബൈയിൽ ചൊവ്വാഴ്ച നടന്ന  ആദ്യ ട്വന്റി 20 മത്സരത്തിൽ ഫീൽഡ് ചെയ്യുന്നതിനിടെ കാൽമുട്ടിനേറ്റ പരിക്കാണ് കാരണം. പരിക്കേറ്റ സഞ്ജുവിന് പകരം പുതുമുഖ താരം ജിതേഷ് ശർമയെ ടീമിലുൾപ്പെടുത്തി. ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്

പൂനയിലേക്ക് പോയ ഇന്ത്യൻ സംഘത്തിനൊപ്പം സഞ്ജു ഉണ്ടായിരുന്നില്ല. സ്‌കാനിങ്ങിന് വിധേയനായ സഞ്ജു ഇതിന്റെ ഫലം ലഭിക്കാൻ മുംബൈയിൽ തുടരുകയാണെന്ന് ബി.സി.സിഐ വൃത്തങ്ങൾ അറിയിച്ചു. മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നാലാം നമ്പറിൽ ബാറ്റിങ്ങിനിറങ്ങിയ സഞ്ജു നിരാശപ്പെടുത്തിയിരുന്നു.

സഞ്ജു കളിക്കില്ലെന്ന് ഉറപ്പായതോടെ രാഹുൽ ത്രിപാഠിക്ക് അവസരം ലഭിച്ചേക്കുമെന്നാണ് റിപ്പോട്ട്. 2022ൽ പഞ്ചാബ് കിങ്സിനായി ഐപിഎൽ സീസണിൽ മിന്നുന്ന പ്രകടനം പുറത്തെടുത്ത 29 കാരനായ താരമാണ് ജിതേഷ് ശർമ്മ. ഹാർഡ്-ഹിറ്റിങ് വിക്കറ്റ് കീപ്പർ ബാറ്ററായാണ് താരം അറിയപ്പെടുന്നത്.

ആദ്യ മത്സരത്തിൽ ആറ് പന്തിൽ അഞ്ച് റൺസെടുത്ത് പുറത്തായി. സിക്‌സടിക്കാനുള്ള ശ്രമത്തിൽ ക്യാച്ചിൽനിന്ന് രക്ഷപ്പെട്ട സഞ്ജു പിന്നാലെ ധനഞ്ജയ ഡിസിൽവക്ക് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു. ശ്രീലങ്കൻ ബാറ്റിങ്ങിനിടെ ഹാർദിക് പാണ്ഡ്യയുടെ ഓവറിൽ പാതും നിസങ്ക നൽകിയ ക്യാച്ച് സഞ്ജു കൈവിട്ടിരുന്നു. ക്യാച്ച് കൈയിലൊതുക്കിയശേഷം ഡൈവ് ചെയ്യുമ്പോഴാണ് സഞ്ജുവിന്റെ കൈയിൽനിന്ന് പന്ത് നിലത്ത് വീണത്.

ഫീൽഡിങ് തുടർന്ന സഞ്ജു പിന്നീട് രണ്ട് തകർപ്പൻ ക്യാച്ചുകളെടുത്തിരുന്നു. എന്നാൽ ബൗണ്ടറിയിൽ ഫീൽഡ് ചെയ്യുന്നതിനിടെ സ്ലൈഡ് ചെയ്യാൻ ശ്രമിച്ചപ്പോൾ സഞ്ജുവിന്റെ കാൽ ഗ്രൗണ്ടിലെ പുല്ലിൽ ഇടിച്ചിരുന്നു. മത്സരശേഷം നടത്തിയ പരിശോധനയിൽ കാൽമുട്ടിൽ നീരുവന്നതിനാൽ സഞ്ജു മെഡിക്കൽ സഹായം തേടി. കാൽമുട്ടിൽ പൊട്ടലുണ്ടോ എന്നറിയാൻ സ്‌കാനിംഗിന് വിധേയനാതോടെയാണ് സഞ്ജു ഇന്ത്യൻ ടീമിനൊപ്പം രണ്ടാം ടി20ക്കായി പൂണെയിലേക്ക് പോവാതിരുന്നത്.

സ്‌കാനിങ് റിപ്പോർട്ട് ലഭിച്ചാൽ മാത്രമെ സഞ്ജുവിന്റെ പരിക്ക് ഗൗരവതരമാണോ എന്ന് വ്യക്തമാവൂ. സമീപകാലത്ത് ഏകദിന ടീമിലേക്ക് മാത്രം പരിഗണിക്കപ്പെട്ടിരുന്ന സഞ്ജുവിനെ സീനിയർ താരങ്ങളുടെ അഭാവത്തിലാണ് ടി20 ടീമിലുൾപ്പെടുത്തിയത്. എന്നാൽ ടി20 പരമ്പരക്കുശേഷം നടക്കുന്ന ഏകദിന പരമ്പരക്കുള്ള ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്തിയിട്ടുമില്ല.

മത്സരത്തിൽ ശ്രീലങ്കയെ രണ്ട് റൺസിനാണ് ആതിഥേയർ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ആതിഥേയർ 20 ഓവറിൽ അഞ്ച് വിക്കറ്റിന് 162 റൺസാണെടുത്തത്. ലങ്ക അവസാന പന്തിൽ ലക്ഷ്യത്തിനരികെ 160ൽ ഓൾ ഔട്ടായി.

നേരത്തെ സഞ്ജുവിന്റെ ഷോട്ട് തിരഞ്ഞെടുപ്പിനെതിരേ മുൻതാരം സുനിൽ ഗാവസ്‌കർ രംഗത്തെത്തിയിരുന്നു. സഞ്ജു മികച്ച താരമാണെന്നും നല്ല പ്രതിഭയുണ്ടെന്നും പറഞ്ഞ ഗാവസ്‌കർ ചിലപ്പോഴൊക്കെ ഷോട്ട് തിരഞ്ഞെടുപ്പ് പാളുന്നത് താരത്തിന്റെ വിലയിടിക്കുന്നുണ്ടെന്നും സഞ്ജു നിരാശപ്പെടുത്തിയ മറ്റൊരു സന്ദർഭം കൂടി കഴിഞ്ഞുപോയിരിക്കുന്നുവെന്നും പറഞ്ഞു. ഒരു ചാനൽ ചർച്ചയിലായിരുന്നു ഗാവസ്‌കറിന്റെ കുറ്റപ്പെടുത്തൽ.