അഹമ്മദാബാദ്: ഓസ്ട്രേലിയയ്ക്ക എതിരെ വെള്ളിയാഴ്ച തുടങ്ങുന്ന ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ടീമിൽ പരിക്കേറ്റ ശ്രേയസ് അയ്യർക്ക് പകരക്കാരൻ വേണ്ടെന്നായിരുന്നു ഇന്നലെ ചേർന്ന ബിസിസിഐ സെലക്ഷൻ കമ്മിറ്റി യോഗത്തിൽ തീരുമാനം. ഇന്ത്യൻ ടീമിൽ അവസരം കാത്തിരിക്കുന്ന മലയാളി താരം സഞ്ജു സാംസൺ അടക്കമുള്ള താരങ്ങൾക്ക് അവസരം നിഷേധിച്ചാണ് സെലക്ഷൻ കമ്മിറ്റി ഈ തീരുമാനം കൈക്കൊണ്ടത്. നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള 18 അംഗ ടീമിൽനിന്നു തന്നെ മറ്റൊരു താരത്തെ കളിപ്പിക്കാനാണു ബിസിസിഐയുടെ നീക്കം. ഇതോടെ ഇന്ത്യൻ ടീമിലേക്കു മടങ്ങിയെത്താൻ സഞ്ജു സാംസണ് ഇനിയും കാത്തിരിക്കേണ്ടിവരും.

ഇന്ത്യ- ഓസ്ട്രേലിയ അഹമ്മദാബാദ് ടെസ്റ്റിനിടെ പരിക്കേറ്റ് പുറത്തായ ശ്രേയസ് അയ്യർക്ക് പകരം സഞ്ജുവിനെ ടീമിലുൾപ്പെടുത്തുമെന്ന് വാർത്തകളുണ്ടായിരുന്നു. എന്നാൽ ബിസിസിഐയുടെ തീരുമാനത്തിൽ ആരാധകർക്ക് ഇടയിൽ പ്രതിഷേധം ഉയരുമ്പോളും ഐപിഎല്ലിന്റെ മുന്നൊരുക്കത്തിലാണ് സഞ്ജു സാംസൺ. പരിശീലന വീഡിയോ താരം പങ്കുവയ്ക്കുകയും ചെയ്തു.

ഫോക്കസ് ഇപ്പോഴും ഉള്ളിലുണ്ടെന്ന ക്യാപ്ഷനോടെയാണ് സഞ്ജു വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. കഴിഞ്ഞ രണ്ട് മാസത്തെ പരിശീലന ദൃശ്യങ്ങൾ കൂട്ടിചേർത്താണ് പുതിയ വീഡിയോ ചെയ്തിരിക്കുന്നത്.

ഏകദിന ടീമിൽ ഉൾപ്പെടുതിരുന്നോടെ ഐപിഎല്ലിലായിരുന്നു സഞ്ജു ഇനി കളിക്കുക. രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനാണ് മലയാളി താരം. ഐപിഎല്ലിൽ മികച്ച പ്രകടനം പുറത്തെടുത്ത് ഏകദിന ലോകകപ്പിനുള്ള ടീമിലേക്ക് ശ്രദ്ധയാകർഷിക്കുക മാത്രമായിരിക്കും സഞ്ജുവിന്റെ ലക്ഷ്യം.

ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി20 പരമ്പരയിലാണ് സഞ്ജു ഇന്ത്യയ്ക്കായി ഒടുവിൽ കളിച്ചത്. ഫീൽഡിങ്ങിനിടെ സഞ്ജുവിനു പരുക്കേൽക്കുകയായിരുന്നു. പരുക്കുമാറി തിരിച്ചെത്തിയെങ്കിലും ദേശീയ ടീമിൽ താരത്തിന് ഇതുവരെ ഇടം ലഭിച്ചിട്ടില്ല.

മാർച്ച് 17ന് മുംബൈ വാഖഡെ സ്റ്റേഡിയത്തിലാണ് ഇന്ത്യ-ഓസ്‌ട്രേലിയ ആദ്യ ഏകദിനം. രണ്ടാം ഏകദിനം 19 വിശാഖപട്ടണത്ത് നടക്കും. അവസാന ഏകദിനം 22ന് ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടക്കും. എല്ലാ മത്സരങ്ങളും ഉച്ചയ്ക്ക് രണ്ടിനാണ് ആരംഭിക്കുക. വർഷാവസാനം ഏകദിന ലോകകപ്പ് ഇന്ത്യയിലാണ് നടക്കേണ്ടത് എന്നുള്ളതിനാൽ ഇരു ടീമുകളേയും സംബന്ധിച്ച് പരമ്പര ഏറെ പ്രധാനപ്പെട്ടതാണ്. ക്യാപ്റ്റൻ രോഹിത് ശർമ ആദ്യ ഏകദിനത്തിൽ വ്യക്തിപരമായ കാരണങ്ങളാൽ കളിക്കില്ല. ആദ്യ ഏകദിനത്തിൽ രോഹിത്തിന് പകരം ഹാർദ്ദിക് പാണ്ഡ്യയാണ് ഇന്ത്യയെ നയിക്കുക.

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കോലി, സൂര്യകുമാർ യാദവ്, കെ എൽ രാഹുൽ, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ), രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, വാഷിങ്ടൺ സുന്ദർ, യൂസ്വേന്ദ്ര ചാഹൽ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉംറാൻ മാലിക്ക്, ഷാർദുൽ ഠാക്കൂർ, അക്സർ പട്ടേൽ, ജയ്ദേവ് ഉനദ്ഖട്.