- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ നിന്നും സഞ്ജുവിനെ തഴഞ്ഞതല്ല; കായികക്ഷമത വീണ്ടെടുക്കാൻ താരം ഇപ്പോഴും ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ'; ആരാധകരുടെ വിമർശനത്തിനിടെ കാരണം വിവരിച്ച് ബിസിസിഐ വൃത്തങ്ങൾ
മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്നും ശ്രേയസ് അയ്യർ പരിക്കേറ്റ് പുറത്തായിട്ടും പകരക്കാരനായി മലയാളി താരം സഞ്ജു സാംസണെ ഉൾപ്പെടുത്താതിരുന്നതിൽ കടുത്ത വിമർശനം ഉയരുന്നതിനിടെ കാരണം വിവരിച്ച് ബിസിസിഐ വൃത്തങ്ങൾ. പരുക്കിൽ നിന്ന് മുക്തനായി ഫിറ്റ്‌നസ് വീണ്ടെടുക്കാൻ ഇപ്പോഴും നാഷണൽ ക്രിക്കറ്റ് അക്കാദമിയിലാണ് സഞ്ജു എന്നാണ് ബിസിസിഐയിലെ ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇൻസൈഡ് സ്‌പോർട്ട് റിപ്പോർട്ട് ചെയ്യുന്നത്.
ശ്രേയസിന്റെ പകരക്കാരനായി സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തുന്ന കാര്യം പരിഗണിക്കും. എന്നാൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിന്റെ സമയമാവുമ്പോഴേക്കും സഞ്ജു ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള സാധ്യത കുറവാണെന്നും അദ്ദേഹം പറയുന്നു.
ഏകദിന പരമ്പരക്കുള്ള ടീമിൽ ഇടം നേടിയ ശ്രേയസ് അയ്യർക്ക് ടെസ്റ്റ് പരമ്പരക്കിടെ പരിക്കേറ്റതോടെ പകരക്കാരനായി സഞ്ജുവിനെ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും ബിസിസിഐ സെലക്ഷൻ കമ്മിറ്റി ശ്രേയസിന്റെ പകരക്കാരനായി ആരെയും ടീമിലെടുക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ഇതോടെ സഞ്ജു ലോകകപ്പ് ടീമിലെത്താതിരിക്കാനുള്ള തന്ത്രമാണിതെന്നുവരെ വിമർശനങ്ങൾ ഉണ്ടായി.
സഞ്ജുവിന്റെ കാൽമുട്ടിനാണു പരിക്കേറ്റത്. ജസ്പ്രീത് ബുമ്ര, ദീപക് ചാഹർ എന്നിവരുടെ ഉദാഹരണങ്ങൾ മുൻപിൽ നിൽക്കെ ഫിറ്റ്‌നസ് പൂർണമായും വീണ്ടെടുത്തതിനു ശേഷം മാത്രം സഞ്ജുവിനെ കളിപ്പിച്ചാൽ മതിയെന്ന നിലപാടിലാണ് ബിസിസിഐ. ജസ്പ്രീത് ബുമ്ര പരുക്കുമാറി ഇന്ത്യൻ ടീമിലെത്തിയിരുന്നെങ്കിലും ഇന്ത്യയ്ക്കായി ഒരു കളിപോലും കളിക്കാൻ സാധിച്ചിരുന്നില്ല. താരത്തെ വീണ്ടും ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരിക്കുകയാണ്. ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കിടെയാണ് സഞ്ജു സാംസണ് പരുക്കേറ്റത്.
ക്യാപ്റ്റൻ രോഹിത് ശർമയുടെ അഭാവത്തിൽ ശുഭ്മാൻ ഗില്ലിനൊപ്പം ഇന്നിങ്‌സ് ഓപ്പൺ ചെയ്ത ഇഷാൻ കിഷൻ ആദ്യ ഏകദിനത്തിലും നിറം മങ്ങിയിരുന്നു. ബംഗ്ലാദേശിനെതിരെ കഴിഞ്ഞ വർഷം ഡബിൾ സെഞ്ചുറി നേടിയശേഷം തിളങ്ങിയിട്ടില്ലെങ്കിലും ഇഷാന് ടീമിൽ സ്ഥിരമായി അവസരം ലഭിക്കുമ്പോൾ ഏകദിനങ്ങളിൽ ലഭിച്ച അവസരങ്ങളിൽ തിളങ്ങുകയും മികച്ച ശരാശരിയുമുള്ള സഞ്ജുവിനെ ടീമിലേക്ക് പോലും പരിഗണിക്കാതിരുന്നതിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. വിക്കറ്റ് കീപ്പറെന്ന നിലയിലും മധ്യനിരയിലും കെ എൽ രാഹുൽ ആദ്യ മത്സരത്തിൽ തിളങ്ങിയതോടെ ടീമിലെടുത്താലും സഞ്ജുവിന് പ്ലേയിങ് ഇലവനിൽ അവസരം ലഭിക്കാനുള്ള സാധ്യത കുറവാണ്.