ബെംഗലൂരു: ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കാനിരിക്കെ ഇന്ത്യൻ ബാറ്റിങ് നിരയുടെ നാലാം നമ്പറിൽ സഞ്ജു ഒരു മികച്ച ഒപ്ഷനാണെന്ന് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. ലെഗ് സ്പിന്നും ഓഫ് സ്പിന്നും കളിക്കാൻ കഴിയുന്ന ബാറ്റർ വേണം നാലിൽ ഇറങ്ങാൻ. സ്പിൻ ബൗളിങ്ങിനെ സമർത്ഥമായി നേരിടാനുള്ള കഴിവ് സഞ്ജുവിനുണ്ടെന്നും വിൻഡീസിനെതിരായ മത്സരത്തിലെ പ്രകടനം മികച്ചതായിരുന്നെന്നും കൈഫ് പറഞ്ഞു.

വിൻഡീസിനെതിരായ അവസാന ഏകദിനത്തിൽ അർധ സെഞ്ച്വറി നേടിയ സഞ്ജു സാംസണെ കൈഫ് പ്രശംസിച്ചു. വിൻഡീസിനെതിരായ മത്സരത്തിലെ പ്രകടനം മികച്ചതായിരുന്നെന്നും അദ്ദേഹം പറഞ്ഞു. വിൻഡീസിനെതിരെ രണ്ടാം ഏകദിനത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയാതെ വന്ന സഞ്ജു മൂന്നാം ഏകദിനത്തിൽ കൂടുതൽ സമ്മർദത്തിലാകുമായിരുന്നു. എന്നാൽ 41 പന്തിൽ 51 റൺസ് നേടിയ സഞ്ജു സമ്മർദ്ദം അനായാസം മറികടന്നെന്നും കൈഫ് പറഞ്ഞു.

ഇഷാൻ കിഷനെയോ അക്‌സർ പട്ടേലിനെയോ നാലാം നമ്പറിൽ പരീക്ഷിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. ഇന്നത്തെ സാഹചര്യത്തിൽ സഞ്ജു ഒരു മികച്ച ഒപ്ഷനാണെന്നും നാലിലും അഞ്ചിലും അവൻ കഴിവ് തെളിയിച്ചിട്ടുണ്ടെന്നും കൈഫ് സൂചിപ്പിച്ചു.

വെസ്റ്റ് ഇൻഡീസിനെതിരായ ഇന്ത്യയുടെ പ്രകടനത്തെക്കുറിച്ച് കൂടുതൽ വിലയിരുത്തുന്നില്ല. വിൻഡീസ് ലോകകപ്പിന് യോഗ്യതപോലും നേടാതെ നിൽക്കുന്ന സമയമാണ്. അവിടെത്തെ പ്രകടനത്തിന്റെ ബലത്തിൽ ടീം കോമ്പിനേഷനെയും വിലയിരുത്താൻ മുതിരുന്നത് ശരിയല്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. ഏഷ്യാ കപ്പിൽ ഇന്ത്യ ഏറ്റവും മികച്ച ഇലവനെ ഇറക്കാൻ ശ്രമിക്കണം. ലോകകപ്പിന് മുൻപ് ടീമിനെ രൂപപ്പെടുത്തിയെടുക്കാൻ കഴിയണമെന്നും കൈഫ് പറഞ്ഞു.

അതേ സമയം ലോകകപ്പ് ടീമിലേക്ക് പരിഗണിക്കുന്ന ശ്രേയസ് അയ്യരും കെ എൽ രാഹുലും ഏഷ്യാകപ്പിനുള്ള ടീമിൽ ഇടംപിടിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. പൂർണ കായികക്ഷമത വീണ്ടെടുത്തിട്ടില്ലാത്ത ഇരുവരെയും ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തില്ലെന്നാണ് സൂചന. കായികക്ഷമത വീണ്ടെടുത്താലും മത്സര ക്രിക്കറ്റ് കളിക്കാത്ത ഇരവരെയും ലോകകപ്പിന് മുമ്പ് തിരക്കിട്ട് ഏഷ്യാ കപ്പ് ടീമിൽ ഉൾപ്പെടുത്താനിടയില്ലെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ക്രിക് ബസ് റിപ്പോർട്ട് ചെയ്തു.

ഈ ആഴ്ച അവസാനം ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ഈ മാസം 30 മുതൽ സെപ്റ്റംബർ 17വരെയാണ് ഏഷ്യാ കപ്പ്. കെ എൽ രാഹുൽ ബാറ്റിങ് പരിശീലനത്തിനൊപ്പം കീപ്പിങ് പരിശീലനവും പുനരാരംഭിച്ചതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ഇരവരുടെയും പരിക്കു മാറിയെങ്കിലും കായികക്ഷമതയുടെ കാര്യത്തിൽ ഇപ്പോഴും സംശയം നിലനിൽക്കുന്നു. അതിനാലാണ് ഇരുവരെയും അയർലൻഡിനെതിരായ ടി20 പരമ്പരക്കുള്ള ടീമിൽ ഉൾപ്പെടുത്താതിരുന്നത്. പരിക്കുമാറി തിരിച്ചെത്തിയ ജസ്പ്രത് ബുമ്രയെ അയർലൻഡിനെതിരായ പരമ്പരക്കുള്ള ടീമിന്റെ നായകനായി തെരഞ്ഞെടുത്തിരുന്നു.

ഏഷ്യാ കപ്പിൽ കളിച്ചില്ലെങ്കിൽ രാഹുലും ശ്രേയസും ലോകകപ്പിന് തൊട്ടു മുമ്പായി സെപ്റ്റംബറിൽ ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന മൂന്ന് മത്സര ഏകദിന പരമ്പരയിലാകും തിരിച്ചെത്തുക. എന്നാൽ സെപ്റ്റംബർ അഞ്ചിന് മുമ്പ് ലോകകപ്പ് ടീം സ്‌ക്വാഡ് ഐസിസിക്ക് സമർപ്പിക്കേണ്ടതിനാൽ ഇതിന് മുമ്പ് ഇരുവരും ഫിറ്റ്‌നെസ് തെളിയിക്കേണ്ടിവരും.

ശ്രേയസിന്റെയും രാഹുലിന്റെയും അഭാവത്തിൽ വിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ കളിച്ച സഞ്ജു സാംസൺ അടക്കമുള്ള താരങ്ങൾക്ക് ഏഷ്യാ കപ്പിൽ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ കളിക്കാതിരുന്ന പേസർമാരായ മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര എന്നിവരും പേസ് നിരയിൽ തിരിച്ചെത്തും. പേസർ പ്രസിദ്ധ് കൃഷ്ണ പരിക്കു മാറി അയർലൻഡിനെതിരായ ടി20 പരമ്പരക്കുള്ള ടീമിൽ ഇടം നേടിയെങ്കിലും ഏഷ്യാ കപ്പിനുള്ള ടീമിലെത്താൻ സാധ്യതയില്ല. വിൻഡീസിൽ തിളങ്ങിയ മുകേഷ് കുമാർ സ്ഥാനം നിലനിർത്തിയേക്കും.