തിരുവനന്തപുരം: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസണ് അവസരം നൽകാത്തതിൽ പ്രതിഷേധം കടുക്കുന്നു. സഞ്ജു സാംസണെ വീണ്ടും തഴഞ്ഞതിനെതിരെ തുറന്നടിച്ച് മുൻ ഇന്ത്യൻ താരങ്ങളായ റോബിൻ ഉത്തപ്പയും ഇർഫാൻ പഠാനും രംഗത്തെത്തി.

രാജ്യത്തെ ഒരു കളിക്കാരനും സഞ്ജുവിന്റെ അവസ്ഥ ആഗ്രഹിക്കുന്നുണ്ടാകില്ലെന്ന് ഉത്തപ്പ എക്‌സിൽ പോസ്റ്റ് ചെയ്തു. ടീമിലുണ്ടെങ്കിലും സഞ്ജുവിന് പ്ലേയിങ് ഇലവനിൽ കളിക്കാൻ അവസരം ലഭിക്കില്ല എന്നതായിരിക്കും ഒഴിവാക്കാനുള്ള കാരണമായി അവർ പറയുക. എന്നാൽ ടീമിൽ പോലുമില്ലാതിരിക്കുന്നത് ശരിക്കും നിരാശാജനകമാണെന്നും ഉത്തപ്പ ട്വിറ്ററിൽ കുറിച്ചു. നേരത്തെ മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താനും സഞ്ജുവിന് പിന്തുണയുമായി എത്തിയിരുന്നു.

''സഞ്ജു സാംസണിന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ ഇപ്പോൾ വളരെയധികം നിരാശ തോന്നുമായിരുന്നു.'' ഇർഫാൻ പഠാൻ എക്‌സ് പ്ലാറ്റ്‌ഫോമിൽ (ട്വിറ്റർ) പ്രതികരിച്ചു. നേരത്തേ ഏഷ്യൻ ഗെയിംസ്, ഏഷ്യാകപ്പ്, ഏകദിന ലോകകപ്പ് ടീമുകളിൽ ഇടം നേടാനും സഞ്ജുവിനു സാധിച്ചിരുന്നില്ല.

അതേ സമയം വിഷയത്തിൽ മൗനം വെടിഞ്ഞ് മലയാളി താരം സഞ്ജു സാംസൺ രംഗത്തെത്തി. ഫേസ്‌ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ കഴിഞ്ഞത് കഴിഞ്ഞു, ഞാൻ മുന്നോട്ട് പോകുക തന്നെ ചെയ്യുമെന്നാണ് സഞ്ജു സാംസൺ ചിരിക്കുന്ന സ്‌മൈലി പങ്കുവെച്ച് കുറിച്ചത്. ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കിയതിലെ നിരാശ പങ്കുവെച്ച സഞ്ജുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന് താഴെ മിനിറ്റുകൾക്കുള്ളിൽ നിരവധി ആരാധകരാണ് പിന്തുണയുമായി എത്തിയത്.

നിങ്ങൾ ലക്ഷക്കണക്കിനാളുകളുടെ ഹൃദയത്തിൽ ഇടം നേടിയിട്ടുണ്ടെന്നും മുന്നോട്ട് തന്നോ പോകുകയെന്നും ആരാധകർ പ്രതികരിച്ചു. നിങ്ങൾ യഥാർത്ഥ ചാമ്പ്യനാണെന്നും നിങ്ങളുടെ സമയം വരുമെന്നും പറഞ്ഞ ആരാധകർ കഴിഞ്ഞ കാര്യങ്ങളെക്കുറിച്ച്ചിന്തിച്ചിരിക്കാതെ മുന്നോട്ടുപോകുകയെന്നും സഞ്ജുവിനെ ആശ്വസിപ്പിക്കുന്നു. നേരത്തെ ഫേസ്‌ബുക്കിൽ വെറും പുഞ്ചിരിക്കുന്ന ഇമോജി മാത്രം സഞ്ജു പോസ്റ്റ് ചെയ്തിരുന്നു.

ഏഷ്യാ കപ്പിന് പിന്നാലെ ഇന്നലെയാണ് സെലക്ടർമാർ ഓസ്ട്രേലയിക്കെതിരായ ഏകദിന പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചത്. ഏകദിനത്തിൽ മികച്ച റെക്കോർഡുള്ള സഞ്ജുവിന് മാത്രം ടീമിൽ ഇടം ലഭിക്കാതിരുന്നപ്പോൾ ഏകദിനങ്ങളിൽ മോശം പ്രകടനം തുടരുന്ന സൂര്യകുമാർ യാദവ്, പരിക്കിന്റെ പിടിയിലുള്ള ശ്രേയസ് അയ്യർ എന്നിവരെ ടീമിൽ ഉൾപ്പെടുത്തി. റുതുരാജ് ഗെയ്കവാദും തിലക് വർമയും ടീമിലിടം പിടിച്ചുവെന്നുള്ളതാണ് ആരാധകരെ ആശ്ചര്യപ്പെടുത്തുന്നത്. എന്നിട്ടും സഞ്ജുവിനെ ഒഴിവാക്കി. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ സഞ്ജു തിരിച്ചെത്തുമെന്ന് നേരത്തെ വാർത്തുകളുണ്ടായിരുന്നു. എന്നാൽ എല്ലാം അസ്ഥാനത്തായി.

ഓസ്ട്രേലിയക്കെതിരെ ആദ്യ രണ്ട് ഏകദിനങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ കെ എൽ രാഹുലാണ് നയിക്കുന്നത്. ഈ മത്സരങ്ങളിൽ സീനിയർ താരങ്ങളായ രോഹിത് ശർമ, വിരാട് കോലി, ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ, സ്പിന്നർ കുൽദീപ് എന്നിവരെ മാറ്റിനിർത്തി. ഇവർ നാല് പേരും അവസാന ഏകദിനത്തിലേക്ക് മടങ്ങിയെത്തും. വെറ്ററൻ സ്പിന്നർ ആർ അശ്വിനും ടീമിലുണ്ട്.

ഓസ്‌ട്രേലിയക്കെതിരെ ആദ്യ രണ്ട് ഏകദിനത്തിനുള്ള ഇന്ത്യൻ ടീം: കെ എൽ രാഹുൽ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, റുതുരാജ് ഗെയ്കവാദ്, ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, ഷാർദുൽ ഠാക്കൂർ, ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, തിലക് വർമ, പ്രസിദ്ധ് കൃഷ്ണ, ആർ അശ്വിൻ, വാഷിങ്ടൺ സുന്ദർ.

അവസാന ഏകദിനത്തിനുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, കെ എൽ രാഹുൽ, ഇഷാൻ കിഷൻ, രവീന്ദ്ര ജഡേജ, ഷാർദുൽ താക്കൂർ, അക്‌സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, കുൽദീപ് യാദവ്, ആർ അശ്വിൻ, ജസ്പ്രിത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.