പാൾ (ദക്ഷിണാഫ്രിക്ക): ശ്രീശാന്തിന്റെ മികവിലാണ് ദക്ഷിണാഫ്രിക്കയിൽ ഇന്ത്യ ആദ്യ ടെസ്റ്റ് മത്സരം ജയിക്കുന്നത്. ദക്ഷിണാഫ്രിക്കയിലെ തീപാറും പിച്ചുകളിൽ ഇന്ത്യയ്ക്ക് വലിയ നേട്ടങ്ങളൊന്നും ഒരിക്കലും അവകാശപ്പെടാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ വീണ്ടും അവിടെ ഇന്ത്യ ജയിക്കുന്നു. അതും ഏകദിന പരമ്പര. അവിടേയും ഉണ്ട് മലയാളി ടച്ച്. ഒരു മലയാളി താരം പരമ്പര ഇന്ത്യയുടെ കൈയിൽ വെച്ചുതരുന്നു എന്ന പ്രത്യേകതയുണ്ട് കഴിഞ്ഞ ദിവസത്തെ ജയത്തിന്. സഞ്ജു സാംസന്റെ ഉജ്ജ്വല ബാറ്റിങ് മികവിൽ കളിയും പരമ്പരയും ഇന്ത്യ ജയിച്ചു. സഞ്ജുവിന്റെ സെഞ്ചുറിത്തികവോടെ ഇന്ത്യ ഉയർത്തിയ 297 റൺസ് വിജയലക്ഷ്യം തൊടാനാവാതെ ദക്ഷിണാഫ്രിക്ക തകർന്നു. 45.5 ഓവറിൽ 218 -ന് പുറത്ത്. ഇന്ത്യക്ക് 78 റൺസിന്റെ ജയം. മൂന്ന്മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ഒന്നിനെതിരെ രണ്ട് വിജയങ്ങളുമായി ഇന്ത്യ നേടി.

കഴിഞ്ഞ കളിയിൽ സെഞ്ചുറി നേടിയ സോർസി തന്നെയാണ് ഇന്ത്യയെ വെല്ലുവിളിച്ച് ബാറ്റ് വീശിയത്. 87 പന്തിൽനിന്ന് 81 റൺസെടുത്ത സോർസിയെ അർഷ്ദീപ് സിങ് വിക്കറ്റിനു മുന്നിൽ കുരുക്കുകയായിരുന്നു. എയ്ഡൻ മാർക്രം 36 റൺസെടുത്ത് കെ.എൽ. രാഹുലിന് ക്യാച്ച് നൽകി മടങ്ങി. വാഷിങ്ടൺ സുന്ദറിനായിരുന്നു വിക്കറ്റ്. ഹെന്റിക് ക്ലാസൻ 21, റീസ ഹെൻട്രിക്സ് 19, ബ്യൂറൻ ഹെൻട്രിക്സ് 18, കേശവ് മഹാരാജ് 14, ഡേവിഡ് മില്ലർ 10 എന്നിവരാണ് പിന്നീട് രണ്ടക്കം കടന്നവർ. ഇന്ത്യക്കായി അർഷ്ദീപ് സിങ് 30 റൺസ് വഴങ്ങി നാല് വിക്കറ്റുകൾ പിഴുതു. വാഷിങ്ടൺ സുന്ദറും ആവേശ് ഖാനും രണ്ടും മുകേഷ് കുമാർ, അക്സർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റും നേടി.

സഞ്ജു തന്ന സെഞ്ചുറിയിന്നിങ്സിന്റെ കരുത്തിൽ ആദ്യം ബാറ്റുചെയ്ത് ഇന്ത്യ നേടിയത് എട്ടുവിക്കറ്റ് നഷ്ടത്തിൽ 296 റൺസ്. ടോസ് നഷ്ടപ്പെട്ട ഇന്ത്യയെ ദക്ഷിണാഫ്രിക്ക ബാറ്റിങ്ങിനയക്കുകയായിരുന്നു. 114 പന്തിൽനിന്ന് 108 റൺസാണ് സഞ്ജു നേടിയത്. ഏകദിന ക്രിക്കറ്റിലെ സഞ്ജുവിന്റെ കന്നി സെഞ്ചുറി. മൂന്ന് സിക്സും ആറ് ഫോറും ഉൾപ്പെട്ട ഇന്നിങ്സായിരുന്നു ഇത്. ക്രീസിൽ കടുത്ത ആക്രമണത്തിന് മുതിരാതെയായിരുന്നു സഞ്ജുവിന്റെ മുന്നേറ്റം..77 പന്തിൽനിന്ന് 52 റൺസെടുത്ത് തിലക് വർമയും കാര്യമായി സംഭാവന ചെയ്തു.

ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ സന്ദർശനങ്ങൾ ആരംഭിച്ചിട്ട് 30 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. എന്നിട്ട് ഇന്ത്യൻ ടീം കാര്യമായതൊന്നും സ്വന്തമാക്കിയില്ല. 2018-ൽ വിരാട് കോഹ്ലിയുടെ ക്യാപ്റ്റൻസിയിൽ സ്വന്തമാക്കിയ ഏകദിന സീരീസ് മാത്രമാണ് ഇതിന് മുമ്പത്തെ ഇന്ത്യയ്ക്ക് ഓർത്തുവെയ്ക്കാവുന്ന നേട്ടം. ഇപ്പോൾ വീണ്ടും പരമ്പര ജയിക്കുന്നു. 2006ലെ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനംത്തിലായിരുന്നു ആ ചരിത്ര മുഹൂർത്തത്തിന് ഒരു മലയാളി താരം വഴിയൊരുക്കിയത്. അതിനുമുമ്പ് നടന്ന പരമ്പരകളിലൊന്നും ഒരു ടെസ്റ്റിൽ പോലും ജയിക്കാനാകാതെ മടങ്ങിയ ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയിലെ ആദ്യ ടെസ്റ്റ് ജയം സമ്മാനിച്ചത് പേസ് കൊണ്ടും സ്വിങ് കൊണ്ടും ദക്ഷിണാഫ്രിക്കയെ വിറപ്പിച്ച മലയാളി താരം ശ്രീശാന്തിന്റെ ബൗളിംഗായിരുന്നു. ഇതിന് സമാനമായി ബാറ്റുകൊണ്ട് 2023ൽ സഞ്ജുവും ഇന്ത്യയ്ക്ക് ജയം നൽകുന്നു. അത് പരമ്പര നേട്ടം കൂടിയാകുന്നു.

2006ൽ ജൊഹ്നാസ്ബർഗിൽ നടന്ന ആദ്യ ടെസ്റ്റിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 249 റൺസിന് ഓൾ ഔട്ടായപ്പോൾ ഇന്ത്യൻ ആരാധകർ പ്രതീക്ഷ കൈവിട്ടതാണ്. എന്നാൽ ശ്രീശാന്ത് വീറോടെ പന്തെറിഞ്ഞപ്പോൾ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്സ് കേവലം 84 റൺസിൽ അവസാനിച്ചു. സ്വിങ് ബൗളിംഗിന്റെ സൗന്ദര്യം മുഴുവൻ പന്തുകളിലാവാഹിച്ച് ശ്രീ പന്തെറിഞ്ഞപ്പോൾ ദക്ഷിണാഫ്രി ആടിയുലഞ്ഞു. 40 റൺസ് വഴങ്ങി അഞ്ചു വിക്കറ്റായിരുന്നു ആദ്യ ഇന്നിങ്സിൽ ശ്രീശാന്ത് പിഴുതെടുത്തത്. രണ്ടാം ഇന്നിങ്സിൽ എണ്ണം പറഞ്ഞ മൂന്ന് വിക്കറ്റും.

ഉഗ്രനൊരു ഇൻസ്വിഗറിലൂടെ ദക്ഷിണാഫ്രിക്കൻ നായകൻ ഗ്രെയിം സ്മിത്തിനെ മടക്കിയ ശ്രീ ഹാഷിം അംലയെയും പിന്നാലെ മടക്കി. പിന്നീടായിരുന്നു ഒരുപക്ഷെ ശ്രീശാന്ത് കരിയറിൽ തന്നെ എറിഞ്ഞിട്ടുള്ളതിൽ ഏറ്റവും മികച്ച പന്ത് പിറന്നത്. അതിന് മുന്നിൽ വീണതോ ദക്ഷിണാഫ്രിക്കൻ നിരയിലെയെന്നു മാത്രമല്ല, ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ബാറ്റർമാരിലൊരാളായിരുന്ന ജാക് കാലിസും. മാർക്ക് ബൗച്ചറെയും ഷോൺ പൊള്ളോക്കിനയും കൂടി മടക്കിയാണ് ശ്രീ ടെസ്റ്റ് കരിയറിലെ ആദ്യ അഞ്ചു വിക്കറ്റ് നേട്ടം അവിസ്മരണീയമാക്കിയത്. രണ്ടാം ഇന്നിങ്സിൽ കാലിസിനെ പുറത്താക്കിയ ബൗൺസർ ഇന്നും അത്ഭുതമാണ്. ആന്ദ്രെ നെല്ലിനെ സ്‌കിസറിന് പകർത്തിയ ശ്രീശാന്തിന്റെ ബാറ്റ് ചുഴറ്റിയുള്ള ഡാൻസും ഹിറ്റായി. അങ്ങനെ മലയാളി ക്രക്കറ്റർക്ക് ആ പരമ്പര അഭിമാനമാണ് നൽകിയത്.

ദക്ഷിണാഫ്രിക്കയിൽ ഇന്ത്യക്ക് ആദ്യ ടെസ്റ്റ് ജയം സമ്മാനിച്ച ശ്രീശാന്ത് തന്നെയായിരുന്നു ആ മത്സരത്തിൽ കളിയിലെ താരവും. 2023ൽ സഞ്ജുവും കളിയിലെ കേമനാകുന്നു. ദക്ഷിണാഫ്രിക്കയിലെ പ്രകടനമാണ് ശ്രീശാന്തിനെ ഇന്ത്യൻ ടീമിലെ സ്ഥിരം മുഖമാക്കിയത്. അതിന് സമാനമായി സഞ്ജുവും ഇനി ഇന്ത്യൻ കുപ്പായം സ്ഥിരമായി അണിയുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.

ഏഷ്യാകപ്പിലും പിന്നാലെ നടന്ന ഏകദിന ലോകകപ്പിലും ഇന്ത്യൻ ടീമിൽ ഇടം ലഭിക്കാതിരുന്ന സഞ്ജു സാംസണെ നിലവിൽ ഓസ്ട്രേലിയക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലും സെലക്ടർമാർ ഉൾപ്പെടുത്തിയിരുന്നില്ല. അതിന് ശേഷം ഇന്ത്യൻ ടീമിന്റെ മുഖ്യ സെലക്ടറായ അജിത് അഗാർക്കർ ഏറെ താൽപ്പര്യത്തോടെയാണ് സഞ്ജുവിനെ ടീമിലേക്ക് എടുത്തത്. ആ തീരുമാനം പിഴച്ചില്ല. അങ്ങനെ ദക്ഷിണാഫ്രിക്കയിൽ ഇന്ത്യ രണ്ടാം ഏകദിന പരമ്പര ജയം നേടുകയാണ്.