- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെട്ടന്ന് ഔട്ടായപ്പോൾ ബാറ്റ് വലിച്ചെറിഞ്ഞു; എല്ലാം മറന്ന് മറൈൻ ഡ്രൈവിലേക്ക് പോയി കടലിലേക്ക് നോക്കിയിരുന്ന പഴയ നിരാശൻ! ഏറ്റവും നിർഭാഗ്യവാനായ ക്രിക്കറ്റർ എന്നൊക്കെ വിളിച്ചവരോട് അങ്ങനെ പറയരുതെന്ന് പറഞ്ഞ ഉൾക്കരുത്ത്; പ്രതിസന്ധികൾ വിഴിഞ്ഞത്തെ പ്രതിഭയ്ക്ക് പുത്തരിയല്ല; സഞ്ജു 'ദി മാൻ ഓഫ് ദി മാച്ച്'

പാൾ: ഐപിഎല്ലിൽ കളിക്കാൻ അവസരം ലഭിച്ച നാൾ മുതൽ ചില അവിസ്മരണീയ ഇന്നിങ്‌സുകൾ കാഴ്ചവെച്ചിട്ടുള്ള താരമാണ് മലയാളി താരം സഞ്ജു സാംസൺ. വെടിക്കെട്ട് ഇന്നിങ്‌സുകളിലൂടെ ആരാധകരുടെ കൈയടി നേടിയിട്ടുള്ള താരം ഒന്നിലധികം സെഞ്ച്വറികളും ഐപിഎല്ലിൽ നേടിയിട്ടുണ്ട്. ഒരു ബൗളറുടേയും സ്പീഡിനേയോ, സ്റ്റാറ്റ്‌സുകളേയോ അഗ്രഷനെയോ കൂസാതെ കൂളായി ബാറ്റ് വീശുന്ന, വരുന്നത് വരട്ടെ എന്ന രീതിയിൽ എല്ലാ പന്തും ആക്രമിച്ച് കളിക്കുന്ന താരമായിരുന്നു ദക്ഷിണാഫ്രിക്കയിൽ സെഞ്ച്വറി നേടുമുമ്പുള്ള സഞ്ജു. ഒരർത്ഥത്തിൽ പറഞ്ഞാൽ സഞ്ജുവിന്റെ സ്‌ട്രെംഗ്തും അതായിരുന്നു. ഇതിനെയാണ് സമചിത്തതയോടെ പേളിൽ സഞ്ജു മറികടന്നത്. അത് ഏകദിന ക്രിക്കറ്റിലെ മലയാളിയുടെ ആദ്യ സെഞ്ച്വറിയുമാകുന്നു. ടിനു യോഹന്നാനും ശ്രീശാന്തിനും ശേഷം ഇന്ത്യൻ ഏകദിന ടീമിലെത്തിയ മലയാളി താരം ഇനിയും ഇന്ത്യൻ ടീമിൽ താൻ കളിക്കുമെന്ന് തെളിയിക്കുകയാണ് ഈ സെഞ്ച്വറിയിലൂടെ.
ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന പരമ്പര ജയമാണ് ഏകദിനത്തിൽ സഞ്ജു നൽകുന്നത്. ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനൽ വരെ ജയിച്ച ഇന്ത്യൻ ടീം കലാശ പോരാട്ടത്തിലെ സമ്മർദ്ദത്തിന് മുന്നിൽ ഓസ്‌ട്രേലിയയോട് തോറ്റു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിനത്തിലെ അവസാന മത്സരവും കലാശപോരാട്ട സമാനമായിരുന്നു. ഇവിടെയാണ് സഞ്ജുവിന്റെ ബാറ്റ് ഇന്ത്യയ്ക്ക് അത്ഭുത വിജയം നൽകിയത്. സഞ്ജുവിന്റെ കരുതൽ മാത്രമായിരുന്നു ഇന്ത്യൻ സ്‌കോർ 296ൽ എത്തിച്ചത്. ഇതു തന്നെയാണ് ഇന്ത്യയ്ക്ക് വിജയത്തിന്റെ നെടുതൂണായത്. സമർദ്ദത്തിൽ ഇന്ത്യൻ ബാറ്റിങ് തകർന്നടിയാതെ നോക്കിയ മലയാളി ബാറ്റർ അങ്ങനെ ഏകദിനത്തിൽ മാൻ ഓഫ് ദി മാച്ചുമായി.
അടിച്ചു തകർക്കുന്ന തന്റെ പതിവുശൈലി മാറ്റിവച്ച് ക്ഷമയോടെ ഇന്ത്യൻ ഇന്നിങ്‌സിനെ തോളിലേറ്റിയ സഞ്ജു സാംസണിന്റെ കന്നി സെഞ്ചറിയുടെ (114 പന്തിൽ 108) മികവിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നിർണായകമായ മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് 78 റൺസ് ജയം. പരമ്പര 21നു സ്വന്തം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്യേണ്ടി വന്ന ഇന്ത്യ 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ നേടിയത് 296 റൺസ്. ദക്ഷിണാഫ്രിക്കയുടെ മറുപടി 45.5 ഓവറിൽ 218 റൺസിൽ അവസാനിച്ചു. സഞ്ജുവാണ് പ്ലെയർ ഓഫ് ദ് മാച്ച്. പേസ് ബോളർ അർഷ്ദീപ് സിങ് പ്ലെയർ ഓഫ് ദ് സീരീസ്. 5 വർഷത്തിനു ശേഷമാണ് ദക്ഷിണാഫ്രിക്കൻ മണ്ണിൽ ഇന്ത്യ ഏകദിന പരമ്പര സ്വന്തമാക്കുന്നത്.
മികവുറ്റ പ്രകടനം കാഴ്ചവച്ചിട്ടും ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ നിന്നും പലപ്പോഴും തഴയപ്പെടുന്നതിന്റെ ചർച്ചകൾ സാമൂഹ്യ മാധ്യമങ്ങളിൽ തുടരുമ്പോൾ നിലപാട് വ്യക്തമാക്കി സഞ്ജു സാംസൺ തന്നെ നേരത്തെ രംഗത്തു വന്നിരുന്നു. ഏകദിന ലോകകപ്പ് ടീമിൽ ഇടംനേടാതിരുന്ന സഞ്ജുവിനെ ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി-20 പരമ്പരയിലും ഉൾപ്പെടുത്തിയിരുന്നില്ല. സഞ്ജു ഒഴിവാക്കപ്പെടുന്നതിൽ ഇന്ത്യൻ സെലക്ടർമാർക്ക് എതിരെയടക്കം ആരാധകർ വിമർശനം ഉന്നയിക്കുന്ന പശ്ചാത്തലത്തിലായിരുന്നുസഞ്ജുവിന്റെ പ്രതികരണം. നിർഭാഗ്യവാനാണെന്നും അദ്ദേഹത്തോട് ചെയ്യുന്നത് അനീതിയാണെന്നുമുള്ള അഭിപ്രായങ്ങൾ സഞ്ജു തന്നെ തള്ളിക്കളഞ്ഞു. 'അയ്യോ പാവം സഞ്ജു, ഏറ്റവും നിർഭാഗ്യവാനായ ക്രിക്കറ്റർ എന്നൊക്കെ പറയുന്നതിൽ എനിക്ക് ഒരു താത്പര്യവുമില്ല. ഇതൊക്കെ കേൾക്കുമ്പോൾ ഞാൻ ചിന്തിക്കുന്നത്, ഇപ്പറയുന്നത് എന്ത് വിഡ്ഢിത്തരമാണെന്നാണ്. ഞാൻ എങ്ങനെ നിർഭാഗ്യവാനായ ഒരു ക്രിക്കറ്ററാകും? ഞാൻ കരുതിയതിനേക്കാൾ അപ്പുറത്താണ് ഞാൻ എത്തിനിൽക്കുന്നത്'ഇതായിരുന്നു സഞ്ജു പറഞ്ഞത്.
ഏതായാലും ഏകദിനത്തിലെ ആദ്യ സെഞ്ച്വറി ഇനിയും മുകളിലേക്ക് മലയാളി താരത്തെ കൊണ്ടു പോകും. ക്രിക്കറ്റിലെ ആദ്യ കാലത്തെ കുറിച്ചും കളിയിലെ തന്റെ ഉയർച്ച താഴ്ചകളെ കുറിച്ചും സഞ്ജു തന്നെ സംസാരിച്ചിട്ടുണ്ട്. 'എനിക്ക് പത്തൊൻപതോ ഇരുപതോ വയസുള്ളപ്പോഴാണ് ഞാൻ അരങ്ങേറ്റം കുറിച്ചത്. 25 വയസുള്ളപ്പോൾ വീണ്ടും ഇന്ത്യൻ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇതിനിടയിലെ ആ അഞ്ച് വർഷമായിരുന്നു എന്നെ സംബന്ധിച്ച് ഏറ്റവും ചാലഞ്ചിങ്ങായ വർഷങ്ങൾ. കേരളാ ടീമിൽ നിന്നുപോലും പുറത്താക്കപ്പെട്ടു. തിരിച്ചുവരാൻ സാധിക്കുമോ എന്ന് ഞാൻ എന്നോട് തന്നെ ചോദിച്ചിരുന്നു. ആ അഞ്ച് വർഷങ്ങളിൽ ഞാൻ പെട്ടന്ന് തന്നെ ഔട്ടാകുമായിരുന്നു. അത്തരത്തിൽ ഒരിക്കൽ ഞാൻ പെട്ടന്ന് തന്നെ പുറത്തായപ്പോൾ ഞാൻ ബാറ്റ് വലിച്ചെറിയുകയും സ്റ്റേഡിയം വിട്ടുപോവുകും ചെയ്തിരുന്നു.
കളി നടന്നുകൊണ്ടിരിക്കുമ്പോഴാണ് ഞാൻ സ്റ്റേഡിയം വിട്ടു പോയത്. ക്രിക്കറ്റ് മതിയാക്കി വീട്ടിലേക്ക് തിരിച്ചുപോയാലോ എന്നുപോലും ഞാൻ ചിന്തിച്ചിരുന്നു. ഞാൻ മറൈൻ ഡ്രൈവിലേക്ക് പോയി കടലിലേക്ക് നോക്കിയിരുന്ന് ഒരുപാട് ചിന്തിച്ചു. രണ്ടോ നാലോ മണിക്കൂർ കഴിഞ്ഞ ശേഷമാണ് ഞാൻ മടങ്ങിയത്. അപ്പോഴേക്കും മത്സരം കഴിഞ്ഞിരുന്നു. ഞാൻ എന്റെ ബാറ്റ് എടുത്ത് നോക്കിയപ്പോൾ അത് പൊട്ടിയിരുന്നു എനിക്ക് ഏറെ സങ്കടമായി,' സഞ്ജു പഴയ കാലം പറഞ്ഞത് ഇങ്ങനെയാണ്. ആ ബാറ്റ് പൊട്ടിക്കൽ വാർത്തകളിലെത്തിയത് മറുനാടനിലൂടെയാണ്. അതിന് ശേഷം സഞ്ജു ആളാകെ മാറി. ഇഗോ എടുത്ത് മാറ്റി. കളിയിൽ മാത്രമായി ശ്രദ്ധ. റൺസിന് വേണ്ടിയുള്ള ത്വരയായി. അപ്പോഴും റൺസ് ഉയർത്താനുള്ള ശ്രമങ്ങൾ നിർണ്ണായക നിമിഷങ്ങളിൽ വിക്കറ്റ് വലിച്ചെറിയലായി. അതുകൊണ്ട് തന്നെ ഏകദിന സെഞ്ച്വറി എന്ന സ്വപ്നം അകന്നു പോയി.
2014 അണ്ടർ 19 ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്ന താരമാണ് സഞ്ജു വിശ്വനാഥ് സാംസൺ എന്ന വിഴിഞ്ഞം സ്വദേശി. വിജയ് സോൾ ആയിരുന്നു ക്യാപ്റ്റൻ. അന്ന് ഇന്ത്യ ക്വാർട്ടർ ഫൈനലിൽ പുറത്തായെങ്കിലും ടീമിനായി ലോകകപ്പിൽ ഏറ്റവുമധികം റൺസ് നേടിയ താരമായിരുന്നു സഞ്ജു സാംസൺ. 2012ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പമാണ് സഞ്ജു ഐപിഎൽ യാത്ര ആരംഭിച്ചത്. അക്കൊല്ലം സഞ്ജു കളിച്ചില്ല. അടുത്ത വർഷം രാജസ്ഥാനിൽ. വിക്കറ്റ് കീപ്പർ ദിഷാന്ത് യാഗ്‌നിക്ക് പരുക്കേറ്റ് പുറത്തായപ്പോൾ പഞ്ചാബിനെതിരെ സഞ്ജുവിന് അവസരം ലഭിച്ചു. അതൊരു തുടക്കമായിരുന്നു, പിന്നീട് ലോകത്തിലെ ഏറ്റവും മൂല്യമുള്ള ക്രിക്കറ്റ് ലീഗിലെ ഒരു ഫ്രാഞ്ചൈസിയുടെ നായകനായി സഞ്ജു വളർന്നു. അപ്പോഴും ടീം ഇന്ത്യയ്ക്കായി ഒരു മിന്നും പ്രകടനം ആ ബാറ്റിൽ നിന്നും ദീർഘകാലം അകന്നു നിന്നു. അതിനാണ് ദക്ഷിണാഫ്രിക്കയിൽ പരിഹാരമുണ്ടാകുന്നത്.
കേരള ടീമിൽ നിന്നും പുറത്താകുമെന്ന വേദനയിൽ ബാറ്റ് തല്ലിപ്പൊട്ടിച്ച അതേ മാനസികാവസ്ഥയിലായിരിക്കണം ദക്ഷിണാഫ്രിക്കൻ പരമ്പരയിലെ അവസാന കളിയിലും സഞ്ജു ബാറ്റ് ചെയ്യാനെത്തിയത്. ഇവിടെ പിഴച്ചാൽ തന്നെ ഒരിക്കലും ആരും ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കില്ലെന്ന് സഞ്ജുവിനും അറിയാമായിരുന്നു. അതുകൊണ്ട് തന്നെ എല്ലാ പ്രതിഭയും ബാറ്റിൽ ആവേശിച്ച് കരുതലോടെ സഞ്ജു ആ സെഞ്ച്വറി നേടി.


