- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാൻ ഓഫ് ദ മാച്ച് പുരസ്‌കാരം സന്ദീപിന് നൽകി സഞ്ജു
ജയ്പൂർ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ആദ്യ വിജയം സ്വന്തമാക്കിയിരിക്കുകയാണ് രാജസ്ഥാൻ റോയൽസ്. ക്യാപ്ടൻ സഞ്ജു സാംസൺ മുന്നിൽ നിന്നു നയിച്ചതോടെയാണ് രാജസ്ഥാൻ വിജയം കണ്ടത്. 52 പന്തിൽ 82 റൺസെടുത്ത് പുറത്താകാതെ നിന്ന സഞ്ജുവിന്റെ തകർപ്പൻ ഇന്നിങ്‌സാണ് രാജസ്ഥാനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്.
മത്സര വിജയത്തിന് പിന്നാലെ സഞ്ജുവിനെ തേടി മാൻ ഓഫ് ദ മാച്ച് പുരസ്‌കാരവുമെത്തി. പുരസ്‌കാരം വാങ്ങിയെങ്കിലും അത് സ്വന്തം ക്രെഡിറ്റിൽ വയ്ക്കാൻ മലയാളി താരം കൂട്ടാക്കിയില്ല. പകരം നിർണായക സമയത്തെ പ്രകടനത്തിന് സന്ദീപ് ശർമ്മയ്ക്ക് സഞ്ജു പുരസ്‌കാരം സമ്മാനിക്കുകയായിരുന്നു. സന്ദീപ് ശർമ്മയുടെ മൂന്ന് ഓവറുകൾ ഇല്ലായിരുന്നുവെങ്കിൽ തനിക്ക് മാൻ ഓഫ് ദ മാച്ച് പുരസ്‌കാരം ലഭിക്കില്ലായിരുന്നുവെന്ന് സഞ്ജു പറഞ്ഞു. കഴിവിനേക്കാൾ എതിരാളികളെ സമ്മർദ്ദത്തിലാക്കാനുള്ള തന്ത്രങ്ങൾ സന്ദീപിന് അറിയാം. അത് സന്ദീപിന്റെ ബൗളിംഗിൽ പ്രകടമാണെന്നും സഞ്ജു വ്യക്തമാക്കി.
മത്സരത്തിന്റെ 15-ാം ഓവറിലാണ് സന്ദീപ് ബൗളിംഗിനെത്തുന്നത്. അപ്പോൾ ശക്തമായ നിലയിലായിരുന്നു ലക്‌നൗ. ആദ്യ ഓവറിൽ അഞ്ച് റൺസ് സന്ദീപ് വിട്ടുനൽകി. അടുത്ത ഓവറിൽ ലക്‌നൗ നായകൻ കെ എൽ രാഹുലിനെ സന്ദീപ് പുറത്താക്കി. പിന്നാലെ മത്സരം ലക്‌നൗ കൈവിടുകയായിരുന്നു. ഒരുവശത്ത് നിക്കോളാസ് പൂരാൻ പൊരുതിയെങ്കിലും വിജയത്തിലേക്ക് എത്താൻ സാധിച്ചില്ല. 19-ാം ഓവറിൽ തുടർച്ചയായ യോർക്കറുകൾ എറിഞ്ഞ് ലഖ്‌നൗ താരങ്ങളുടെ സ്‌കോറിങ് നിയന്ത്രിക്കാനും സന്ദീപിന് കഴിഞ്ഞു.