- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകകപ്പിൽ സഞ്ജു ഉണ്ടാകുമോ? അമിത് ഷായുടെ മകൻ നിർണ്ണായകം
മുംബൈ: ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യാപിച്ചേക്കും. മുഖ്യ സെലക്ടർ അജിത് അഗാർകറിന്റെ നേതൃത്വത്തിലുള്ള സംഘം ബി.സി.സിഐ നേതൃത്വവുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. രോഹിത് ശർമ നയിക്കുന്ന ഇന്ത്യൻ ടീമിൽ വിക്കറ്റ് കീപ്പറുടെ റോളിലേക്ക് മലയാളി താരം സഞ്ജു സാംസൺ എത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. എന്നാൽ സഞ്ജുവിന്റെ കാര്യം സെലക്ടർമാർക്ക് മാത്രമായി തീരുമാനിക്കാൻ കഴിയില്ല. ബിസിസിഐ സെക്രട്ടറിയാകും അന്തിമ തീരുമാനം ഇക്കാര്യത്തിൽ എടുക്കുക. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകൻ ജയ് ഷായാണ് ബിസിസിഐയുടെ സെക്രട്ടറി. ജയ് ഷായാകും സഞ്ജുവിന്റെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.
വിക്കറ്റ് കീപ്പറായി സഞ്ജുവിനെ കൂടാതെ ഋഷഭ് പന്ത് , കെ.എൽ രാഹുൽ എന്നിവരെയും പരിഗണിക്കുന്നുണ്ട്. യശസ്വി ജയ്സ്വാൾ, വിരാട് കോഹ്ലി, ജസ്പ്രീത് ബുമ്ര, സൂര്യകുമാർ യാദവ്, മുഹമ്മദ് സിറാജ് എന്നിവരാണ് ഇതുവരെ ടീമിൽ സ്ഥാനം ഉറപ്പിച്ചത്. ക്യാപ്ടനായി രോഹിത് ശർമ്മയും തുടർന്നേക്കും. രോഹിത്തും കോലിയും എത്തിയതാണ് സഞ്ജുവിന് വിനയാകുന്നത്. ഇതോടെ ടീമിൽ സ്‌പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പറുടെ സ്ഥാനത്തേക്ക് മാത്രമേ സഞ്ജുവിനെ പരിഗണിക്കാൻ കഴിയൂവെന്ന സ്ഥിതി വന്നു. ഇന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ സഞ്ജുവാണ്. എന്നാൽ ഋഷഭ് പന്തിനേയും കെ എൽ രാഹുലിനേയും കൈവിടാൻ ബിസിസിഐയ്ക്ക് കഴിയുന്നുമില്ല.
ട്വന്റി ട്വന്റി ക്രിക്കറ്റിന് ഏറ്റവും അനുയോജ്യമാണ് സഞ്ജുവിന്റെ ബാറ്റിങ് എന്ന് ഏവരും അംഗീകരിക്കുന്നു. വിക്കറ്റിന്റെ എല്ലാ വശത്തേക്കും ബൗണ്ടറി നേടാൻ കെൽപ്പുള്ള താരമായി സഞ്ജു മാറി കഴിഞ്ഞു. ഈ ഐപിഎൽ ഇതിനുള്ള സാക്ഷ്യ പത്രമായി. ബാക്ക് ഫൂട്ടിലും നന്നായി കളിക്കുന്നു. അനാവശ്യ ഷോട്ടുകൾക്ക് പിന്നാലെ പോയി വിക്കറ്റ് കളഞ്ഞു കുളിക്കുന്നുമില്ല. വിക്കറ്റിന് പിന്നിലെ പ്രകടനം സമാനതകളില്ലാത്തതും. അതുകൊണ്ട് തന്നെ ലോകകപ്പ് ടീമിൽ അംഗമാകാനുള്ള എല്ലാ യോഗ്യതയും സഞ്ജുവിനുണ്ട്. പ്രകടനത്തിലൂടെയാണ് എല്ലാം തെളിയിച്ചതും.
ജൂൺ ഒന്നുമുതലാണ് ടി20 ലോകകപ്പ് ആരംഭിക്കുന്നത്. സഞ്ജു സാംസൺ ഒന്നാം നമ്പർ വിക്കറ്റ് കീപ്പറായി ഇടം നേടുമെന്ന റിപ്പോർട്ടുകൾ സജീവമാണ്. ഐപിഎല്ലിൽ സഞ്ജുവിന്റെ നേതൃത്വത്തിൽ മികച്ച മുന്നേറ്റമാണ് രാജസ്ഥാൻ റോയൽസ് നടത്തുന്നത്. ഒമ്പത് മത്സരങ്ങൾ പിന്നിട്ടപ്പോൾ തന്നെ എട്ട് വിജയവുമായി പ്‌ളേ ഓഫിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ് ടീം. ക്യാപ്റ്റനെന്നതിനപ്പുറം ഒമ്പത് മത്സരങ്ങളിൽ നിന്ന് 77 റൺസ് ആവറേജിൽ 385 റൺസെടുത്ത് ഐപിഎൽ റൺ വേട്ടയിൽ നാലാമതാണ് സഞ്ജു.161.09 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലുമാണ് സഞ്ജുവിന്റെ ബാറ്റിങ്.
ഐപിഎല്ലിലെ അവസാന കളിയിൽ ചേസിംഗിൽ ഒരു ഘട്ടത്തിൽ പോലും പതറാതെ 33 പന്തിൽ 73 റൺസുമായി രാജസ്ഥാനെ വിജയതീരത്തെത്തിച്ചത് സഞ്ജുവിന്റെ ക്യാപ്ടന്റെ ഇന്നിങ്‌സായിരുന്നു. ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കാനുള്ള ദിവസം അടുത്തുവരെ സഞ്ജുവിന്റെ തുടർച്ചയായുള്ള മികച്ച പ്രകടനങ്ങൾ സെലക്ടർമാർക്ക് തള്ളിക്കളയാനാകില്ലെന്നതാണ് വസ്തുത. സ്പിൻ ബൗളുകളെ നേരിടാനുള്ള പ്രത്യേക കഴിവ് പരിഗണിച്ച് സഞ്ജുവിനെ ടീമിൽ തിരഞ്ഞെടുത്തേക്കുമെന്നാണ് ഇഎസ്‌പിഎൻ റിപ്പോർട്ട് ചെയ്യുന്നത്.
വെസ്റ്റ് ഇൻഡീസിലെയും യുഎസിലെയും പിച്ചുകൾ പൊതുവെ സ്പിന്നർമാർക്ക് അനുകൂലമാണ്. അതുകൊണ്ട് എല്ലാ ടീമുകളും കുറഞ്ഞത് രണ്ട് സ്പിന്നർമാരെയെങ്കിലും ടീമിലെടുത്തേക്കും. സഞ്ജുവിനെ വിക്കറ്റ് കീപ്പറായി ടീമിൽ ഉൾപ്പെടുത്തിയാൽ പന്തിനെ റിസർവ് കീപ്പറായും പരിഗണിച്ചേക്കും. ഐപിഎൽ മത്സരങ്ങളിലെ പ്രകടനങ്ങൾക്ക് മാത്രം കൂടുതൽ പ്രധാന്യം നൽകാതെ അന്താരാഷ്ട്ര ക്രിക്കറ്റിലെ പ്രകടനങ്ങളും സെലക്ടർമാർ പരിഗണിക്കുമെന്നും ഈ റിപ്പോർട്ടിൽ പറയുന്നു.