ചെന്നൈ: ഐപിഎൽ രണ്ടാം ക്വാളിഫയറിൽ സൺറൈസേഴ്സ് ഹൈദാരാബാദിനോട് തോറ്റ രാജസ്ഥാൻ റോയൽസ് ഈ സീസണിലെ മത്സരങ്ങൾ പൂർത്തിയാക്കിയിരിക്കയാണ്. ടീം തോറ്റതിനൊപ്പം സഞ്ജുവിന്റെ പുറത്താകൽ അടക്കം ആരാധകരെ നിരശരാക്കുന്നതായി. ഇപ്പോൾ എന്തുകൊണ്ടാണ് രാജസ്ഥാൻ റോയൽസ് പുറത്താകാൻ ഉണ്ടായ കാരണം എന്ന് വ്യക്തമാക്കുകയാണ് രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസൺ. അവരുടെ സ്പിന്നർമാർക്കെതിരെ നന്നായി കളിക്കാൻ സാധിച്ചില്ലെന്ന് സഞ്ജു സമ്മതിച്ചു.

"വലിയ മത്സരമായിരുന്നിത്. ആദ്യ ഇന്നിങ്‌സിൽ നന്നായി പന്തെറിയാൻ സാധിച്ചതിൽ എനിക്ക് അഭിമാനമുണ്ട്. മധ്യ ഓവറുകളിൽ അവരുടെ സ്പിന്നർമാർക്കെതിരെ ഞങ്ങൾക്ക് ഒരുപാട് ഓപ്ഷനൊന്നുമില്ലായിരുന്നു. അവിടെയാണ് ഞങ്ങൾ കളി തോറ്റത്. അന്തരീക്ഷത്തിൽ എപ്പോഴാണ് കൂടുതൽ ഈർപ്പമുണ്ടാവുകയെന്ന് ഊഹിക്കാൻ പ്രയാസമേറിയ കാര്യമാണ്.

രണ്ടാം ഇന്നിങ്‌സിൽ വിക്കറ്റ് വ്യത്യസ്തമായി പെരുമാറാൻ തുടങ്ങി. പന്ത് അൽപ്പം തിരിയാൻ തുടങ്ങി, അവർ ആ നേട്ടം അവർ നന്നായി ഉപയോഗിച്ചു. ഞങ്ങളുടെ വലംകൈയൻ ബാറ്റ്‌സ്മാന്മാർക്കെതിരെ അവർ നന്നായി പന്തെറിഞ്ഞു. അവരുടെ ഇടംകൈയൻ സ്പിന്നിനെതിരെ കളിക്കാൻ ബുദ്ധിമുട്ടി. ഞങ്ങൾക്ക് കുറച്ചുകൂടി റിവേഴ്സ് സ്വീപ്പ് അല്ലെങ്കിൽ ക്രീസിൽ കുറച്ചുകൂടി പിടിച്ചുനിൽക്കാൻ ശ്രമിക്കാമായിരുന്നു. അവരും നന്നായി പന്തെറിഞ്ഞു." സഞ്ജു പറഞ്ഞു.

ദേശീയ ടീമിന് മികച്ച താരങ്ങളെ സംഭാവന നൽകാനും ഫ്രാഞ്ചൈസിക്ക് സാധിച്ചുവെന്ന സഞ്ജു പറഞ്ഞു. "ഈ സീസണിൽ മാത്രമല്ല, കഴിഞ്ഞ മൂന്ന് വർഷമായി വെല്ലുവിളി ഉയർത്തുന്ന ചില മത്സരങ്ങൾ കളിക്കേണ്ടി വന്നിട്ടുണ്ട്. ദേശീയ ടീമിന് വേണ്ടി മികച്ച പ്രതിഭകളെ കണ്ടെത്താൻ ഫ്രാഞ്ചൈസിക്ക് സാധിച്ചു. റിയാൻ പരാഗ്, ധ്രുവ് ജുറൽ.. രാജസ്ഥാന് മാത്രമല്ല, തീർച്ചയായും ഇന്ത്യൻ ക്രിക്കറ്റ് ടീമിനും വളരെ നേട്ടമുണ്ടാക്കാൻ കെൽപ്പുള്ളവരാണ്. കഴിഞ്ഞ മൂന്ന് വർഷമായി ഞങ്ങൾക്ക് ചില മികച്ച സീസണുകൾ ഉണ്ടായിരുന്നു. സന്ദീപ് ശർമയുടെ കാര്യത്തിൽ എനിക്ക് ഏറെ സന്തോഷമുണ്ട്. ലേലത്തിൽ തിരഞ്ഞെടുക്കപ്പെടാതെ, പകരക്കാരനായി തിരിച്ചെത്തി. കണക്കുകൾ നോക്കുകയാണെങ്കിൽ, കഴിഞ്ഞ രണ്ട് വർഷങ്ങളിൽ സന്ദീപ്, ജസ്പ്രിത് ബുമ്രയ്ക്ക് അടുത്ത നിൽക്കുന്ന ബൗളറാണ്." സഞ്ജു വ്യക്തമാക്കി.