ഗുവാഹതി: ഐപിഎൽ പ്ലേ ഓഫിൽ നേരത്തെ ഇടം ഉറപ്പിച്ചെങ്കിലും വിജയവഴി മറന്നിരിക്കയാണ് മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ്. തുടർച്ചയായ നാലാം തോൽവിയാണ് ഇന്നലെ റോയൽസ് ഗുവാഹത്തിയിൽ ഏറ്റുവാങ്ങിയത്. ടീമിന് മൊത്തത്തിൽ ആത്മവിശ്വാസം നൽകുന്ന ജോസ് ബട്ട്‌ലർ നാട്ടിലേക്ക് മടങ്ങിയത് അടക്കം റോയൽസിനെ ശരിക്കും ബാധിച്ചിട്ടുണ്ട്.

പഞ്ചാബിനെതിരെ അഞ്ചു വിക്കറ്റിനാണ് രാജസ്ഥാൻ വീണത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത രാജസ്ഥാന് ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 144 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 18.5 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് രാജസ്ഥാനെ മറിടകന്നു.

ഒരു ടീം എന്ന നിലയിൽ ഞങ്ങൾക്ക് കളിക്കാൻ കഴിയാത്തതിന്റെ കാരണം കണ്ടെത്തേണ്ടുതെന്നും പ്രതിസന്ധി ഘട്ടങ്ങളിൽ മാച്ച് വിന്നറായി ആരെങ്കിലും ഉയർന്ന് വരേണ്ടതുണ്ടെന്നും നായകൻ സഞ്ജു സാംസൺ മത്സര ശേഷം പ്രതികരിച്ചു.

'തുടർച്ചയായ പാരജയങ്ങളിലൂടെയാണ് ഞങ്ങൾ കടന്നുപോകുന്നത് എന്നതൊരു വസ്തുതയാണ്. ഒരു ടീം എന്ന നിലയിൽ നന്നായി കളിക്കാനാവാത്തത് എന്താണെന്ന് കണ്ടെത്തേണ്ടതുണ്ട്. വ്യക്തിഗതമായി ഒരോ കളിക്കാരും മുന്നേറേണ്ട സമയമാണ്. കളി ഒറ്റക്ക് ജയിപ്പിക്കുന്നതിനുള്ള അഭിനിവേശമാണ് ഉണ്ടാകേണ്ടത്. നിരവധി മാച്ച് വിന്നർമാർ ടീമിലുണ്ട്. കളി അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ, ഒറ്റക്ക് കളി ജയിപ്പിക്കാൻ ആരെങ്കിലും ഒരാൾ മുന്നോട്ട് വന്നേ പറ്റൂ'- സഞ്ജു പറഞ്ഞു.

'മത്സരത്തിൽ ഞങ്ങൾക്ക് കുറച്ചുകൂടി റൺസ് വേണ്ടതായിരുന്നു. ഈ വിക്കറ്റിൽ 140 റൺസല്ല, ഏകദേശം 160 റൺസെങ്കിലും നേടണമായിരുന്നു. അവിടെയാണ് കളി തോറ്റതെന്ന് ഞാൻ കരുതുന്നു.'- സഞ്ജു സാംസൺ കൂട്ടിച്ചേർത്തു.

ഇന്നലെ ആദ്യം ബാറ്റു ചെയ്ത രാജസ്ഥാൻ റോയൽസ് നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 144 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് 18.5 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. 41 പന്തിൽ പുറത്താകാതെ 63 റൺസെടുത്ത നായകൻ സാം കറനാണ് വിജയ ശിൽപി.

ഗുവാഹത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത രാജസ്ഥാൻ കൂട്ടതകർച്ചയാണ് നേരിട്ടത്. 48 റൺസെടുത്ത റിയാൻ പരാഗിന്റെ ചെറുത്തു നിൽപ്പാണ് തരക്കേടില്ലാത്ത സ്‌കോറിലെത്തിച്ചത്. ജോസ് ബട്ട്‌ലറിന്റെ അഭാവത്തിൽ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ബാറ്റർ ടോം കോഹ്ലറിനൊപ്പമാണ് യശസ്വി ജയ്‌സ്വാൾ ഓപൺ ചെയ്തത്. നാല് റൺസെടുത്ത ജയ്‌സ്വാളിനെ ആദ്യ ഓവറിൽ തന്നെ സാം കറൺ മടക്കി.

തുടർന്നെത്തിയ നായകൻ സഞ്ജു സാംസൺ കഴിഞ്ഞ മത്സരത്തിലേതിന് സമാനമായിരുന്നു. താളം കണ്ടെത്താനാവാതെ വിഷമിച്ച സഞ്ജു 15 പന്തിൽ 18 റൺസെടുത്ത് നഥാൻ ഇല്ലിസിന് വിക്കറ്റ് നൽകി മടങ്ങി. പോയിന്റിലേക്ക് ചാടിയടിക്കാനുള്ള ശ്രമം രാഹുൽ ചഹാറിന്റെ കൈകളിൽ അവസാനിച്ചു. 23 പന്തിൽ 18 റൺസെടുത്ത കോഹ്ലർ അടുത്ത ഓവറിലും വീണതോടെ രാജസ്ഥാന്റെ നില പരുങ്ങിലിലായി. രാഹുൽ ചഹാറിന്റെ പന്തിൽ ജിതേഷ് ശർമ പിടിച്ച് പുറത്താക്കുകയായിരുന്നു.

റിയാൻ പരാഗിന്റെ കൂടെ രവിചന്ദ്ര അശ്വിൻ ചേർന്നതോടെ സ്‌കോർ പതിയെ ഉയരാൻ തുടങ്ങി. 13 ഓവറിൽ 92 റൺസിൽ നിൽക്കെ അശ്വിനും മടങ്ങി. 19 പന്തിൽ 28 റൺസെടുത്ത അശ്വിനെ അർഷദീപ് സിങ്ങാണ് പുറത്താക്കിയത്. ധ്രുവ് ജുറേലിനെ (0) നിലയുറപ്പിക്കും മുൻപെ സാം കറൺ മടക്കി. തുടർന്നെത്തിയ റോവ്മാൻ പവൽ (4) രാഹുൽ ചഹാറിനും ഇംപാക്ട് പ്ലെയറായി ഇറങ്ങിയ ഡൊനോവൻ ഫെറീറ (7) ഹർഷൽ പട്ടലേിനും വിക്കറ്റ് നൽകി മടങ്ങി.

തുടരെ തുടരെ വീക്കറ്റ് വീഴുമ്പോഴും ഒറ്റയാൾ പോരാട്ടവുമായി പിടിച്ചു നിന്ന റിയാൻ പരാഗ് അവസാനത്തെ ഓവറിലാണ് വീഴുന്നത്. 34 പന്തിൽ 48 റൺസെടുത്ത പരാഗിനെ ഹർഷർ പട്ടേൽ എൽ.ബിയിൽ കുരുക്കുകയായിരുന്നു. 12 റൺസെടുത്ത ട്രെൻഡ് ബോൾട്ട് ഇന്നിങ്‌സിലെ അവസാന പന്തിൽ റണ്ണൗട്ടായി. മൂന്ന് റൺസുമായി ആവേശ് ഖാൻ പുറത്താകാതെ നിന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് തകർച്ചയോടെയാണ് തുടങ്ങിയത്. ഓപണർ പ്രഭ്‌സിംറാനെ (6) പുറത്താക്കി ട്രെൻഡ് ബോൾട്ട് രാജസ്ഥാന് ആദ്യ വിക്കറ്റ് നൽകി. തുടർന്നെത്തിയ റിലീ റൂസോ തകർത്തടിക്കാൻ ശ്രമിച്ചെങ്കിലും 13 പന്തിൽ 22 റൺസിൽ നിൽകെ ആവേശ് ഖാൻ പുറത്താക്കി. റൺസൊന്നും എടുക്കാതെ ശശാങ്ക് സിങ് മടങ്ങി. ആവേശ് ഖാൻ എൽ.ബിയിൽ കുരുക്കുയായിരുന്നു. 22 പന്തിൽ 14 റൺസെടുത്ത ബെയർ‌സ്റ്റോയെ ചഹൽ പറഞ്ഞയതോടെ പഞ്ചാബ് പരാജയം മണത്തു. എന്നാൽ, കരുതലോടെ നിലയറുപ്പിച്ച നായകൻ സാം കറനും ജിതേഷ് ശർമയും ടീമിനെ കരകയറ്റി. 22 റൺസെടുത്ത ജിതേഷ് ശർമയെ പുറത്താക്കി ചഹൽ വീണ്ടും ഞെട്ടിച്ചു. എന്നാൽ അശുദോഷ് ശർമയെ കൂട്ടുപിടിച്ച് സാം കറൻ ലക്ഷ്യം കണ്ടു. 11 പന്തിൽ 17 റൺസുമായി അശുദോഷ് പുറത്താകാതെ നിന്നു.